മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി

മലപ്പുറം: ഒഴുകിയെത്തിയ ഹരിതസാഗരത്തെ സാക്ഷിയാക്കി മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന് ഉജ്ജ്വല പരിസമാപ്തി.  അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ 2018 മാര്‍ച്ച് 10 ന് ആരംഭിച്ച ജില്ലാ മുസ്ലിംലീഗ് കാമ്പയിന്റെ സമാപന ഭാഗമായി നടന്ന ജില്ലാ സമ്മേളനത്തിന് ഫെബ്രുവരി 16ന് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ പതാക ഉയര്‍ത്തിയതോടെയാണ് തുടക്കം കുറിച്ചത്. സമ്മേളന ഭാഗമായി വിവിധ പഠന വേദികളും പോഷക ഘടകങ്ങളുടെ സംഗമങ്ങളും നടന്നു. ജില്ലയിലെ മുതിര്‍ന്ന പാര്‍ട്ടി പ്രവര്‍ത്തകരെ പങ്കെടുപ്പിച്ച് നടത്തിയ കാരണവന്‍മാരുടെ തലമുറ സംഗമമായിരുന്നു സമ്മേളനത്തിലെ ആദ്യഇനം. പ്രതിനിധി സമ്മേളനം, വിവിധ മത സംഘടനാ നേതാക്കളെ പങ്കെടുപ്പിച്ച് നടന്ന ഉലമ-ഉമറാ സംഗമം, യുവജന-വിദ്യാര്‍ത്ഥി സമ്മേളനങ്ങള്‍, വനിതാലീഗ് സമ്മേളനം, ദളിത് കുടുംബ സംഗമം, ലോയേഴ്സ് സംഗമം, തൊഴിലാളികളെയും കര്‍ഷരെയും പങ്കെടുപ്പിച്ച് നടന്ന കര്‍ഷക-തൊഴിലാളി സമ്മേളനം, പ്രവാസി പ്രശ്നങ്ങളും പരിഹാരങ്ങളും ചര്‍ച്ചയായ പ്രവാസി-കെ എം സി സി സംഗമങ്ങള്‍, ജില്ലയുടെ വികസനം നേട്ടവും കോട്ടവും ചര്‍ച്ച ചെയ്ത ജില്ലാ വികസന സെമിനാര്‍, സംവരണ സെമിനാര്‍, പ്രമുഖ വ്യക്തിത്വങ്ങളും കലാകാരന്മാരും പങ്കെടുത്ത സാംസ്‌കാരി സമ്മേളനവും ഉള്‍പ്പെടെ പതിനാറു സെഷനുകള്‍ പൂര്‍ത്തിയാക്കിയാണ് ജില്ലാ സമ്മേളനം പൊതുസമ്മേളനത്തോടെ സമാപിച്ചത്. വൈകീട്ട് 3 മണിക്ക് എം എസ് പി പരിസരത്ത് നിന്ന് ആരംഭിച്ച ജില്ലയിലെ വൈറ്റ് ഗാര്‍ഡ് വളണ്ടിയര്‍മാരുടെ പരേഡ് വേദിയിലെത്തിയതോടെയാണ് പൊതു സമ്മേളനത്തിന് തുടക്കം കുറിച്ചത്.
സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന സമാപന മഹാസമ്മേളനം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്തു. സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് മുഖ്യാതിഥിയായിരിന്നു. പ്രതിപക്ഷ ഉപനേതാവ് രമേശ് ചെന്നിത്തല മുഖ്യപ്രഭാഷണം നടത്തി. മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി എം.പി, എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി, മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടരി കെ.പി.എ. മജീദ്, മുസ്ലിംലീഗ് ദേശീയ ഓര്‍ഗനൈസിംഗ് സെക്രട്ടറി ഇ.ടി. മുഹമ്മദ് ബഷീര്‍ എം.പി, ദേശീയ ട്രഷറര്‍ പി.വി. അബ്ദുല്‍വഹാബ് എം.പി, ദേശീയ സെക്രട്ടറി എം.പി. അബ്ദുസ്സമദാനി, പ്രതിപക്ഷ ഉപനേതാവ് ഡോ. എം.കെ. മുനീര്‍, അഡ്വ. യു എ ലത്തീഫ്, എം.എല്‍.എമാരായ കെ.കെ. ആബിദ് ഹുസൈന്‍ തങ്ങള്‍, അഡ്വ. എന്‍. ഷംസുദ്ദീന്‍, പി. അബ്ദുല്‍ഹമീദ്, അഡ്വ. കെ.എന്‍.എ. ഖാദര്‍, കെ.എം. ഷാജി, പി.കെ. അബ്ദുറബ്ബ്, ടി.എ. അഹമ്മദ് കബീര്‍, അഡ്വ. എം. ഉമ്മര്‍, ടി.വി. ഇബ്രാഹിം, എന്‍.എ. നെല്ലിക്കുന്ന്, കെ. കുട്ടി അഹമ്മദ്കുട്ടി, അഡ്വ. പി.എം.എ. സലാം, ഡോ. സി.പി. ബാവഹാജി, യു സി രാമന്‍, അഡ്വ. വി വി പ്രകാശ്, അബ്ദുറഹിമാന്‍ രണ്ടത്താണി, അഡ്വ. പി എം സാദിഖലി, ടി പി അഷ്റഫലി, കൊളത്തൂര്‍ ടി മുഹമ്മദ് മൗലവി, അഷ്റഫ് കോക്കൂര്‍, എം കെ ബാവ, എം എ ഖാദര്‍, പി എ റഷീദ്, സി മുഹമ്മദലി, എം അബ്ദുള്ളക്കുട്ടി, സലീം കുരുവമ്പലം, ഉമ്മര്‍ അറക്കല്‍, ഇസ്മയില്‍ പി മൂത്തേടം, പി കെ സി അബ്ദുറഹിമാന്‍, കെ എം ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി തുടങ്ങിയവര്‍ സംസാരിച്ചു.
കെ.സി. വേണുഗോപാല്‍ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരവും നിര്‍മ്മാണ്‍ കണ്‍സ്ട്രക്ഷന്‍ എം ഡി നിര്‍മ്മാണ്‍ മുഹമ്മദലിക്കുള്ള ഉപഹാരങ്ങളും ചടങ്ങില്‍ സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമ്മാനിച്ചു.

