സൗമ്യം, ഹൃദ്യം ഇ.ടിയുടെ യാത്രകള്‍

സൗമ്യം, ഹൃദ്യം ഇ.ടിയുടെ യാത്രകള്‍


കോട്ടക്കല്‍: പൊന്നാനി പാര്‍ലമെന്റ് മണ്ഡലം യു ഡി എഫ് സ്ഥാനാര്‍ഥി ഇ. ടി മുഹമ്മദ് ബഷീര്‍ പ്രചാരണത്തിന്റെ രണ്ടാം ഘട്ടത്തിലേക്ക്. പ്രചാരണത്തെ ഉത്സവ പ്രതീതിയോടെയാണ് അണികള്‍ ഇത്തവണ നെഞ്ചേറ്റിയിരിക്കുന്നത്. തെരഞ്ഞടുപ്പ് ഗോദയില്‍ ഇ. ടിയുടെ പ്രചാരണായുധം ദേശീയ രാഷ്ട്രീയമാണ്. ദേശീയതലത്തില്‍ മതേതര സര്‍ക്കാര്‍ അധികാരത്തില്‍ വരേണ്ടതിന്റെ പ്രാധാന്യത്തില്‍ ഊന്നി നിന്നുള്ള സംസാരം. വിദ്യാര്‍ഥികളോടൊപ്പം ചേരുമ്പോള്‍ കാഴ്ചപ്പാടുകള്‍ പങ്ക് വെക്കുന്ന അധ്യാപകനായി മാറും കേരളത്തിന്റെ മുന്‍വിദ്യാഭ്യാസ വകുപ്പ് മന്ത്രി. തൊഴിലാളി കേന്ദ്രങ്ങളിലെത്തുമ്പോള്‍ മാവൂര്‍ ഗ്വാളിയോര്‍ റയോസിലെ പഴയ തൊഴിലാളി നേതാവിന്റെ പരിചിതഭാവം. വിദ്യാര്‍ഥികളുടെ പ്രിയപ്പെട്ട ബഷീര്‍ക്കയായി മാറും കാമ്പസുകളിലെത്തുമ്പോള്‍ സ്ഥാനാര്‍ഥി. ദേശീയ രാഷ്ട്രീയത്തെ നിരന്തരം നിരീക്ഷിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പാര്‍ലമെന്റിലെ ഇടിമുഴക്കമായ നേതാവിനോടൊപ്പം ഫോട്ടോയെടുക്കാനാണ് ആവേശം. മനുഷ്യാവകാശ ധ്വംസനങ്ങളും, ന്യൂനപക്ഷാവകാശ ലംഘനങ്ങളും ഉണ്ടാകുമ്പോള്‍ വര്‍ധിത വീര്യത്തോടെ ലോക്സഭയില്‍ ഉന്നയിക്കുന്ന നേതാവിനോട് രാഷ്ട്രീയം ചര്‍ച്ച ചെയ്യാനും വിദ്യാര്‍ഥികള്‍ക്ക് കൗതുകം.
ഇന്നലെ തിരൂര്‍ മണ്ഡലത്തിലെ വിവിധ കേന്ദ്രങ്ങളില്‍ ഇ. ടി മുഹമ്മദ് ബഷീര്‍ പര്യടനം നടത്തി. ആതവനാട് ശിഹാബ് തങ്ങള്‍ മെമ്മോറിയല്‍ വനിതാ കോളെജ്, കാട്ടിലങ്ങാടി യതീംഖാന, മലബാര്‍ കോപ്പറേറ്റിവ് ടെക്സ്റ്റയില്‍ ലിമിറ്റഡ്, ബാഫഖി യതീംഖാന, വളാഞ്ചേരി മര്‍ക്കസ്, ബി എഡ് കോളെജ്, വളവന്നൂര്‍ അന്‍സാര്‍ അറബിക് കോളെജ്, ആമിന ഐ ടി സി, പുത്തനത്താണി സി പി എ കോളെജ് എന്നിവ സന്ദര്‍ശിച്ചു. വെട്ടം ആലിന്‍ചുവടില്‍ ഫുട്ബാള്‍ ടൂര്‍ണ്ണമെന്റിലെത്തിയ ഇ. ടി കളിക്കാരുമായും, കാണികളുമായും സൗഹൃദം പങ്കിട്ടു. തുടര്‍ന്ന് തലക്കാട് പുളിയങ്ങാടിയില്‍ പഞ്ചായത്ത് യു ഡി എഫ് കണ്‍വെന്‍ഷനിലും പങ്കെടുത്തു. വൈകീട്ട് കടുങ്ങാത്ത്കുണ്ടില്‍ മണ്ഡലം യു ഡി എഫ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു.
സ്ഥാനാര്‍ഥി ഇന്ന് (ചൊവ്വ) കോട്ടക്കല്‍ മണ്ഡലത്തില്‍ പര്യടനം നടത്തും.

Sharing is caring!