എ ഡിവിഷന്‍ ലീഗ് വഴിപാടാക്കി അധികൃതര്‍; പ്രതിഷേധവുമായി കായിക പ്രേമികള്‍

മലപ്പുറം: ജില്ല എ ഡിവിഷന്‍ ലീഗ് വഴിപാടാക്കി മാറ്റിയ ഡിഎഫ്എ ക്കെതിരെ പ്രതിഷേധവുമായി കായിക പ്രേമികള്‍. പ്രാദേശിക മത്സരങ്ങള്‍ വരെ ടര്‍ഫിലേക്കും പുല്‍മൈതാനങ്ങളിലേക്കും മാറ്റുമ്പോഴാണ് ജില്ലയിലെ പ്രധാന മത്സരം ചിരല്‍ നിറഞ്ഞ ഗ്രൗണ്ടില്‍ നടത്തുന്നത്. കോട്ടപ്പടി ഗ്രൗണ്ടില്‍ നടത്താനിരുന്ന മത്സരം മഞ്ചേരി എന്‍എസ്എസ് ഗ്രൗണ്ടിലേക്ക് മാറ്റിയതാണ് പ്രതിഷേധത്തിന് ഇടയാക്കിയത്.

കോട്ടപ്പടി സ്റ്റേഡിയത്തില്‍ മത്സരം നടത്തും എന്നാണ് മുമ്പ് അറിയിച്ചിരുന്നത്. എന്നാല്‍ ഗ്രൗണ്ട് ഒഴിവില്ലെന്ന പേരിലാണ് പിന്നീട് എന്‍എസ്എസ് ലേക്ക് മാറ്റിയത്. ഡിഎഫ്എ അംഗങ്ങള്‍ക്കിടയിലെ തര്‍ക്കമാണ് മത്സരം മാറ്റാന്‍ കാരണമെന്ന് പറയപ്പെടുന്നു. മത്സരം മാറ്റിയതിനെതിരെ ഫുട്‌ബോള്‍ താരങ്ങളും ക്ലബ്ബുകളും രംഗത്ത് വന്നിട്ടുണ്ട്.

ഫുട്‌ബോള്‍ താരം ഷാജറുദ്ദീന്റെ ഫേസ്ബുക്ക് പോസ്റ്റ്

മലപ്പുറം… കേരള ഫുട്‌ബോളിന്റെ ഈറ്റില്ലം..അന്താരാഷ്ട്ര താരങ്ങള്‍ ഉള്‍പ്പടെ അനവധി നിരവധി യോദ്ധാക്കളെ വാര്‍ത്തെടുത്ത പോരാട്ടഭൂമി.. കേരള ഫുടബോളിനെ കുറിച്ച് എന്തിന് ഇന്ത്യന്‍ ഫുടബോളിനെ കുറിച്ച് പറയുമ്പോള്‍ പോലും മലപ്പുറം എന്ന വാക്ക് സ്പര്‍ശിക്കാതെ പോകുന്നത് ഉചിതമല്ല. അങ്ങിനെ കാല്‍പ്പന്ത് പ്രേമത്തിന് പ്രസിദ്ധിയാര്‍ജ്ജിച്ച ഒരു ജില്ലയുടെ എ ഡിവിഷന്‍ ലീഗ് നടക്കുന്ന കോലമാണിത്. കോട്ടപ്പടിയും പയ്യനാടും തിരൂരുമടക്കം നിരവധി പുല്‍മൈതാനങ്ങള്‍ വെറുതെ കിടക്കുമ്പോള്‍ ഒരു മൊട്ടക്കുന്നിലെ ചരല്‍ പരപ്പില്‍ ജില്ലയുടെ ഉന്നത ഫുട്‌ബോള്‍ ലീഗ് നടത്താന്‍ തീരുമാനിച്ച ജില്ലാ ഫുട്‌ബോള്‍ അസോസിയേഷന് ആദ്യമേ ഹൃദയം നിറഞ്ഞ നന്ദി അറിയിക്കുന്നു.

ഇങ്ങനെത്തന്നെയാണ് ജില്ലാ ഫുട്‌ബോള്‍ ലീഗുകള്‍ സംഘടിപ്പിക്കേണ്ടത്. മറ്റു ജില്ലാ അസോസിയേഷനുകള്‍ ഇതൊരു മാതൃകയായി സ്വീകരിക്കണം.. ഇവിടങ്ങളില്‍ കളിച്ച് പരുക്ക് പറ്റിയും മറ്റും നാളെയുടെ വാഗ്ദാനങ്ങളെ മുളയിലേ നുള്ളണം. എന്നാലല്ലേ മലപ്പുറത്തിന്റെ ‘പന്തിനോടുള്ള മൊഹബത്തിന്റെ’ ഖ്യാതി ഇനിയും ലോകമെങ്ങും പാടിപ്പുകഴ്ത്താനാകു..
സെവന്‍സ് ഗ്രൗണ്ടുകള്‍ വരെ പുല്‍മൈതാനങ്ങള്‍ ആക്കുന്ന നാട്ടില്‍ ആര്‍ക്കു വേണ്ടിയാണ് നിങ്ങള്‍ ഈ പ്രഹസനം നടത്തുന്നത്..ഫുട്‌ബോള്‍ പ്രണയത്തിന്റെ മകുടോദാഹരണമായി മറ്റുള്ളവരോട് പുകഴ്ത്തിപ്പറയുന്ന മലപ്പുറത്തിന്റെ പേരും പെരുമയും ഒരുമ്പെട്ട് ഇറങ്ങിയിരിക്കുകയാണോ..

Sharing is caring!


One thought on “എ ഡിവിഷന്‍ ലീഗ് വഴിപാടാക്കി അധികൃതര്‍; പ്രതിഷേധവുമായി കായിക പ്രേമികള്‍

  1. പന്ത് കളിയോട് ഒരു താല്പര്യവുമില്ലാത്ത ഡി എഫ് എ മെമ്പര്മാരുണ്ടാകുമ്പോൾ ഇതൊക്കെ തന്നെയാകും ലീഗ് മത്സരങ്ങളുടെ അവസ്ഥ

Leave a Reply

Your email address will not be published. Required fields are marked *