കെ.ടി ജലീലിനോട് നജീബ് കാന്തപുരം കൂലിയെഴുത്തിനുള്ള പാരിതോഷികങ്ങള്‍ക്ക് അധിക കാലത്തെ ആയുസ്സ് ഇനിയില്ലെന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവുമെന്ന്

മലപ്പുറം: നട്ടാല്‍ മുളക്കാത്ത നുണകള്‍ കൊണ്ട് കെ.ടി ജലീല്‍ മുസ്ലിം ലീഗിനെതിരെ അഭ്യാസം തുടങ്ങിയിട്ട് നാളേറെയായെന്ന് യൂത്ത്ലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ്് നജീബ് കാന്തപുരം, മുസ്ലിം ലീഗ് നേതാക്കളെ വ്യത്യസ്ത കള്ളികളിലാക്കി ആക്രമിച്ചാല്‍ പാര്‍ട്ടി പ്രവര്‍ത്തകരെ അങ്കലാപ്പിലാക്കാമെന്നാണ് ജലീലിന്റെ വ്യാമോഹം. ഇപ്പോള്‍ മലപ്പുറത്ത് തമ്പടിച്ച് കഥകള്‍ മെനയുകയും ആ കഥകള്‍ കൊണ്ട് സി.പി.എം നേതാക്കളുടെ കയ്യടി നേടാമെന്നും കരുതുന്ന ജലീല്‍ ഇപ്പോഴും മുസ്ലിം ലീഗിനെ മനസ്സിലാക്കിയിട്ടില്ലെന്നതാണ് വസ്തുത.
അഹമ്മദ് സാഹിബ് ജീവിച്ചിരുന്നപ്പോള്‍ അദ്ദേഹത്തെ പരിഹസിച്ച ജലീല്‍ ഇപ്പോള്‍ അദ്ദേഹത്തെ കൊച്ചാക്കാന്‍ നടത്തുന്ന പാഴ്വേല ബുദ്ധിയുള്ളവര്‍ക്ക് തിരിച്ചറിയാനാവും. പാണക്കാട് കുടുംബത്തെയും സമസ്ത നേതാക്കളെയും തരാതരം അവഹേളിക്കുകയും കുഞ്ഞാലിക്കുട്ടി സാഹിബിനെ വാനോളം പുകഴ്ത്തുകയും ചെയ്ത ജലീലിന്റെ ഈ കരണം മറിച്ചില്‍ വലിയ തമാശയാണ്.
മുസ്ലിം ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തിന്റെ അവസാന വാക്ക് എന്നും പാണക്കാട് തങ്ങളാണ്. തെരെഞ്ഞെടുപ്പ് കാലത്ത് സ്ഥാനാര്‍ത്ഥി ആരാവണമെന്ന കാര്യത്തില്‍ വ്യത്യസ്തമായ അഭിപ്രായങ്ങള്‍ സ്വാഭാവികമാണ്. ഈ അഭിപ്രായങ്ങളെല്ലാം ക്രോഡീകരിച്ച് അതിലൊരു അന്തിമ തീരുമാനമെടുക്കാന്‍ കെല്‍പ്പുള്ളത് കൊണ്ട് തന്നെയാണ് പാണക്കാട് നിന്ന് വരുന്ന അന്തിമ തീരുമാനങ്ങള്‍ പ്രവര്‍ത്തകരും നേതാക്കളും പൂര്‍ണ്ണ മനസ്സോടെ അംഗീകരിക്കുന്നത്. ഇന്ന് വരെ ആ സ്ഥാനാര്‍ത്ഥി നിര്ണ്ണയങ്ങള്ക്കെതിരെ പ്രതിഷേധമുയരാത്തത് പാണക്കാട് കുടുംബത്തിന്റെ നീതി ബോധം കൊണ്ട് തന്നെയാണ്.
ഇ. അഹമ്മദ് സാഹിബിനെ പോലെ ലോകത്തിന് മുന്നില്‍ ഇന്ത്യയുടെ അഭിമാനമായി നിന്ന ഒരു നേതാവിനെ മുസ്ലിം ലീഗ് മത്സര രംഗത്ത് നിന്ന് മാറ്റി നിര്‍ത്താന്‍ ശ്രമം നടന്നുവെന്ന കണ്ടെത്തല്‍ ജലീലിന്റെ മനോവൈകല്ല്യം മാത്രമാണ്. പിണറായിയെയും അച്യുതാനന്ദനെയും കണ്ട് ശീലിച്ചും ആ കുതികാല് വെട്ടുകളുടെ രഹസ്യങ്ങളറിഞ്ഞും ജലീല്‍ പടച്ചുണ്ടാക്കുന്ന കഥകള്‍ക്ക് അല്‍പ്പായുസ്സേ കാണൂ.
