കുഞ്ഞാലിക്കുട്ടിയും ഇ.ടിയുംനാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും

കുഞ്ഞാലിക്കുട്ടിയും ഇ.ടിയുംനാളെ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും


രാവിലെ പാണക്കാട്ടെത്തി പ്രാര്‍ത്ഥിക്കും

മലപ്പുറം: മലപ്പുറം ലോകസഭാ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി പി.കെ. കുഞ്ഞാലിക്കുട്ടിയും പൊന്നാനി മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ത്ഥി ഇ.ടി. മുഹമ്മദ് ബഷീറും ഇന്ന് നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കും. രാവിലെ 11നു ഇരുവരും ജില്ലാ കലക്ടറും വരണാധികാരിയുമായ അമിത് മീണക്ക് മുമ്പാകെയാണ് പത്രിക സമര്‍പ്പിക്കുക. യു.ഡി.എഫ് നേതാക്കളോടൊപ്പം പാണക്കാട്ടെത്തി പ്രാര്‍ത്ഥന നടത്തിയ ശേഷമാണ് കലക്ടറേറ്റിലേക്ക് പോവുക.

കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍
ജനജീവിതം താറുമാറാക്കി: കുഞ്ഞാലിക്കുട്ടി

മലപ്പുറം: ജനദ്രോഹ നടപടികളിലൂടെ കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ ജനജീവിതം താറുമാറാക്കിയെന്നും ഇതിനെതിരെയുളള വിധിയെഴുത്താവും പാര്‍ലിമെന്റ് തെരഞ്ഞെടുപ്പെന്നും പി.കെ.കുഞ്ഞാലിക്കുട്ടി പറഞ്ഞു. മൂന്നിയൂര്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷനില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നോട്ടു നിരോധനത്തിലൂടെയും മുന്നൊരുക്കമില്ലാതെ ജി.എസ്.ടി നടപ്പാക്കിയതിലൂടെയും എന്തു നേട്ടമാണ് രാജ്യത്തുണ്ടായതെന്ന് വ്യക്തമാക്കാന്‍ ഇന്നേവരേ നരേന്ദ്ര മോഡിക്ക് ആയിട്ടില്ല. മികച്ച നടനായ മോദിക്ക് മികച്ച ഭരണ കര്‍ത്താവാവാനാവില്ല. വര്‍ഷങ്ങള്‍ക്ക് മുമ്പ് രാജ്യത്തെ ശാസ്ത്രലോകം കൈവരിച്ച നേട്ടങ്ങളാണ് ഭരണ നേട്ടമായി മോദി കൊട്ടിഘോഷിച്ചത്. തുഗ്ലക് പരിഷ്‌ക്കാരം നടപ്പാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്. തൊഴിലവസരങ്ങള്‍ നിഷേധിക്കപ്പെട്ട യുവത മധുര പ്രതികാരത്തിനായി കാത്തിരിക്കുകയാണ്. രാജ്യത്തെ ജനം ഒന്നടങ്കം മാറ്റത്തിനായി കാതോര്‍ക്കുകയാണെന്നും ഈ തെരഞ്ഞെടുപ്പില്‍ രാഹുല്‍ ഗാന്ധി നേതൃത്വം നല്‍കുന്ന ജനാധിപത്യ – മതേതര മുന്നണി അധികാരത്തിലേറുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!