അനാഥരെ സ്വന്തംവീട്ടില്‍ താമസിപ്പിച്ച ഖമറുന്നീസ അന്‍വര്‍
സ്വന്തക്കാര്‍ ഉപേക്ഷിച്ച നാലു ജീവിതങ്ങള്‍. മലപ്പുറം മഞ്ചേരിയിലെ അഗതിമന്ദിരത്തിനു താഴുവീഴുമ്പോള്‍ അവരുടെ കണ്ണുകളിലേക്കു നോക്കാന്‍ നടത്തിപ്പുകാര്‍ക്കായില്ല. ഇവരെ ഇനി ആരു സംരക്ഷിക്കും എന്ന വലിയ ചോദ്യം മുന്നില്‍. യോജിച്ച അഗതിമന്ദിരം കണ്ടെത്താന്‍ സഹായിക്കുമെന്ന പ്രതീക്ഷയോടെ അവര്‍ സാമൂഹിക നീതി വകുപ്പ് അധ്യക്ഷ ഖമറുന്നീസ അന്‍വറിനെ കാണാന്‍ ചെന്നു. അവരോടു ഖമറുന്നീസ പറഞ്ഞു, ” നാലുപേരെയും എന്റെ വീട്ടിലേക്കു കൊണ്ടുവരൂ”. അവിടെ തുടങ്ങി, ഖമറുന്നീസ അന്‍വറിന്റെ പുതിയ സേവന ജീവിതം. സ്വന്തം വീടിനോടു ചേര്‍ന്ന് അവര്‍ സ്ഥാപിച്ച ‘സ്‌നേഹവീട്’ എന്ന വനിതാ സാന്ത്വനമന്ദിരം ഇന്ന് ഒട്ടേറെപ്പേരുടെ അത്താണി
കേന്ദ്ര സോഷ്യല്‍ വെല്‍ഫെയര്‍ ബോര്‍ഡ് അംഗമായിരിക്കെ ന്യൂഡല്‍ഹിയിലേക്കുള്ള യാത്രയിലാണു ഹൃദയത്തെ പിടിച്ചുലച്ച കാഴ്ച കണ്ടത്. മിച്ചം വരുന്ന ആഹാരം കിട്ടുമെന്ന പ്രതീക്ഷയോടെ ഹോട്ടലിനു മുന്നില്‍ കാത്തു നില്‍ക്കുന്ന നൂറുകണക്കിനു പേര്‍.
വീടിനു സമീപം താവളമടിച്ചിരുന്ന നാടോടികള്‍ക്കെല്ലാം അടുത്ത പെരുന്നാള്‍ ദിനത്തില്‍ ബിരിയാണി വിളമ്പിയാണ് അന്നത്തെ കാഴ്ചയുടെ വിഷമം തീര്‍ത്തതെന്നു ഖമറുന്നീസ. പലരീതികളില്‍ സാമൂഹിക സേവനം തുടരുന്നതിനിടെയാണ് ആരോരുമില്ലാത്ത ആ നാലു പേരുടെ കഥകേട്ടതും ഏഴു വര്‍ഷം മുന്‍പ് മലപ്പുറം തിരൂര്‍ ടൗണിലെ ‘അഖ്‌ന’ എന്ന വീടിനോടു ചേര്‍ന്നു സ്‌നേഹവീട് തുടങ്ങിയതും.
‘ഭര്‍ത്താവ് ഡോ. മുഹമ്മദ് അന്‍വര്‍ രോഗികളെ പരിശോധിച്ചിരുന്ന കെട്ടിടമാണു സ്‌നേഹവീടാക്കിയത്. ഇതുവരെ നൂറിലേറെപ്പേര്‍ ഇവിടെയെത്തി. ചിലര്‍ മരിച്ചുപോയി. ചിലരെ ബന്ധുക്കള്‍ തിരികെ കൊണ്ടുപോയി. ഇപ്പോള്‍ 15 പേരുണ്ട്. കരഞ്ഞുകൊണ്ടാണു പലരും വരിക. രക്തബന്ധുക്കള്‍ ഉപേക്ഷിച്ചതിന്റെ സങ്കടം. ജീവിതം അവസാനിപ്പിക്കാമെന്നുവരെ ചിന്തിച്ചു പലരും. പക്ഷേ, സ്‌നേഹവീട്ടില്‍ വന്നു കുറച്ചുദിവസം കൊണ്ട് എല്ലാവരും സങ്കടം മറക്കും. ഇവിടെ , പരിഭവങ്ങളില്ല, കുറ്റപ്പെടുത്തലില്ല,പരാതിയില്ല. ഉള്ളതു പങ്കിട്ട് എല്ലാവരും സന്തോഷത്തോടെ കഴിയുന്നു”, ഖമറുന്നീസയുടെ വാക്കുകള്‍.