അന്ന് അഹമ്മദ് സാഹിബിനെ സ്ഥാനാര്‍ത്ഥിയാക്കിയതും ഇപ്പോള്‍ കുഞ്ഞാലിക്കുട്ടി സാഹിബിനെ സ്ഥാനാര്‍ത്ഥിയാക്കിയതും പാണക്കാട്ട് നിന്ന് തന്നെയാണ്. ജലീല്‍ ഇപ്പോള്‍ ആരോപിക്കുന്ന കളികളാണ് നടന്നതെങ്കില്‍ രണ്ട് തെരെഞ്ഞെടുപ്പുകളിലും മത്സരിക്കുക മറ്റ് ചിലരായിരുന്നല്ലോ.
ശരിയായ തീരുമാനങ്ങള്‍ മാത്രം കൈക്കൊള്ളാന്‍ ശീലിച്ചത് കൊണ്ട് തന്നെയാണ് പാണക്കാട്ട് നിന്ന് വരുന്ന അന്തിമ വാക്കുകള്‍ അണികള്‍ ശിരസ്സേറ്റുന്നത്.
ഓരോ കാലത്തും മുസ്ലിം ലീഗിന്റെ അഭിമാനം വാനോളമുയര്‍ത്താന്‍ പ്രാപ്തരായ ഓരോ നേതാക്കള്‍ ഉയര്‍ന്ന് വന്നിട്ടുണ്ട്. ഇനിയും ആ കണ്ണി അറ്റുപോകാതെ തുടരും. ജലീല്‍ എന്ത് ദിവാസ്വപ്നം കണ്ടാലും മുസ്ലിം ലീഗിന്റെ പച്ചക്കൊടി കുഴിച്ചു മൂടാനാവില്ല. ജലീലിനേക്കാള്‍ വലിയ കേമന്മാര് വന്നിട്ടും ലീഗ് ഒലിച്ചു പോകാതിരുന്നത് ഈ പാര്‍ട്ടി ഉയര്‍ത്തിപ്പിടിക്കുന്ന സത്യം കൊണ്ടാണ്.
പി.കെ കുഞ്ഞാലിക്കുട്ടി സാഹിബും ഇ.ടി മുഹമ്മദ് ബഷീര്‍ സാഹിബും കെ.പി.എ മജീദ് സാഹിബും പി.വി.അബ്ദുല്‍ വഹാബ് സാഹിബും മുനീര്‍ സാഹിബുമടക്കം ഒരു വലിയ നേതൃ നിര ഈ പാര്‍ട്ടിയുടെ ഓരോ പില്ലറുകളാണ്. ഓരോരുത്തരും പാര്‍ട്ടിക്ക് നല്കുന്ന വേറിട്ട സംഭാവനകള്‍ കൂടിച്ചേരുമ്പോഴാണ് ഈ പാര്‍ട്ടി അജയ്യമാകുന്നത്. അതില്‍ നിന്ന് ഓരോരുത്തരെ അടര്‍ത്തിയെടുത്ത് ആക്രമിക്കുന്നത് കുറുക്കന്റെ കൗശലമാണ്. മറ്റേത് പാര്‍ട്ടികളെക്കാളും അഭിമാനിക്കാവുന്ന നേതൃ ധന്യത ഞങ്ങള്‍ക്കുണ്ട്. പാണക്കാട്ട് നിന്ന് റൈറ്റ് പറഞ്ഞാല്‍ വലത്തോട്ടും ലെഫ്റ്റ് പറഞ്ഞാല്‍ ഇടത്തോട്ടും ചലിക്കുന്ന പാര്‍ട്ടിയെ ചുരുട്ടിക്കൂട്ടിക്കളയാമെന്ന് കരുതുന്ന ജലീല്‍, കൂലിയെഴുത്തിനുള്ള പാരിതോഷികങ്ങള്‍ക്ക് അധിക കാലത്തെ ആയുസ്സ് ഇനിയില്ലെന്ന് തിരിച്ചറിഞ്ഞാല്‍ നന്നാവുമെന്നും നജീബ് കാന്തപുരം പറഞ്ഞു.
RECENT NEWS

പാതിവില ഓഫർ അഴിമതി; നജീബ് കാന്തപുരത്തിനെതിരെ ഗുരുതര ആരോപണവുമായി സി പി എം
വിഷയത്തിൽ ഡി വൈ എഫ് ഐ നാളെ എം എൽ എ ഓഫിസിലേക്ക് പ്രതിഷേധ പ്രകടനം നടത്തും