കരിപ്പൂരില്‍നിന്ന്  ഏപ്രില്‍ മുതല്‍ എമിറേറ്റ്‌സ് വിമാന സര്‍വീസും

കരിപ്പൂരില്‍നിന്ന്  ഏപ്രില്‍ മുതല്‍ എമിറേറ്റ്‌സ്  വിമാന സര്‍വീസും

കരിപ്പൂര്‍: കരിപ്പൂര്‍ വിമാനത്താവളത്തില്‍നിന്ന് ഏപ്രില്‍ ഒന്നിന് ആരംഭിക്കുന്ന വേനല്‍ക്കാല ഷെഡ്യൂളില്‍ എമിറേറ്റ്‌സ് വിമാന സര്‍വീസുമുണ്ടാകും. 280 പേര്‍ക്ക് യാത്രചെയ്യാവുന്ന വലിയ എയര്‍ക്രാഫ്റ്റാണ് ഉപയോഗിക്കുകയെന്ന് എമിറേറ്റ്‌സ് അധികൃതര്‍ വ്യക്തമാക്കി. സര്‍വീസ് ആരംഭിക്കുന്നതിന് മുന്നോടിയായുള്ള സുരക്ഷാ പരിശോധനക്ക് എത്തിയതായിരുന്നു സംഘം. റണ്‍വേയും മറ്റ് സംവിധാനങ്ങളും സര്‍വീസുകള്‍ക്ക് പര്യാപ്തമാണെന്ന് സംഘം വിലയിരുത്തി.
എമിറേറ്റ്‌സ് ഓപറേഷന്‍ വിഭാഗം വൈസ് പ്രസിഡന്റ് മോഹന ഷര്‍മ്മയുടെ നേതൃത്വത്തിലുള്ള സംഘമാണ് തിങ്കളാഴ്ച കരിപ്പൂരിലെത്തിയത്. റണ്‍വേയിലെ സുരക്ഷാ ക്രമീകരണങ്ങള്‍, ഇന്‍സ്ട്രുമെന്റല്‍ ലാന്‍ഡിങ് സംവിധാനം, നാവിഗേഷന്‍ ഉപകരണങ്ങള്‍, ടെര്‍മിനലിലെ സൗകര്യങ്ങള്‍, വിമാന പാര്‍ക്കിങ് സൗകര്യം എന്നിവയാണ് സംഘം പ്രധാനമായും പരിശോധിച്ചത്. വിമാനത്തിന്റെ ഗ്രൗണ്ട് ഹാന്‍ഡലിങ് ജോലികള്‍ നിര്‍വഹിക്കുന്ന സ്വകാര്യ കമ്പനിയുമായി സംഘം ചര്‍ച്ചകള്‍നടത്തി. സംഘം ചൊവ്വാഴ്ച എമിറേറ്റ്‌സ് ആസ്ഥാനത്ത് റിപ്പോര്‍ട്ട് സമര്‍പ്പിക്കും. 2015 മെയ് അഞ്ചിനാണ് റണ്‍വേയുടെ അറ്റകുറ്റ പ്രവര്‍ത്തിയുടെ പേരില്‍ എമിറേറ്റ്‌സ് കരിപ്പൂര്‍ സര്‍വീസ് അവസാനിപ്പിച്ചത്. ചെറിയ വിമാനങ്ങള്‍ ഇല്ലാത്തതിനാലാണ് എമിറേറ്റ്‌സിന് കരിപ്പൂര്‍ വിടേണ്ടിവന്നത്. റണ്‍വേ നവീകരണം പൂര്‍ത്തിയാകുകയും ഇടത്തരം വിമാനങ്ങള്‍ക്ക് കരിപ്പൂരിന് സര്‍വീസിന് അനുമതിയും ലഭിച്ചതിനെ തുടര്‍ന്നാണ് എമിറേറ്റ്‌സ് വിമാനം തിരിച്ച് വരുന്നത്. ഇതോടെ കരിപ്പൂരിന്റെ വ്യോമയാന മേഖല കൂടുതല്‍ മത്സരക്ഷമമാകും.

Sharing is caring!