ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവും സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി

ക്രിസ്ത്യന്‍ പള്ളിയും ക്ഷേത്രവും സന്ദര്‍ശിച്ച് കുഞ്ഞാലിക്കുട്ടി


മലപ്പുറം: മലപ്പുറം ലോക്‌സഭ മണ്ഡലം യു.ഡി.എഫ് സ്ഥാനാര്‍ഥി പി.കെ കുഞ്ഞാലിക്കുട്ടി ഇന്ന് മലപ്പുറം നിയോജക മണ്ഡലത്തിലെ വിവിധ പ്രദേശങ്ങള്‍ സന്ദര്‍ശിച്ചു. മലപ്പുറം നഗരസഭ, പൂക്കോട്ടൂര്‍, മൊറയൂര്‍, പുല്‍പറ്റ പഞ്ചായത്തുകളിലെ വിവിധ കേന്ദ്രങ്ങളാണ് സന്ദര്‍ശിച്ചത്. രാവിലെ ഒമ്പത് മണിക്ക് മലപ്പുറം സെന്റ് ജോസഫ് ചര്‍ച്ചിലെത്തി. ഫെറോന വികാരി റവ.ഫാ. ജോസഫ് വര്‍ഗീസ്, അസി. വികാരി ഫാ. ലിന്റോ എന്നിവരുമായി കൂടി കാഴ്ച നടത്തി. വിശ്വാസികളെ കണ്ട് പ്രാര്‍ത്ഥനയും പിന്തുണയും തേടി. ശേഷം മലപ്പുറം ജില്ലയിലെ പുരാതന ക്ഷേത്രങ്ങളിലൊന്നായ ശ്രീ തൃപുരാന്തക ക്ഷേത്രം സന്ദര്‍ശിച്ചു. ക്ഷേത്രം ഭാരവാഹികള്‍ വലിയ സ്വീകരണമാണ് സ്ഥാനാര്‍ത്ഥിക്കായി നല്‍കിയത്. പ്രാര്‍ത്ഥനക്കെത്തിയ വിശ്വാസികളെ കണ്ട് വോട്ടഭ്യാര്‍ത്ഥിച്ചു. 9.30ന് കാളമ്പാടി കോട്ടുമല ഇസ്്‌ലാമിക കോംപ്ലക്‌സിലെത്തി. വിദ്യാര്‍ത്ഥികളും അധ്യാപകരും പ്രിയനേതാവിനൊപ്പം ദീര്‍ഘനേരം ചെലവഴിച്ചു. തുടര്‍ന്ന് നടന്ന പ്രാര്‍ത്ഥനക്ക്് അബ്ദുറഹിമാന്‍ ഫൈസി കടുങ്ങല്ലൂര്‍ നേതൃത്വം നല്‍കി.
10 മണിയോടെ യു.ഡി.എഫിന്റെ പൊന്നാപുരം കോട്ടയായ പൂക്കോട്ടൂരിലെത്തി. വന്‍ വരവേല്‍പ്പാണ് ചരിത്ര ഭൂമിയില്‍ പി.കെ കുഞ്ഞാലിക്കുട്ടിയെ കാത്തിരുന്നത്. വാദ്യഘോഷങ്ങളുടെ അകമ്പടിയോടെ പൂക്കോട്ടൂര്‍ അങ്ങാടിയിലേക്ക് പ്രവേശിച്ച അദ്ദേഹം പൂക്കോട്ടൂരിലെ തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫീസ് ഉദ്ഘാടനം ചെയ്തു. പിന്നീട് പള്ളിപ്പടിയില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും അദ്ദേഹം പങ്കെടുത്തു. ശേഷം 10.30ന് പൂക്കോട്ടൂര്‍ പുല്ലാരയിലെ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനിലും സ്ഥാനാര്‍ഥി പങ്കെടുത്തു.