ഫാസിസത്തിനെതിരെ യോജിച്ച പോരാട്ടമുണ്ടാവണം-സച്ചിന്‍ പൈലറ്റ്

വരാനിരിക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ ഫാസിസ്റ്റ് ശക്തികള്‍ക്കെതിരെ കോണ്‍ഗ്രസിനോടൊന്നിച്ച് എല്ലാ കക്ഷികളും ഒന്നിച്ച് പോരാടണമെന്ന് രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ് പറഞ്ഞു. അഭിമാനകരമായ അസ്തിത്വം എഴുപത് വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന മുസ്ലിംലീഗ് സമ്മേളനത്തില്‍ മുഖ്യാതിഥിയായി പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വര്‍ഗ്ഗീയതക്കെതിരെ ശക്തമായ നിലപാടെടുത്ത പ്രസ്ഥാനമാണ് യു പി എയും കേരളത്തിലെ യു ഡി എഫും. വര്‍ഗ്ഗീയ-ഫാസിസ്റ്റുകളെ പരാജയപ്പെടുത്തി മതേതര ശക്തിയുടെ കൂടെ നില്‍ക്കാന്‍ യുവാക്കള്‍ മുന്നിട്ടിറങ്ങണം. കേരളത്തില്‍ നടക്കുന്ന അക്രമ സംഭവങ്ങള്‍ പരിഷ്‌കൃത സമൂഹത്തിന് യോജിച്ചതല്ല. അക്രമരാഷ്ട്രീയം വേദനാജനകമാണ്. പൊതു തെരഞ്ഞെടുപ്പില്‍ സി പി എം നടത്തുന്ന അക്രമങ്ങള്‍ക്കെതിരെയും ബി ജെ പിയുടെ വര്‍ഗ്ഗീയതക്കെതിരെയും മറുപടി നല്‍കി കേരളത്തിലെ മുഴുവന്‍ സീറ്റുകളിലും വിജയം നേടണമെന്നും അദ്ദേഹം പറഞ്ഞു.
ജനങ്ങളെ ഭിന്നിപ്പിച്ച് വീണ്ടും അധികാരത്തിലെത്താനാണ് നരേന്ദ്രമോഡി ശ്രമിക്കുന്നതെന്ന് എ ഐ സി സി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ പറഞ്ഞു. അഞ്ചുവര്‍ഷത്തെ ഭരണപരാജയം മറച്ച് വെക്കാന്‍ പുതിയ തന്ത്രങ്ങള്‍ മെനയുകയാണ് മോഡിയും ബി ജെ പിയും. പുല്‍വാമ ഭീകരാക്രമണത്തിലുണ്ടായ സുരക്ഷാ വീഴ്ചയെക്കുറിച്ച് പ്രധാനമന്ത്രി ജനങ്ങളോട് മറുപടി പറയേണ്ടിവരുമെന്നും അദ്ദേഹം പറഞ്ഞു. പൊതുപ്രവര്‍ത്തന ജീവിതത്തില്‍ ഒരുപാട് അവാര്‍ഡുകള്‍ ലഭിച്ചിട്ടുണ്ടെങ്കിലും ശിഹാബ് തങ്ങളുടെ പേരില്‍ ലഭിച്ച പുരസ്‌കാരത്തില്‍ ഏറെ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു. കെ.സി. വേണുഗോപാല്‍ എം.പിക്ക് കോഴിക്കോട് ശിഹാബ് തങ്ങള്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ സ്മാരക രാഷ്ട്രസേവാ പുരസ്‌കാരം സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ സമര്‍പ്പിച്ചു.

