രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം കോളേജിലെ വിദ്യാര്‍ഥികളെ ജാമ്യത്തില്‍വിട്ട കീഴ്‌ക്കോടതിക്കെതിരെ മലപ്പുറം ജില്ലാ ജഡ്ജി

രാജ്യദ്രോഹ കുറ്റത്തിന് അറസ്റ്റിലായ മലപ്പുറം കോളേജിലെ വിദ്യാര്‍ഥികളെ ജാമ്യത്തില്‍വിട്ട കീഴ്‌ക്കോടതിക്കെതിരെ മലപ്പുറം ജില്ലാ ജഡ്ജി

മഞ്ചേരി: കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് മലപ്പുറം ഗവ. കോളജ് കാമ്പസില്‍ പോസ്റ്റര്‍ പതിച്ച സംഭവത്തില്‍ പ്രതികളായ വിദ്യാര്‍ത്ഥികള്‍ക്ക് ജാമ്യം നല്‍കിയ മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി നടപടിക്കെതിരെ മഞ്ചേരി ജില്ലാ സെഷന്‍സ് ജഡ്ജി. ഇത്തരം ഗുരുതരമായ കേസുകളില്‍ ജാമ്യം നല്‍കാന്‍ കീഴ്‌ക്കോടതികള്‍ക്ക് അധികാരമില്ലെന്ന് കാണിച്ച് സ്വമേധയാ റിവിഷന്‍ പെറ്റീഷനെടുത്ത് നോട്ടീസ് അയക്കുകയായിരുന്നു.
മലപ്പുറം ഗവ. കോളേജിലെ രണ്ടാം വര്‍ഷ ബി കോം വിദ്യാര്‍ത്ഥി മേലാറ്റൂര്‍ എടയാറ്റൂര്‍ പാലത്തിങ്ങല്‍ മുഹമ്മദ് റിന്‍ഷാദ് (20), ഒന്നാം വര്‍ഷ ഇസ്‌ലാമിക് ഹിസ്റ്ററി വിദ്യാര്‍ത്ഥി പാണക്കാട് പട്ടര്‍ക്കടവ് ആറുകാട്ടില്‍ മുഹമ്മദ് ഫാരിസ് (18) എന്നിവരാണ് കാശ്മീരിനെ സ്വതന്ത്രമാക്കണമെന്നാവശ്യപ്പെട്ട് കാമ്പസിനകത്ത് പോസ്റ്റര്‍ പതിച്ചത്. തീവ്ര ഇടതുപക്ഷ നിലപാടുകള്‍ പ്രചരിപ്പിക്കുന്നതിനായി റാഡിക്കല്‍ സ്റ്റുഡന്‍സ് ഫോറം എന്ന പേരില്‍ റിന്‍ഷാദ് സംഘടന രൂപ വല്‍ക്കരിച്ചിരുന്നു. ഈ ആശയത്തില്‍ ആകൃഷ്ടനായി പോസ്റ്ററൊട്ടിക്കാന്‍ സഹായിച്ചാണ് മുഹമ്മദ് ഫാരിസ് കുടുങ്ങിയത്. രാജ്യദ്രോഹം പ്രകടമായ പോസ്റ്ററുകള്‍ ശ്രദ്ധയില്‍പ്പെട്ട പ്രിന്‍സിപ്പലാണ് മലപ്പുറം പൊലീസില്‍ പരാതി നല്‍കിയത്. രാജ്യത്തിന്റെ അഖണ്ഡതയും ഐക്യവും തകര്‍ക്കുന്ന രീതിയിലുള്ള പോസ്റ്ററുകള്‍ പതിച്ചതിന് ഇന്ത്യന്‍ശിക്ഷാ നിയമം 124(എ) വകുപ്പ് പ്രകാരം കേസ്സെടുത്ത് പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. തുടര്‍ന്ന് പൊലീസും സ്‌പെഷ്യല്‍ ബ്രാഞ്ചും നടത്തിയ ചോദ്യം ചെയ്യലില്‍ ഇവര്‍ക്ക് മാവോയിസ്റ്റ് തീവ്ര ഇടതുപക്ഷ പ്രസ്ഥാനവുമായി ബന്ധമുള്ളതായി കണ്ടെത്തിയിരുന്നു. ഫിലിപ്പൈന്‍സിലെ തീവ്ര ഇടതുപക്ഷ സംഘടനയിലെ നേതാക്കളുമായി റിന്‍ഷാദ് ഫെയ്‌സ്ബുക്കിലൂടെ ബന്ധപ്പെട്ടതായും കണ്ടെത്തിയിട്ടുണ്ട്. ഇതുസംബന്ധിച്ച് പൊലീസ് അന്വേഷണം തുടരുന്നതിനിടെ പ്രതികള്‍ ജാമ്യം അനുവദിച്ച മലപ്പുറം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് വരുണിന്റെ ഉത്തരവിനെതിരെയാണ് ജില്ലാ സെഷന്‍സ് ജഡ്ജി സുരേഷ്‌കുമാര്‍ പോള്‍ സ്വമേധയാ റിവിഷന്‍ പെറ്റിഷനെടുത്ത് നോട്ടീസ് അയച്ചത്. കേസ് ഈ മാസം അഞ്ചിന് പരിഗണിക്കും.

Sharing is caring!