മൂന്നു സ്ഥിരം ജീവനക്കാരുണ്ട്. ഭര്‍ത്താവും മക്കളായ അസ്ഹര്‍, അസ്ബറ, അന്‍സീറ, അസീം അഹ്ദീര്‍ എന്നിവരും സഹായിക്കും. ഡോക്ടറായ അസീം അഹ്ദീറും ഭാര്യ ഡോ. തസ്‌നീമുമാണു സ്‌നേഹവീട്ടിലുള്ളവരെ ചികില്‍സിക്കുന്നത്. വനിതകള്‍ക്കായി സുരക്ഷാ സങ്കേതം, ഫാമിലി കൗണ്‍സലിങ് സെന്റര്‍ എന്നിവയും തുടങ്ങി. രാത്രിയില്‍ നഗരത്തിലെത്തുന്ന വനിതകള്‍ക്കു താമസിക്കാനായി ജനമിത്ര അഭയകേന്ദ്രവും ഉടന്‍ ആരംഭിക്കും. എല്ലാ ചെലവും ഖമറുന്നീസയാണു വഹിക്കുന്നത്.
”ഉള്ളതുകൊണ്ടു തൃപ്തിപ്പെടുക എന്നാണ് അറബിക് വാക്കായ ‘അഖ്‌ന’യുടെ അര്‍ഥം. അങ്ങനെ സംതൃപ്തിയുള്ളതുകൊണ്ടാണ് ഞങ്ങളുടെ വീടിന് ‘അഖ്‌ന’യെന്നു പേരിട്ടതും. വനിതാ ലീഗിന്റെ ദേശീയ വൈസ് പ്രസിഡന്റ് ചുമതലയ്‌ക്കൊപ്പം ഇതുപോലെയുള്ള സ്ഥാപനങ്ങളൊക്കെ നടത്തിക്കൊണ്ടുപോകാന്‍ പ്രയാസമല്ലേയെന്നു പലരും ചോദിക്കും. പക്ഷേ, ഇങ്ങനെ ലഭിക്കുന്ന സംതൃപ്തിയും മനസ്സമാധാനവും മറ്റൊരിടത്തും കിട്ടില്ല.
സ്‌നേഹവീട്ടില്‍ ഇപ്പോഴുള്ള ചന്ദ്രികയെ ഭര്‍ത്താവ് ഉപേക്ഷിച്ചതാണ്. അവള്‍ക്കു നടക്കാന്‍ പോലും കഴിയില്ല. എല്ലാ കാര്യങ്ങളും ചെയ്തുകൊടുക്കണം. എന്നും രാവിലെ ചന്ദ്രികയെ കണ്ടാലേ എന്റെ മനസ്സ് തെളിയൂ.&ിയുെ; ഇവരുടെയെല്ലാം കൊച്ചുകൊച്ചു കാര്യങ്ങള്‍ കേട്ട്, അതെല്ലാം നടത്തികൊടുക്കുമ്പോള്‍ കിട്ടുന്ന സന്തോഷം പറഞ്ഞറിയിക്കാന്‍ കഴിയില്ല” ചിരിയോടെ ഖമറുന്നീസ.
ഉമ്മയുടെ പേരില്‍ തുടങ്ങിയ ഫാത്തിബീസ് ചാരിറ്റബിള്‍ ട്രസ്റ്റിനു കീഴിലാണു സ്‌നേഹവീട്. ഖമറുന്നീസയുടെ സുഹൃത്തുക്കളാണ് ട്രസ്റ്റിലെ മറ്റ് അംഗങ്ങള്‍. ”എനിക്കു ശേഷവും സ്‌നേഹവീട് നിലനില്‍ക്കണം. അതുകൊണ്ടാണ് ട്രസ്റ്റിനു കീഴിലാക്കിയത്. പലരും സഹായവുമായി വരാറുണ്ട്. ഹൃദയത്തില്‍ കരുണവറ്റാത്ത വലിയൊരു സമൂഹമാണു നമ്മുടേത്. അതുകൊണ്ടുതന്നെ ഇതുപോലെയുള്ള സ്‌നേഹവീടുകളൊന്നും ഇല്ലാതായി പോകുമെന്നു കരുതുന്നില്ല”.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]