ഇ. അഹമ്മദിനെ കുഞ്ഞാലിക്കുട്ടി പാരവെച്ചു തങ്ങള്‍മാരുടെ കാലുപിടിച്ചാണ് കുഞ്ഞാലിക്കുട്ടി മലപ്പത്ത് സീറ്റ് ഒപ്പിച്ചതെന്നും ജലീല്‍

ഇ. അഹമ്മദിനെ കുഞ്ഞാലിക്കുട്ടി പാരവെച്ചു തങ്ങള്‍മാരുടെ കാലുപിടിച്ചാണ് കുഞ്ഞാലിക്കുട്ടി മലപ്പത്ത് സീറ്റ് ഒപ്പിച്ചതെന്നും ജലീല്‍

മലപ്പുറം: ചിലതൊക്കെ നടക്കുമെന്ന് പ്രതീതി ജനിപ്പിച്ചെങ്കിലും ലീഗിന്റെ സ്ഥാനാര്‍ത്ഥി നിര്‍ണയം പതിവുപോലെ പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി പര്യവസാനിച്ചിരിക്കുന്നതായി മന്ത്രി കെ.ടി ജലീല്‍. 2014 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിന്റെ കാലം. അഹമ്മദ് സാഹിബിന്റെ സ്ഥാനാര്‍ത്ഥിത്വം തുലാസില്‍ തൂങ്ങുകയാണ്. പ്രായാധിക്യം പറഞ്ഞ് ലീഗിന്റെ അഖിലേന്ത്യാ പ്രസിഡണ്ടിനെ മല്‍സരിപ്പിക്കാതിരിക്കാന്‍ അരയും തലയും മുറുക്കി രംഗത്തുണ്ടായിരുന്നത് കുഞ്ഞാലിക്കുട്ടി. സംസ്ഥാന രാഷ്ട്രീയത്തില്‍ തന്റെ തിരിച്ചുവരവ് ഗംഭീരമാക്കി മന്ത്രിയായി കുഞ്ഞാപ്പ വിലസുന്ന കാലം. ലീഗിന്റെ സംഘടനാ സംവിധാനം മുഴുവന്‍ അദ്ദേഹത്തിന്റെ കൈപ്പിടിയില്‍. മലപ്പുറം മണ്ഡലത്തിലെ മുഴുവന്‍ മണ്ഡലം പഞ്ചായത്ത് ലീഗ് ഭാരവാഹികളെയും പാണക്കാട്ടേക്കയച്ച് അഹമ്മദ് സാഹിബിനെ മാറ്റി നിര്‍ത്തണമെന്ന് കട്ടായം പറയിപ്പിച്ചു. ഹൈദരലി ശിഹാബ് തങ്ങള്‍ കുറച്ചു സമയത്തേക്കെങ്കിലും ആശയക്കുഴപ്പത്തിലായ മണിക്കൂറുകള്‍. രണ്ടും കല്‍പിച്ച് പി.വി. അബ്ദുല്‍ വഹാബ് രംഗത്തെത്തി. അഹമ്മദ് സാഹിബിനെ മത്സരിപ്പിച്ചില്ലെങ്കില്‍ വയനാട്ടില്‍ ഇടതു സ്വതന്ത്രനാകുമെന്ന ഭീഷണി അവസാനം ഫലം കണ്ടു. ഹൈദരലി തങ്ങള്‍ ആഗ്രഹിച്ചത് തര്‍ക്കവിതര്‍ക്കങ്ങള്‍ക്കൊടുവില്‍ നടപ്പിലായി. ചരിത്രത്തിലെ ഏറ്റവും വലിയ ഭൂരിപക്ഷത്തിന് ഇ. അഹമ്മദ് വിജയിച്ചു പാര്‍ലമെന്റിലെത്തി. ഇതിന്റെ പക വഹാബിനോട് കുഞ്ഞാലിക്കുട്ടി തീര്‍ത്തത് അദ്ദേഹത്തെ രാജ്യസഭാ സ്ഥാനാര്‍ത്ഥി ആക്കാതിരിക്കാന്‍ പടിച്ച പണി പതിനെട്ടും പയറ്റിയാണ്. തങ്ങന്‍മാരുടെ പാറപോലെയുള്ള നില്‍പ്പ് കാര്യങ്ങളെ കീഴ്‌മേല്‍ മറിച്ചു. വഹാബ് രാജ്യസഭയിലേക്ക് പോയപ്പോള്‍ പരാജയത്തിന്റെ കൈപ്പുരസം ആവോളം അനുഭവിച്ചത് കുഞ്ഞാലിക്കുട്ടിയായിരുന്നു. കുറ്റിപ്പുറത്തെ തോല്‍വിക്ക് ശേഷമുള്ള രണ്ടാമത്തെ തോല്‍വി സഹിക്കാവുന്നതിലും അപ്പുറമായിരുന്നു അദ്ദേഹത്തിന്.
കര്‍മ്മനിരതനായിരിക്കെ പാര്‍ലമെന്റിന്റെ അകത്തളത്തില്‍ തളര്‍ന്ന് വീണ് അഹമ്മദ് സാഹിബിന്റെ വീര ചരമം എല്ലാവരേയും ഞെട്ടിച്ചു. ഏതെങ്കിലും കല്യാണ വീട്ടില്‍ വെച്ചോ ഗള്‍ഫ് രാജ്യത്ത് വെച്ചോ ആയിരുന്നില്ല ആ ധീരന്റെ മരണമെന്നത് ഇപ്പോള്‍ ഓര്‍ക്കുമ്പോള്‍ ലീഗിന് നല്‍കുന്ന സമാശ്വാസം ചെറുതാവില്ല.