ഇടതുസര്‍ക്കാറിന്റേത് നേട്ടങ്ങളില്ലാത്ത
ആയിരം ദിനങ്ങള്‍-രമേശ് ചെന്നിത്തല

ജനങ്ങളുടെ മുന്നില്‍ എടുത്ത്കാണിക്കാവുന്ന പദ്ധതികളൊന്നുമില്ലാത്ത ആയിരം ദിനങ്ങളാണ് ഇടതുസര്‍ക്കാറിന്റേതെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനത്തിന്റെ സമാപന സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. ആയിരം ദിനങ്ങള്‍ കൊണ്ട് ആയിരം പേര്‍ക്ക് പോലും നേട്ടങ്ങളെത്തിക്കാന്‍ സര്‍ക്കാറിനായിട്ടില്ല. 29 കൊലപാതകങ്ങളാണ് സര്‍ക്കാറിന്റെ നേട്ടം. യു ഡി എഫ് തുടങ്ങിവെച്ച പദ്ധതികളുടെ ഉദ്ഘാടനം ചെയ്യുന്ന തിരക്കിലാണിപ്പോല്‍ മന്ത്രിമാര്‍. കൊച്ചി മെട്രോയും കണ്ണൂര്‍ വിമാനതാവളവും യു ഡി എഫിന്റെ നേട്ടമാണ്. ഉയര്‍ത്തിക്കാണിക്കാന്‍ നേട്ടങ്ങളൊന്നുമില്ലാതെയാണ് സര്‍ക്കാര്‍ ആയിരം ദിനാഘോഷ പരിപാടികള്‍ സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
ന്യൂനപക്ഷ വിരുദ്ധ സമീപനമാണ് സര്‍ക്കാറിന്റേത്. ന്യൂനപക്ഷവകുപ്പ് നിഷ്‌ക്രിയമാണ്. ജനങ്ങള്‍ക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങളൊന്നും ലഭിക്കുന്നില്ല. ന്യൂനപക്ഷങ്ങളുടെ സംവരണവുമായി ബന്ധപ്പെട്ട കെ എ എസ് വിഷയത്തിലും മുത്തലാഖ് വിഷയത്തിലും സര്‍ക്കാര്‍ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമിച്ചത്. നിയമസെക്രട്ടറിയെപ്പോലും ഇതിന് വേണ്ടി ഉപയോഗപ്പെടുത്തി. എന്നാല്‍ യു ഡി എഫ് ഒറ്റക്കെട്ടായി അതിനെ പരാജയപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
ഇടതു സര്‍ക്കാര്‍ കൊലപാതക രാഷ്ട്രീയമാണ് പ്രോത്സാഹിപ്പിക്കുന്നത്. കാസര്‍കോട്ടെ ഇരട്ടകൊലപാതകങ്ങളില്‍ തെളിയിക്കുന്നത് ഇതാണ്. പാര്‍ട്ടി അനുഭാവികള്‍ക്ക് മാത്രമാണ് സംസ്ഥാനത്ത് രക്ഷയുളളത്. മുഖ്യമന്ത്രിക്ക് കൊലയാളിയുടെ മനസ്സാണുള്ളത്. ഫാസിസത്തിനെതിരായ പോരാട്ടം നടക്കുന്ന പൊതു തെരഞ്ഞെടുപ്പില്‍ യു ഡി ഫ് ശക്തമായ മുന്നേറ്റമുണ്ടാക്കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!