തൊപ്പി ധരിച്ചതിന് പാണക്കാട് തങ്ങള്‍ക്കെതിരെ ഇലക്ടറല്‍ ഓഫിസര്‍ക്കു പരാതി

തൊപ്പി ധരിച്ചതിന്  പാണക്കാട് തങ്ങള്‍ക്കെതിരെ ഇലക്ടറല്‍ ഓഫിസര്‍ക്കു പരാതി

മലപ്പുറം: കോഴിക്കോട് കടപ്പുറത്ത് കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി പങ്കെടുത്ത യു.ഡി.എഫിന്റെ പ്രചാരണ പരിപാടിയില്‍ തൊപ്പി ധരിച്ചെത്തിയ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷനും പാര്‍ട്ടിയുടെ രാഷ്ട്രീയകാര്യസമിതി മേധാവിയുമായ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളുടെ നടപടിക്കെതിരെ ഇലക്ടറല്‍ ഓഫിസര്‍ക്കു പരാതി.

തന്റെ പതിവ് വേഷത്തിന്റെ ഭാഗമായുള്ള കറുത്ത തൊപ്പി ധരിച്ചു മാത്രം കാണാറുള്ള ഹൈദരലി ശിഹാബ് തങ്ങളുടെ നടപടി പക്ഷേ തെരഞ്ഞെടുപ്പ് പെരുമാറ്റചട്ടത്തിന്റെ ലംഘനമാണെന്നാണ് പരാതിക്കാരന്റെ ആരോപണം. റാവുത്തര്‍ അസോസിയേഷന്‍ നേതാവ് പി.എം ഷാജഹാനാണ് ഈ വിചിത്ര പരാതിക്കാരന്‍. തെരഞ്ഞെടുപ്പ് പ്രചാരണപരിപാടിയില്‍ പാണക്കാട് തങ്ങള്‍ മതാചാരപ്രകാരമുള്ള തൊപ്പി ധരിച്ച് എത്തിയത് തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമാണെന്ന് പരാതിക്കാരന്‍ ബോധിപ്പിച്ചു. സംഭവത്തില്‍ പാണക്കാട് ശിഹാബ് തങ്ങളും രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള അന്‍പതോളം കോണ്‍ഗ്രസ്- ലീഗ് നേതാക്കള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നാണ് ഷാജഹാന്‍ മുഖ്യ ഇലക്ടറല്‍ ഓഫിസര്‍ക്ക് നല്‍കിയ കത്തില്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

പരാതിയില്‍ പറയുന്നത്:

പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ കേരളത്തിലെ പ്രമുഖ മുസ്ലിം മതസംഘടനയായ സമസ്തകേരള ഇസ്ലാമത ബോര്‍ഡിന്റെ സെക്രട്ടറിയും സുന്നി മഹല്‍ ഫെഡറേഷന്റെ പ്രസിഡന്റും വടക്കന്‍ കേരളത്തിലെ പ്രമുഖ മുസ്ലി പണ്ഡിതനും കക്ഷിരാഷ്ട്രീയ ഭേദമില്ലാതെ സാധാരണക്കാരായ പൊതുജനങ്ങളുടെ ഇഷ്ടപ്പെട്ട ആളുമാണ്. ആയിരക്കണക്കിന് ആളുകള്‍ പങ്കെടുത്ത ചടങ്ങില്‍ മുസ്ലിം മതാചാര പ്രകാരം നമസ്‌കാരത്തിനും മറ്റു പ്രാര്‍ത്ഥനകള്‍ക്കുമായി ഉപയോഗിച്ചു വരാറുള്ള ഇസ്ലാം മതചിഹ്നമായ തൊപ്പി തലയില്‍ അണിഞ്ഞ് പാണക്കാട് തങ്ങള്‍ പങ്കെടുത്തത് മിക്ക മാധ്യമങ്ങളിലും ഫോട്ടോ സഹിതം വന്നിരുന്നു. കേരളത്തിലെ 25 ശതമാനത്തില്‍ അധികം വരുന്ന ന്യൂനപക്ഷ വിഭാഗങ്ങളുടെ വോട്ട് ഉറപ്പിച്ചുനിര്‍ത്താനായാണ് സമുദായത്തിലെ നേതൃനിരയില്‍ നില്‍ക്കുന്ന ആളുകളെ ഉപയോഗപ്പെടുത്തുന്നത്. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് നടത്തിയ പ്രസ്തുത സമ്മേളനം കേരളത്തിലെ ഒട്ടാകെയുള്ള ഒരു പ്രത്യേക വിഭാഗത്തെ സ്വാധീനിക്കുക എന്ന ലക്ഷ്യത്തോടെ മാത്രം നടത്തിയതാണ്. അതിനാല്‍ പ്രസ്തുത പരിപാടി മതചിഹ്നങ്ങള്‍ ഉപയോഗിച്ച് നടത്തിയത് തെരഞ്ഞെടുപ്പ് ചട്ടലംഘനമാണ്. ഈ സാഹചര്യത്തില്‍ പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍, രാഹുല്‍ ഗാന്ധി, പി.കെ കുഞ്ഞാലിക്കുട്ടി തുടങ്ങിയവരടക്കം 50തോളം നേതാക്കള്‍ തിരഞ്ഞെടുപ്പ് ചട്ട ലംഘനം നടത്തുകയുണ്ടായെന്നും അവര്‍ക്കെതിരെ നടപടി വേണമെന്നുമാണ് ഷാജഹാന്റെ ആവശ്യം.

Sharing is caring!