മെഹ്ഫില്‍ ഗാനമേളയും, ആദരിക്കലും, മംഗളം മലപ്പുറം ജില്ലാതല സുവര്‍ണ ജൂബിലി ആഘോഷിച്ചു

മെഹ്ഫില്‍ ഗാനമേളയും, ആദരിക്കലും,  മംഗളം മലപ്പുറം ജില്ലാതല സുവര്‍ണ ജൂബിലി ആഘോഷിച്ചു

മലപ്പുറം: പുതിയ തലമുറ സാമൂഹ്യ മാധ്യമങ്ങള്‍ക്ക് പിന്നാലെയാണെന്നും
ഇതിനാല്‍ പുതുതലമുറയില്‍ പത്രവായന കുറഞ്ഞ് വരികയാണെന്നും സംസ്ഥാന ജലവിഭവ വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടി. മംഗളം സുവര്‍ണ ജൂബിലി ആഘോഷത്തിന്റെ മലപ്പുറം ജില്ലാ തല ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി. ജനാധിപത്യം സംരക്ഷിക്കുന്നതില്‍ പ്രധാന പങ്കുവഹിക്കുന്നത് പത്രങ്ങളാണ്.

പത്രങ്ങളുടെ നിലനില്‍പ്പ് തന്നെ ഭീഷണി നേരിടുന്ന ഒരു സാഹചര്യമാണ് നിലനില്‍ക്കുന്നത്. ഇത് ജനാധിപത്യത്തിന് കനത്ത ഭീഷണിയാണെന്നും മന്ത്രി പറഞ്ഞു. മാധ്യമരംഗം കോര്‍പ്പറേറ്റുകള്‍ കയ്യടക്കുന്നു. അതുകൊണ്ട് തന്നെ കോര്‍പ്പറേറ്റുകള്‍ക്ക് അനുകൂലമായ വാര്‍ത്തകളാണ് മാധ്യമങ്ങളില്‍ നിറയുന്നത്. സാമ്പത്തിക രംഗത്തെ പ്രതിസന്ധി മാധ്യമ രംഗത്തെയും ബാധിച്ചിട്ടുണ്ട്. പട്ടാളക്കാരന്റെ മരണം ചര്‍ച്ചയാക്കുന്ന സമൂഹം കര്‍ഷകന്റെ ആത്മഹത്യയെ കുറിച്ച് സംസാരിക്കുന്നില്ല. കര്‍ഷകരുടെ പ്രശ്‌നങ്ങളെ കുറിച്ച് ചര്‍ച്ചചെയ്യാന്‍ മാധ്യമ ലോകം തയ്യാറുകുന്നില്ല. കര്‍ഷകരുടെ ആത്മഹത്യ ദൈനം ദിനം വര്‍ധിച്ച് വരുന്ന സാഹചര്യത്തില്‍ ഈ വിഷയങ്ങളില്‍ മാധ്യമങ്ങളുടെ പങ്ക് അനിവാര്യമാണെന്നും മന്ത്രി പറഞ്ഞു. കാര്‍ഷിക രംഗത്ത് മാറ്റം വന്ന് കൊണ്ടിരിക്കുകയാണ്. സിന്തറ്റിക്ക് ഫുഡുകളാണ് ഇനി വിപണിയിലേക്ക് ഇറങ്ങാന്‍ പോകുന്നത്. അതോട് കൂടി ഈ നാട്ടില്‍ നിന്ന് കര്‍ഷകര്‍ തന്നെ ഇല്ലാതാകുന്ന ഒരു സ്ഥിതി വിശേഷം വരുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു. ചടങ്ങില്‍ പി.ഉബൈദുള്ള എം.എല്‍.എ അധ്യക്ഷത വഹിച്ചു.


