ജയില്‍പ്പുള്ളികളും ജീവനക്കാരും ജോലിചെയ്ത് മഞ്ചേരിയിലെ ജയില്‍ ജൈവസമ്പുഷ്ടമാക്കി
മഞ്ചേരി : ജയില്‍പ്പുള്ളികളും ജീവനക്കാരുംജോലിചെയ്ത് മഞ്ചേരിയിലെ ജയില്‍ ജൈവസമ്പുഷ്ടമാക്കി.
വിവിധ കേസുകളിലായി മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലില്‍ കഴിഞ്ഞു വരുന്ന തടവു പുള്ളികളും ജയില്‍ സൂപ്രണ്ട് അടക്കമുള്ള ജീവനക്കാരും കൈകോര്‍ത്താണ് തടവറയെ പൂങ്കാവനമാക്കാനുള്ള ശ്രമം. 40 സെന്റ് സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ജില്ലയിലെ ഏക സ്പെഷ്യല്‍ സബ്ജയിലില്‍ കൃഷി ചെയ്യാനുള്ള സ്ഥലം വളരെ പരിമിതമാണ്. എങ്കിലും ഇതിനകത്ത് വിളയുന്നത് വെണ്ട, ചീര, തക്കാളി, പച്ചമുളക്, വഴുതന, പയര്‍, വാഴ എന്നിങ്ങനെ വിഷ രഹിത പച്ചക്കറികളാണ്. രാസവളം തെല്ലും ചേര്‍ക്കാതെ വിളയിക്കുന്ന ഇവ ജയിലില്‍ ഭക്ഷണം ഉണ്ടാക്കാനായി മാത്രം ഉപയോഗിക്കുന്നു. കാര്‍ഷികവൃത്തിയുടെ വിപുലീകരണത്തിന് ഏക തടസ്സം സ്ഥല പരിമിതിയാണ്. സൂപ്രണ്ട് ദിനേഷ് ബാബു, ജയിലുദ്യോഗസ്ഥനായ അബ്ദുല്‍ ജലീല്‍ എന്നിവരുടെ നിര്‍ദ്ദേശവും നേതൃത്വവും ജയില്‍ പൂങ്കാവനമാക്കാനുള്ള ശ്രമത്തിന് ആക്കം കൂട്ടുന്നു. ജയില്‍ പ്രവേശനകവാടത്തിനു ഉള്‍വശത്തായി അലങ്കാരച്ചെടികളും നട്ടുപിടിപ്പിച്ചിട്ടുണ്ട്. ജയില്വാസികളുടെയും ജീവനക്കാരുടെയും മാനസികാരോഗ്യത്തിന് ഈ ഉദ്യാനം നവോന്മേഷം പകരുന്നു. അവശേഷിക്കുന്ന അല്പ സ്ഥലത്ത് ഔഷധ സസ്യങ്ങള്‍ നട്ടുവളര്‍ത്താനും പദ്ധതിയുണ്ടെന്ന് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
സംസ്ഥാന വ്യാപകമായി ജയിലുകളില്‍ സെക്യൂരിറ്റി ഓഡിറ്റ് നടത്തുന്നതിനോടനുബന്ധിച്ച് മഞ്ചേരി സ്പെഷ്യല്‍ സബ്ജയിലിലും സുരക്ഷാ സംവിധാനങ്ങള്‍ വിപുലീകരിക്കുന്നതില്‍ കാര്യമായ പുരോഗതി വരുത്തിയിട്ടുണ്ട്. തടവറയുടെ പുറംഭിത്തി ഒരു മീറ്ററിലധികം ഉയര്‍ത്തി. പുതിയ ബോര്‍ഡ് സ്ഥാപിച്ചു. ജയിലിലേക്കുള്ള വഴി ഇന്റര്‍ലോക്ക് പാകി. ഇലക്ട്രിക്കല്‍ പാനല്‍ ബോര്‍ഡിന് സുരക്ഷാ കവചം സ്ഥാപിച്ചു. തൂണുകള്‍ ലോഹത്തകിടുകളാല് ആവരണം ചെയ്തു. തടവുപുള്ളികള്‍ക്ക് സന്ദര്‍ശകരുമായി കാണാനും സംസാരിക്കാനുമായുള്ള ഇന്‍ര്‍വ്യൂ ഗ്രില്‍ നവീകരിച്ചു. പുകയില ഉല്‍പ്പന്നങ്ങള്‍, മയക്കുമരുന്ന്, ആയുധങ്ങള്‍ തുടങ്ങിയവ സന്ദര്‍ശകര്‍ തടവുപുള്ളികള്‍ക്ക് കൈമാറുന്നത് തടയാനാണിത്.
അന്തേവാസികളുടെ ആധിക്യം മൂലം ജയില്‍ ശ്വാസം മുട്ടുകയാണ്. 27 പേരെ മാത്രം താമസിപ്പിക്കാവുന്ന പുരുഷന്മാരുടെ ജയിലില്‍ ഇന്നലെ 95 പേരാണുള്ളത്. നൂറ്റിപ്പത്ത് പേരുണ്ടായിരുന്നതില്‍ 15 പേരെ ഇക്കഴിഞ്ഞ ദിവസം പെരിന്തല്‍മണ്ണ സബ് ജയിലിലേക്ക് മാറ്റുകയായിരുന്നു. ജയില്‍ പുള്ളികളില്‍ സിംഹ ഭാഗവും പോക്സോ കേസുമായി ബന്ധപ്പെട്ട് റിമാന്റില്‍ കഴിയുന്നവരാണ്. ജില്ലയിലെ പോക്സോ സ്പെഷ്യല്‍ കോടതി മഞ്ചേരിയിലായതിനാല്‍ ഇത്തരം തടവുകാരെ മഞ്ചേരി സബ്ജയിലില്‍ താമസിപ്പിക്കുന്നതാണ് ഉചിതം. മറ്റു ജയിലുകളിലേക്ക് ഇവരെ മാറ്റിപ്പാര്‍പ്പിക്കുന്ന പക്ഷം എസ്കോര്‍ട്ട്, യാത്രാ ചെലവ് എന്നീയിനങ്ങളില്‍ സര്‍ക്കാരിന് സാമ്പത്തിക ചെലവുണ്ടാകും.
ജില്ലാ ജയിലിന്റെ പ്രവൃത്തി തവനൂരില്‍ പൂര്‍ത്തിയായി വരുന്നുണ്ട്. പതിമൂന്നര കോടി രൂപയുടെ പുതിയ ഫണ്ട് കൂടി എത്തിയതോടെ പ്രവൃത്തി ധ്രുത ഗതിയിലാണ്. ജില്ലാ ജയില്‍ പ്രവര്‍ത്തനസജ്ജമാകുന്നതോടെ മഞ്ചേരി സബ് ജയിലില്‍ അനുഭവപ്പെടുന്ന തടവുപുള്ളികളുടെ ആധിക്യത്തിന് അറുതിയായേക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]