അന്ന് ബാപ്പയെങ്കില്‍ ഇന്ന് മകന്‍; പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ താന്‍ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യനീതിയെന്ന് വി പി സാനു

അന്ന് ബാപ്പയെങ്കില്‍ ഇന്ന് മകന്‍;  പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ  താന്‍ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ  കാവ്യനീതിയെന്ന് വി പി സാനു

മലപ്പുറം: മലപ്പുറത്തിന്റെ ചരിത്രം ഇത്തവണ മറ്റൊന്നായിരിക്കും. രാജ്യത്തിന്റെ ഗതിനിർണയിക്കുന്ന തെരഞ്ഞെടുപ്പിൽ മകൻ ജനവിധിതേടുന്നതിൽ അതിയായ സന്തോഷത്തിലാണ‌് സാ​നു​വിന്റെ പി​താ​വും സിപിഎം ജി​ല്ല സെക്രട്ടറിയേറ്റ്‌ അം​ഗ​വു​മാ​യ വിപി സ​ക്ക​രി​യ്യ. മു​സ്​​ലിം ലീ​ഗ്​ അ​ഖി​ലേ​ന്ത്യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യും സി​റ്റി​ങ്​ എം​പി​യു​മാ​യ പികെ കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രെ വി പി സാ​നു ക​ന്നി അ​ങ്ക​ത്തി​നി​റ​ങ്ങു​ന്ന​ത്​ വ​ർ​ഷ​ങ്ങ​ൾ​ക്കു​​ മു​മ്പ്​ മ​ത്സ​രി​ച്ച പിതാ​വിന്റെ പാ​ത പി​ന്തു​ട​ർ​ന്ന്. 1991ൽ വി പി സ​ക്ക​രി​യ്യ ആ​ദ്യ​മാ​യി ക​ള​ത്തി​ലി​റ​ങ്ങി​യ​പ്പോ​ഴും എ​തി​രാ​ളി കു​ഞ്ഞാ​ലി​ക്കു​ട്ടി​യാ​യി​രു​ന്നു.

കു​ഞ്ഞാ​ലി​ക്കു​ട്ടി കു​റ്റി​പ്പു​റം നി​യ​മ​സ​ഭ മ​ണ്ഡ​ല​ത്തി​ൽ ജ​ന​വി​ധി തേ​ടി​യ​പ്പോ​ഴാ​യി​രു​ന്നു വി പി സ​ക്ക​രി​യ്യ​ എതിരാളിയായ​ത്. 22536 ​വോട്ടിന്റെ ഭൂ​രി​പ​ക്ഷ​ത്തി​നാ​ണ്​ അ​ന്ന്​ കു​ഞ്ഞാ​ലി​ക്കു​ട്ടി ജ​യി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കി​പ്പു​റം മകൻ മത്സരത്തിന‌് ഇറങ്ങുമ്പോൾ ദീർഘകാലം എസ‌്എഫ‌്ഐയുടെയും ബാലസംഘത്തിന്റെയും ജില്ലാ ഭാരവാഹിയായിരുന്ന സാനുവിന‌് മുഖവുരയുടെയോ, പരിചയപ്പെടുത്തലിന്റെയോ ആവശ്യം തെല്ലുമില്ല. ആ​ദ്യ മത്സരം കു​ഞ്ഞാ​ലി​ക്കു​ട്ടി​ക്കെ​തി​രാ​യി എ​ന്ന യാ​ദൃ​ച്ഛി​ക​ത കൂ​ടി​യാ​ണ്​ ഈ ​തെ​ര​ഞ്ഞെ​ടു​പ്പ്.​ വിജയം ആർക്കാണെന്ന്​ അറിയാനുള്ള കാത്തിരിപ്പാണ‌് മലപ്പുറത്ത‌്.

താന്‍ മത്സരിച്ചപ്പോഴും, തന്റെ മകന്‍ മത്സരിക്കുമ്പോഴും മുസ്‌ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി കുഞ്ഞാലിക്കുട്ടി തന്നെയാണെന്നും ഇത് മുസ്‌ലിം ലീഗിന്റെ അപചയമാണെന്നും സക്കരിയ പറയുന്നു. ഇനി സാനുവിന്റെ മകന്‍ മത്സരിച്ചാലും മുസ്‌ലിം ലീഗ് കുഞ്ഞാലിക്കുട്ടിയെ മാത്രമേ മത്സരിപ്പിക്കൂ എന്ന് സംശയിക്കേണ്ടിയിരിക്കുന്നതായും അദ്ദേഹം പരിഹസിച്ചു.

മലപ്പുറത്ത് തന്റെ പിതാവ് മത്സരിച്ച കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കേണ്ടി വന്നത് ചരിത്രത്തിന്റെ കാവ്യ നീതിയാണെന്നായിരുന്നു വി പി സാനുവിന്റെ പ്രതികരണം. കുഞ്ഞാലിക്കുട്ടിക്കെതിരെ മത്സരിക്കുമ്പോള്‍ സിപിഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗമായിരുന്നു സക്കരിയ. എസ്എഫ്ഐയുടെ അഖിലേന്ത്യാ പ്രസിഡന്റ് ആയിരുന്ന വിപി സാനു വിദ്യാര്‍ത്ഥി രാഷ്ട്രീയത്തിലൂടെയാണ് കടന്നു വന്നത്.

ശനിയാഴ‌്ച സ്ഥാനാർഥി പ്രഖ്യാപനവേളയിൽ പെരിന്തൽമണ്ണ, മങ്കട മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളിൽ നാട്ടുകാരണവന്മാരെ സന്ദർശിക്കുന്ന തിരക്കിലായിരുന്നു സാനു. ശനിയാഴ‌്ച സഹകരണ സ്ഥാപനങ്ങളിലും വർഗബഹുജന സംഘടനാ സമ്മേളന സ്ഥലങ്ങളിലുമെത്തി പരിചയംപുതുക്കി.

Sharing is caring!