മൊറയൂര്‍ പഞ്ചായത്തിലെ വാലഞ്ചേരിയിലാണ് പിന്നീട് സ്ഥാനാര്‍ഥി പര്യടനം നടത്തിയത്. യു.ഡി.എഫ് നേതാക്കള്‍, കാരണവന്‍മാര്‍, യുവാക്കള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയവര്‍ പ്രിയ നേതാവിനെ വരവേറ്റു. സ്ഥാനാര്‍ഥിക്കൊപ്പം സെല്‍ഫിയെടുക്കാനും പ്രവര്‍ത്തകര്‍ തിരക്കുകൂട്ടി. എല്ലാവര്‍ക്കും സമയം നല്‍കിയ സ്ഥാനാര്‍ഥി വാലഞ്ചേരി മുസ്്‌ലിം ലീഗ് ഓഫീസില്‍ നടന്ന തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനില്‍ പങ്കെടുത്തു. രാജ്യം പ്രതിസന്ധിയുടെ മുള്‍മുനയില്‍ നില്‍ക്കുന്ന സമയമാണെന്നും ഈ പ്രതിസന്ധിയെ മറികടക്കാന്‍ മുഴുവന്‍ വോട്ടര്‍മാരും യു.ഡി.എഫിനെ പിന്തുണക്കുന്നതിനാവശ്യമായ പ്രചരണ പരിപാടികളുമായി മുന്നോട്ട് പോകണമെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.
പുല്‍പറ്റയുടെ ഹരിതഭൂമിയില്‍ ഉച്ചക്ക് 12 മണിയോടെ പി.കെ കുഞ്ഞാലിക്കുട്ടി എത്തി. പൂക്കൊളത്തൂരിലെ ഒ.പി കുഞ്ഞാപ്പു ഹാജിയുടെ വസതിയില്‍ നടന്ന പഞ്ചായത്തിലെ ബൂത്ത് തല ചെയര്‍മാന്‍, കണ്‍വീനര്‍മാരുടെ യോഗത്തില്‍ പങ്കെടുത്തു. വാര്‍ത്താ മാധ്യമങ്ങള്‍ക്ക് അഭിമുഖം നല്‍കാനും സമയം കണ്ടെത്തി. നിരവധി രോഗികളെ സന്ദര്‍ശിച്ച കുഞ്ഞാലികുട്ടി മണ്ഡലത്തിലെ വിവിധ കല്യാണങ്ങളിലും പങ്കെടുത്തു. വൈകുന്നേരം ഒതുക്കുങ്ങല്‍ പഞ്ചായത്ത് യു.ഡി.എഫ് കണ്‍വെന്‍ഷന്‍, പെരിന്തല്‍മണ്ണ, മങ്കട നിയോജക മണ്ഡലം യു.ഡി.എഫ് കണ്‍വെന്‍ഷനുകളിലും പങ്കെടുത്തു. പി. ഉബൈദുല്ല എം.എല്‍.എ, ടി.വി ഇബ്രാഹീം എം.എല്‍.എ, യു.ഡി.എഫ് ചെയര്‍മാന്‍ വീക്ഷണം മുഹമ്മദ്, ജനറല്‍ കണ്‍വീനര്‍ വി. മുസ്തഫ, പി.സി വേലായുധന്‍കുട്ടി, സക്കീര്‍ പുല്ലാര, പി. ബീരാന്‍കുട്ടി ഹാജി, ഇ. അബൂബക്കര്‍ ഹാജി, എ.എം കുഞ്ഞാന്‍, പി.എ സലാം, ബി. ബാബു മാസ്റ്റര്‍, കെ.എം ഗിരിജ, എം.സത്യന്‍, ഹരിദാസ് പുല്‍പറ്റ, റിയാസ് പുല്‍പറ്റ, അഷ്‌റഫ് പാറച്ചോടന്‍, കെ. ഫാരിസ് സ്ഥാനാര്‍ത്ഥിയെ അനുഗമിച്ചു.

Sharing is caring!