ഉമ്മ റംലയുടെ ആശീര്‍വാദമേറ്റുവാങ്ങി മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി.പി സാനുവിന്റെ ആദ്യദിന പര്യടനം

ഉമ്മ റംലയുടെ ആശീര്‍വാദമേറ്റുവാങ്ങി  മലപ്പുറം എല്‍ഡിഎഫ് സ്ഥാനാര്‍ഥി  വി.പി സാനുവിന്റെ ആദ്യദിന പര്യടനം

മലപ്പുറം: ‘മലപ്പുറത്തിന്റെ ചരിത്രം ഇത്തവണ മറ്റൊന്നായിരിക്കും. ധൈര്യത്തോടെ പ്രചാരണത്തില്‍ സജീവമാകുക- ഉമ്മ റംലയുടെ ആശീര്‍വാദമേറ്റുവാങ്ങി മലപ്പുറം ലോക്‌സഭാ മണ്ഡലം എല്‍ഡിഎഫ് സ്ഥാനാര്‍ഥി വി പി സാനുവിന്റെ ആദ്യദിന പര്യടനം. രാജ്യത്തിന്റെ ഗതിനിര്‍ണയിക്കുന്ന തെരഞ്ഞെടുപ്പില്‍ മകന്‍ ജനവിധിതേടുന്നതില്‍ അതിയായ സന്തോഷത്തിലാണ് റംല. ഉമ്മയുടെ പൊന്നുമ്മയില്‍ ആത്മവിശ്വാസവുമായി സഹപ്രവര്‍ത്തകര്‍ക്കൊപ്പമിറങ്ങി സാനു- മലപ്പുറത്തിന്റെ മാറ്റത്തിന്റെ തിരയിളക്കമാകാന്‍. ദീര്‍ഘകാലം എസ്എഫ്‌ഐയുടെയും ബാലസംഘത്തിന്റെയും ജില്ലാ ഭാരവാഹിയായിരുന്ന സാനുവിന് മുഖവുരയുടെയോ, പരിചയപ്പെടുത്തലിന്റെയോ ആവശ്യം തെല്ലുമില്ല.
ശനിയാഴ്ച സ്ഥാനാര്‍ഥി പ്രഖ്യാപനവേളയില്‍ പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളിലെ വിവിധ പ്രദേശങ്ങളില്‍ നാട്ടുകാരണവന്മാരെ സന്ദര്‍ശിക്കുന്ന തിരക്കിലായിരുന്നു സാനു. ശനിയാഴ്ച സഹകരണ സ്ഥാപനങ്ങളിലും വര്‍ഗബഹുജന സംഘടനാ സമ്മേളന സ്ഥലങ്ങളിലുമെത്തി പരിചയംപുതുക്കി. മേലാറ്റൂര്‍ പത്മനാഭന്‍, പാലക്കീഴ് നാരായണന്‍, പൊന്ന്യത്ത് ഉമ്മര്‍, ജനാധിപത്യ കേരള കോണ്‍ഗ്രസ് നേതാവ് മാത്യു സെബാസ്റ്റിയന്‍, പാറക്കോട്ടില്‍ ഉണ്ണി, പാമ്പിലത്ത് മണി, പി കെ വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവരെ സന്ദര്‍ശിച്ചു. പെരിന്തല്‍മണ്ണയില്‍ മോട്ടോര്‍ തൊഴിലാളികളുടെ സമ്മേളനത്തിലുമെത്തി. രാജ്യത്ത് വര്‍ഗീയതക്കെതിരെ സന്ധിയില്ലാ സമരങ്ങള്‍ക്ക് നേതൃത്വംനല്‍കുന്ന വിദ്യാര്‍ഥി നേതാവിനെ ഉത്സവാന്തരീക്ഷത്തിലാണ് പെരിന്തല്‍മണ്ണ കാര്‍ഷിക വികസന ബാങ്ക് ജീവനക്കാര്‍ സ്വീകരിച്ചത്. മേലാറ്റൂര്‍, വെട്ടത്തൂര്‍, താഴെക്കോട്, കരിഞ്ചാപ്പാടി, പള്ളിപ്പുറം, കൂട്ടിലങ്ങാടി, അങ്ങാടിപ്പുറം, മൂര്‍ക്കനാട്, ചേണ്ടി എന്നിവിടങ്ങളിലുമെത്തി പിന്തുണ തേടി.
വന്‍ പിന്തുണയാണ് മണ്ഡലത്തിലുടനീളം ലഭിക്കുന്നതെന്നും മാറ്റം ആഗ്രഹിക്കുന്നതിന്റെ ലക്ഷണം എങ്ങും പ്രകടമാണെന്നും വി പി സാനു പറഞ്ഞു. ചെറുകവലകളില്‍പോലും വന്‍ സ്വീകാര്യതയാണ് ലഭിക്കുന്നത്. വിജയം സുനിശ്ചിതമാണ്. യുവാക്കളും വിദ്യാര്‍ഥികളും സ്ത്രീകളും ഉള്‍പ്പെടുന്ന വോട്ടര്‍മാരുടെ പ്രതികരണങ്ങള്‍ പ്രതീക്ഷയാണെന്നും സാനു പറഞ്ഞു.

Sharing is caring!