ജീവകാരുണ്യ, ആതുരസേവന രംഗങ്ങളില്‍ മംഗളം നടത്തിയ ഇടപെടലുകള്‍ മറ്റുമാധ്യമങ്ങള്‍ മാതൃകയാക്കേണ്ടതാണെന്ന് പി.ഉബൈദുള്ള .എല്‍.എ പറഞ്ഞു. കോട്ടയം മെഡിക്കല്‍ കോളജില്‍ പ്രത്യേക വാര്‍ഡ് നിര്‍മിച്ചുനല്‍കിയതും, സമൂഹ വിവാഹങ്ങള്‍ നടത്തിക്കൊടുത്തും മംഗളം മാതൃകകാണിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

പലപ്പോഴും മാധ്യമങ്ങള്‍ രാഷ്ട്രീയ പക്ഷം പിടിക്കുമ്പോള്‍ സത്യസന്ധമായ വാര്‍ത്തകളാണ് മംഗളം ജനങ്ങളിലേക്കെത്തിക്കുന്നത്, സാധാരണക്കാരുടെ ആവലാതികളും പ്രശ്‌നങ്ങളും, വാര്‍ത്തയായി അധികാരികള്‍ക്ക് മുന്നില്‍ എത്തിക്കുക മാത്രമല്ല അവക്കു പരിഹാരം കാണാനും മംഗളം ശ്രമിക്കുന്നുവെന്നത് ശ്രദ്ധേയമാണെന്നും അദ്ദേഹം പറഞ്ഞു. തന്റെതലമുറ വായനയിലേക്കു കടന്നു വന്നതു മംഗളം വാരികയിലൂടെയാണെന്നു ചടങ്ങില്‍ ആശംസാ പ്രസംഗം നടത്തിയ മലപ്പുറം ജില്ലാ പഞ്ചായത്ത് വൈസ്പ്രസിഡന്റ് സക്കീന പുല്‍പ്പാടന്‍ പറഞ്ഞു,

മംഗളം കോഴിക്കോട് റീജ്യണ്യല്‍ യൂണിറ്റ് ചീഫ് സന്തോഷ് വേങ്ങേരി ആമുഖ പ്രഭാഷണം നടത്തി. നഗരസഭാ കൗണ്‍സിലര്‍ ഹാരിസ് ആമിയന്‍ പ്രസംഗിച്ചു. വിവിധ മേഖലകളില്‍ കഴിവുതെളിയിച്ച ഫുഡ്‌കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണ്‍സള്‍ട്ടേറ്റീവ് അംഗം സിബി വയലില്‍, മലപ്പുറം സ്പിന്നിംഗ്മില്‍ ചെയര്‍മാന്‍ പാലോളി അബ്ദുറഹിമാന്‍, അഡ്വ. എന്‍.സി. കരുണദാസ്, പി.ടി ഉണ്ണി എന്നവര്‍ക്കുള്ള മംഗളത്തിന്റെ പുരസ്‌ക്കാരം മന്ത്രി കൃഷ്ണന്‍കുട്ടി വിതരണം ചെയ്തു.

തുടര്‍ന്ന് ഹനീഫ് രാജാജിയേയും, റോഡ് ആകിസഡന്റ് ആക്ഷന്‍ഫോറം മലപ്പുറം ജില്ലാ കമ്മിറ്റിക്കും മംഗളം പ്രത്യേക ആദരം നല്‍കി. ഇവര്‍ക്കുള്ള മംഗളത്തിന്റെ ഉപഹാരം മന്ത്രി കെ. കൃഷ്ണന്‍കുട്ടി സമര്‍പ്പിച്ചു.

തുടര്‍ന്ന് വിവിധ റിയാലിറ്റി ഷോ താരങ്ങള്‍ അണിനിരക്കുന്ന മെഹ്ഫില്‍ സംഗീത വിരുന്നും അരങ്ങേറി. മംഗളം മലപ്പുറം ബ്യൂറോചീഫ് വി.പി.നിസാര്‍ സ്വാഗതവും, സീനിയര്‍ പത്രപ്രവര്‍ത്തകന്‍ ഫ്രാന്‍സിസ് ഓണാട്ട് നന്ദിയും പറഞ്ഞു.

Sharing is caring!