ചുട്ടുപൊള്ളുന്ന ചൂട് മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

ചുട്ടുപൊള്ളുന്ന ചൂട് മുന്നറിയിപ്പുമായി ദുരന്തനിവാരണ അതോറിറ്റി

മലപ്പുറം: സംസ്ഥാനത്ത് വിവിധ പ്രദേശങ്ങളില്‍ വരും ദിവസങ്ങളില്‍ ചൂട് ശരാശരിയില്‍ കൂടുവാനുള്ള സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ അനുമാനങ്ങളില്‍ കാണുന്നതായി ദുരന്തനിവാരണ അതോറിറ്റി മുന്നറിയിപ്പ് നല്‍കി. മലപ്പുറം, പാലക്കാട്, തൃശ്ശൂര്‍, കോഴിക്കോട് ജില്ലകളില്‍ മാര്‍ച്ച് അഞ്ചിന് ശരാശരിയില്‍ നിന്നും 8 ഡിഗ്രി യില്‍ അധികം ചൂട് വര്‍ദ്ധിക്കുവാന്‍ സാധ്യതയുണ്ട്.

മേല്‍ സാഹചര്യത്തില്‍ സൂര്യാഘാതം ഒഴിവാക്കുവാനായി പൊതുജനങ്ങള്‍ക്കായി ചുവടെ ചേര്‍ക്കുന്ന നടപടികള്‍ നിര്‍ദേശിക്കുന്നു.

• രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയെങ്കിലും നേരിട്ട് സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.
• നിര്‍ജലീകരണം തടയാന്‍ കുടിവെള്ളം എപ്പോഴും കയ്യില്‍ കരുതണം.
• രോഗങ്ങള്‍ ഉള്ളവര്‍ രാവിലെ 11 മുതല്‍ വൈകീട്ട് മൂന്നു വരെയെങ്കിലും സൂര്യപ്രകാശം എല്‍ക്കുന്നത് ഒഴിവാക്കണം.
• പരമാവധി ശുദ്ധജലം കുടിക്കുക
• അയഞ്ഞ, ലൈറ്റ് കളര്‍ പരുത്തി വസ്ത്രങ്ങള്‍ ധരിക്കുക
• പരീക്ഷാക്കാലമായതിനാല്‍ സ്‌കൂള്‍ അധികൃതരും രക്ഷിതാക്കളും പ്രത്യേകശ്രദ്ധ പുലര്‍ത്തണം.
• ദുരന്തനിവാരണ അതോറിറ്റിയും ആരോഗ്യവകുപ്പും തൊഴില്‍ വകുപ്പും നല്‍കുന്ന നിര്‍ദ്ദേശങ്ങള്‍ പാലിക്കണം.
• താപനില ക്രമാതീതമായി ഉയരുന്നതിനാല്‍ തൊഴിലാളികള്‍ക്ക് സൂര്യാഘാതം ഏല്‍ക്കാനുള്ള സാധ്യത മുന്‍നിര്‍ത്തി ലേബര്‍ കമ്മീഷണര്‍ തൊഴില്‍ സമയം പുനഃക്രമീകരിച്ചിട്ടുണ്ട്. തൊഴില്‍ദാതാക്കള്‍ ഈ നിര്‍ദേശം പാലിക്കുക.