കേവല എം.എല്‍.എ യായി നിയമസഭയില്‍ ഒതുങ്ങാന്‍ പ്രയാസപ്പെട്ട കുഞ്ഞാലിക്കുട്ടിയെ ദേശീയ രാഷ്ട്രീയത്തില്‍ സമുദായത്തിന്റെ സെന്റര്‍ ഫോര്‍വേഡ് കളിക്കാന്‍ ലീഗ് ഡല്‍ഹിയിലേക്ക് അയക്കാന്‍ തീരുമാനിച്ചത് പാര്‍ലമെന്റിലെ അഹമ്മദ് സാഹിബിന്റെ വിടവ് നികത്താനാണ്. 100% ഹാജരുണ്ടായിരുന്ന ലീഗിന്റെ മുന്‍കാല എം.പിമാരുടെ റെക്കോര്‍ഡുകള്‍ക്കിടയില്‍ വെറും 42 ശതമാനത്തിന്റെ ഹാജര്‍ നിലയും മുത്തലാഖ് ബില്ലിനെതിരെ വോട്ട് ചെയ്യാന്‍ സഭയിലില്ലാതിരുന്ന സാഹചര്യവും ന്യൂനപക്ഷ രാഷ്ടീയ ഭൂമികയില്‍ ചൂടേറിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചു. എന്തും സമുദായം പൊറുക്കും. സാമുദായിക പ്രശ്‌നങ്ങളോടുള്ള കൂറില്ലായ്മ ഒരിക്കലും മുസ്ലിം സമൂഹം മാപ്പാക്കി കൊടുക്കില്ല. കുഞ്ഞാലിക്കുട്ടിക്ക് ലീഗദ്ധ്യക്ഷന്‍ ഷോക്കോസ് നോട്ടീസ് നല്‍കി. മുസ്ലിം ലീഗ് രാഷ്ട്രീയത്തില്‍ ഇതുവരെയും കാണാത്ത കാഴ്ചകള്‍ക്ക് കേരളം സാക്ഷിയായി.

2019 ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മലപ്പുറത്ത് കണ്ടത് ഒരു കാവ്യനീതിയുടെ പുലര്‍ച്ചയാണ്. പണ്ട് അഹമ്മദ് സാഹിബിനെ പാരവെക്കാന്‍ കുഞ്ഞാലിക്കുട്ടി ഉപയോഗിച്ച അതേ ആളുകള്‍ ഇത്തവണ കുഞ്ഞാപ്പ പൊന്നാനിയില്‍ മല്‍സരിക്കട്ടേ എന്ന് തങ്ങളോട് നേരിട്ട് പറഞ്ഞു. കുറ്റിപ്പുറം ഉള്‍കൊള്ളുന്ന പൊന്നാനിയിലേക്ക് ജീവനോടെ താനില്ലെന്ന് മലപ്പുറത്തെ പുലിക്കുട്ടി വെട്ടിത്തുറന്ന് നേതൃയോഗത്തെ അറിയിച്ചു. ഉത്തരവാദിത്വ നിര്‍വ്വഹണത്തില്‍ വീഴ്ച വരുത്തിയ കുഞ്ഞാലിക്കുട്ടിക്ക് ഒരു ഷോക്ക് ട്രീറ്റ്‌മെന്റ് വേണമെന്ന അഭിപ്രായമായിരുന്നു ലീഗിലെ ബഹുഭൂരിഭാഗം നേതാക്കള്‍ക്കും അണികള്‍ക്കും. അവസാനം കാരാതോട് വഴി മലപ്പുറത്തേക്ക് പോകുന്ന സര്‍വരുടേയും കയ്യും കാലും പിടിച്ചാണ് കുഞ്ഞാപ്പ മലപ്പുറത്ത് സീറ്റൊപ്പിച്ചെടുത്തത് എന്നാണ് നേതാക്കളുടെ അടക്കം പറച്ചില്‍. കഴിഞ്ഞ തവണ ഇ.അഹമ്മദിനെ ഒഴിവാക്കാന്‍ ആരെയൊക്കെ കൂട്ടുപിടിച്ചുവോ അവരെയൊക്കെ ഇത്തവണ പാണക്കാട്ടെത്തിച്ച് തലയെണ്ണിച്ചത് താന്‍ മുടിചൂടാമന്നനെന്ന് കരുതിയ പാര്‍ട്ടിയില്‍ തനിക്ക് ഇഷ്ടപ്പെട്ട ലോകസഭാ സീറ്റിനു വേണ്ടിയാണെന്നത് ഏറെ കൗതുകകരമാണ്. ലീഗ് ആഭ്യന്തര രാഷ്ട്രീയത്തിലെ തന്റെ പുതിയ എതിരാളി പി.വി. വഹാബിന്റെ സഹായവും അന്തിമഘട്ടത്തില്‍ കുഞ്ഞാലിക്കുട്ടിക്ക് തേടേണ്ടി വന്നത് അഹമ്മദ് സാഹിബിനോട് ചെയ്ത അപരാധത്തിന് കുഞ്ഞാപ്പക്ക് ഭൂമിലോകത്ത് കിട്ടിയ ഏറ്റവും വലിയ ശിക്ഷയായേ എം.സി. വടകരയെപ്പോലുള്ള ലീഗ് ചരിത്രകാരന്‍മാര്‍ അടയാളപ്പെടുത്തുകയുള്ളൂ. ഈ ഗിമ്മിക്കുകളെല്ലാം കണ്ട് അഹമ്മദ് സാഹിബിന്റെ ആത്മാവ് സ്വര്‍ഗ്ഗ ലോകത്തിരുന്ന് ഊറിച്ചിരിക്കുന്നുണ്ടാകും.

Sharing is caring!