ചാകരയുടെ ആരവങ്ങള്‍ക്കിടയില്‍ ഇ. ടിയുടെ പര്യടനം

ചാകരയുടെ ആരവങ്ങള്‍ക്കിടയില്‍ ഇ. ടിയുടെ പര്യടനം

കോട്ടക്കല്‍: പൊന്നാനി കടപ്പുറത്ത് രാവിലെ എട്ട് മണിയോടെ ലോക്സഭ മണ്ഡലം യു. ഡി. എഫ് സ്ഥാനാര്‍ത്ഥി ഇ.ടി മുഹമ്മദ് ബഷീര്‍ പര്യടനം ആരംഭിക്കുമ്പോള്‍ കടപ്പുറത്ത് പതിവില്‍ കവിഞ്ഞ തിരക്കുണ്ടായിരുന്നു. മത്സ്യബന്ധനം കഴിഞ്ഞ് കരയിലെത്തിയ തൊഴിലാളികളും, മത്സ്യം ലേലത്തില്‍ പങ്കെടുക്കാനും, വില്‍പ്പനക്കായി കൊണ്ടുപോകാനുമെത്തിയ മത്സ്യ വില്‍പനക്കാരും അനുബന്ധ തൊഴിലാളികളും നിറഞ്ഞ പൊന്നാനി പാതാറില്‍ ഇന്നലെ ചെമ്മീന്‍ ചാകരയുടെ ആരവം കൂടിയുണ്ടായിരുന്നു. കാഴ്ചക്കാരും മത്സ്യം വാങ്ങാനെത്തിയവരും വേറെ. പതിവില്‍ക്കവിഞ്ഞ ആള്‍ക്കൂട്ടം. തൊഴിലാളികള്‍ക്കിടയില്‍ സംസാരിച്ചും ഫോട്ടോ എടുത്തും മത്സ്യമേഖലയിലെ സ്ഥിതിഗതികള്‍ ചോദിച്ചറിഞ്ഞും കുറച്ചു സമയം. ചെറുപ്പക്കാരായ ചിലര്‍ക്ക് ഇ ടി യെ പിടക്കുന്ന മീന്‍ കാണിക്കാന്‍ തിടുക്കം. മീന്‍ ചാപ്പകളിലും കയറിയിറങ്ങി.
നാട്ടുതാലപ്പൊലി ഉത്സവത്തിന് കൊടിയേറിയ പൊന്നാനി കോട്ടത്തറയിലെ കണ്ടകുറുമ്പക്കാവ് ക്ഷേത്രത്തിലും പരിസരത്തും സന്ദര്‍ശിച്ചു. പൊന്നാനി വിജയമാതാ കോണ്‍വെന്റിലുമെത്തി. മണ്‍ പാത്രങ്ങള്‍ നിര്‍മ്മിക്കുന്ന പരമ്പരാഗത തൊഴിലാളികള്‍ താമസിക്കുന്ന പൊന്നാനിയിലെ കുംഭാരന്‍ കോളനിയിലും എളിമയോടെ സ്ഥാനാര്‍ത്ഥി എത്തി. പ്രായം ഉള്ളവരെയും ചെറുപ്പക്കാരെയും ഒരുപോലെ പരിഗണിച്ച് അവരുടെ ആദരവുകള്‍ ഏറ്റുവാങ്ങി യാത്ര മുന്നോട്ട്.
തുടര്‍ന്ന് നഗരത്തിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പുതുതലമുറയുമായി ആശയങ്ങള്‍ പങ്കിട്ടു. പൊന്നാനി എംഇഎസ് കോളേജിലെത്തിയ ഇ. ടിയെ വിദ്യാര്‍ഥികള്‍ പ്രകടനമായാണ് കാമ്പസിലേക്ക് ആനയിച്ചത്. കാമ്പസില്‍ എം എസ് എഫിന്റെ ‘പറവകള്‍ക്കൊരു തണ്ണീര്‍കുടം’ ഉദ്ഘാടനം ചെയ്തു. ചര്‍ച്ചകളും, ഉപദേശങ്ങളുമായി അല്‍പനേരം. പൊന്നാനി സ്‌കോളര്‍ കോളേജ്, ഐ എസ് എസ് സ്‌കൂള്‍, പ്രസിഡന്‍സി കോളേജ്, പുതുപൊന്നാനി എംഐ അറബിക് കോളേജ്, ബിഎഡ് കോളേജ് എന്നിവടങ്ങളിലും സന്ദര്‍ശിച്ചു.

പൗരപ്രമുഖരെയും, കിടപ്പിലായവരെയും വീടുകളില്‍ ചെന്ന് സന്ദര്‍ശിച്ചു. തുടര്‍ന്ന് സ്ഥാനാര്‍ഥി മാറഞ്ചേരി കാഞ്ഞിരമുക്കിലെ കുടുംബശ്രീ യോഗത്തിലും പങ്കെടുത്തു. തൃക്കാവ് പി. സി. സി സൊസൈറ്റിയില്‍ നടന്ന കോണ്‍ഗ്രസ് കൗണ്‍സിലര്‍മാരുടെ യോഗത്തിലും സംബന്ധിച്ചു. വെളിയങ്കോട്, ആലങ്കോട് പഞ്ചായത്തുകളിലും സ്ഥാനാര്‍ഥി എത്തി. വൈകീട്ട് തൃത്താലയിലെ റോഡ് ഷോയിലും പങ്കെടുത്തു.
സി.ഹരിദാസ്, സയ്യിദ് അഹ്മദ് ബാഫഖി തങ്ങള്‍, വി.പി. ഹുസൈന്‍ കോയ തങ്ങള്‍, വി.സെയ്ത് മുഹമ്മദ് തങ്ങള്‍, ഷാനവാസ് വട്ടത്തൂര്‍, എം .മൊയ്തീന്‍ ബാവ, എം. അബ്ദുല്ലത്തീഫ്, പുന്നക്കല്‍ സുരേഷ്, എം. പി. നിസാര്‍, ഉണ്ണികൃഷ്ണന്‍ പൊന്നാനി, വി.പി. സുരേഷ്, യു. മുനീബ്, കെ.പി. അബ്ദുല്‍ ജബ്ബാര്‍, എം.എ. ഹസീബ്, ശ്രീജിത്ത് മാറഞ്ചേരി, പി.പി. യൂസുഫലി തുടങ്ങിയവര്‍ ഇ.ടിക്കൊപ്പമുണ്ടായിരുന്നു.

Sharing is caring!