സൂര്യാഘാതം-പ്രതിരോധ മാര്‍ഗ്ഗങ്ങള്‍
• കടുത്ത ചൂടിനോട് ദീര്‍ഘനേരം ശാരീരിക സമ്പര്‍ക്കം ഒഴിവാക്കുക
• ശുദ്ധജലം ധാരാളം കുടിക്കുക.ദിവസത്തില്‍ എട്ടു ഗ്ലാസ്സ് വെള്ളമെങ്കിലും കുടിക്കുക.ദ്രവരൂപത്തിലുള്ള ആഹാരപദാര്‍ഥങ്ങള്‍ കഴിക്കുക.നിര്‍ജ്ജലീകരണം ഒഴിവാക്കുക. ദാഹം തോന്നിയില്ലെങ്കിലും ഇടക്കിടെ വെള്ളം കുടിക്കുക.
• നനച്ച തുണിപിഴിഞ്ഞ് ശരീരം തുടക്കുക
• ശരീരം പൂര്‍ണ്ണമായി കാര്യക്ഷമമല്ലെങ്കില്‍ ശാരീരികാദ്ധ്വാനം ഉള്ള പ്രവൃത്തികള്‍ ഒഴിവാക്കുക.
• പുറം വാതില്‍ പ്രവൃത്തികള്‍ ചെയ്യുമ്പോള്‍ ധാരാളം വെള്ളം കുടിക്കുക. ഇടക്കിടെ വിശ്രമിക്കുക.
• കഫീന്‍, മദ്യം മുതലായവ ഒഴിവാക്കുക
• സൂര്യപ്രകാശവുമായി നേരിട്ടുള്ള സമ്പര്‍ക്കം ഒഴിവാക്കാനായി കുട ഉപയോഗിക്കാം. സണ്‍ ഗ്ലാസുകള്‍, കൂളിങ് ഗ്ലാസുകള്‍ ധരിക്കുന്നത് കണ്ണുകള്‍ക്ക് ചൂടില്‍ നിന്നും സംരക്ഷണം നല്‍കും.
സൂര്യഘാതമേറ്റാല്‍ ഉടനടി ചെയ്യേണ്ടത്
• രോഗിയെ തറയിലോ,കട്ടിലിലോ കിടത്തുക
• ചൂട് കുറയ്ക്കാന്‍ ഫാന്‍ ഉപയോഗിക്കുക
• കാലുകള്‍ ഉയര്‍ത്തിവെക്കുക
• വെള്ളത്തില്‍ നനച്ച തുണി ദേഹത്തിടുക
• വെള്ളം-ദ്രവരൂപത്തിലുള്ള ആഹാരങ്ങള്‍ നല്‍കുക

സൂര്യാഘാത ലക്ഷണങ്ങള്‍

• സൂര്യാഘാതം മൂലം 104 ഡിഗ്രി ഫാരന്‍ഹീറ്റില്‍ കൂടുതല്‍ ശരീരോഷ്മാവ് ഉയരുക, ചര്‍മം വരണ്ടു പോവുക ശ്വസനപ്രക്രിയ സാവധാനം ആകുക, മാനസിക പിരിമുറുക്കം, തലവേദന, മസില്‍പിടിത്തം എന്നിവ ഉണ്ടാകുക , കൃഷ്ണമണി വികസിക്കുക, ക്ഷീണം ,ചുഴലി രോഗ ലക്ഷണങ്ങള്‍, ബോധക്ഷയം എന്നിവ ഉണ്ടാകുക

• ചൂടിന് ആധിക്യം മൂലം ക്ഷീണം, തളര്‍ച്ച, മസില്‍ പിടുത്തം, ഓക്കാനം ചര്‍ദ്ദി, കൂടിയതോ കുറഞ്ഞതോ ആയ നാഡിമിടിപ്പ്, അസാധാരണമായ വിയര്‍പ്പ് മന്ദത, ബോധക്ഷയം, മൂത്രം കടുത്ത മഞ്ഞ നിറം ആകുക, വയറിളക്കം എന്നിവയാണ് ലക്ഷണങ്ങള്‍

• അപാകതമൂലം കൂടിയ നാഡിമിടിപ്പ്, ശ്വസിക്കാന്‍ പ്രയാസം, വിയര്‍പ്പിന് അഭാവം, ചര്‍മം ചുവന്നു തടിക്കുക, പൊള്ളല്‍ ഏല്‍ക്കുക, മാനസിക പിരിമുറുക്കം, എന്നിവയാണ് ലക്ഷണങ്ങള്‍

ആര്‍ക്കാണ് സൂര്യാഘാതം ഏല്‍ക്കാന്‍ സാധ്യത കൂടുതല്‍

കടുത്ത ചൂടുമായി നേരിട്ട് ശാരീരിക സമ്പര്‍ക്കം പുലര്‍ത്തുന്ന വ്യക്തികള്‍ താഴെപ്പറയുന്ന വിഭാഗത്തില്‍ വരുന്ന വ്യക്തികള്‍ക്ക് പ്രത്യേക മുന്‍കരുതല്‍ എടുത്തിരിക്കണം

• കുട്ടികള്‍, പ്രായമായവര്‍, വിവിധങ്ങളായ അസുഖങ്ങളുള്ളവര്‍, ജ•നാ സ്വേദഗ്രന്ഥികളുടെ അഭാവം ഉള്ളവര്‍, കര്‍ഷകത്തൊഴിലാളികള്‍, കെട്ടിട നിര്‍മ്മാണ തൊഴിലാളികള്‍, മറ്റു പുറംവാതില്‍ ജോലികളില്‍ ഏര്‍പ്പെടുന്നവര്‍, കായിക പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നവര്‍

Sharing is caring!