വേര്‍പാട്- ഡോ. ജസീന ബഷീര്‍

വേര്‍പാട്- ഡോ. ജസീന ബഷീര്‍
വേര്‍പാട്- ഡോ. ജസീന ബഷീര്‍

ഒരാളുടെ വേര്‍പാട് എന്നാല്‍ അയാളുള്ളിടം ശൂന്യമാക്കപ്പെടലാണെന്നു തോന്നിയിരുന്നു. പക്ഷേ ഇന്നറിയുന്നു.. വേര്‍പാടെന്നാല്‍ മസസ്സില്‍ ഇതുവരെ ശൂന്യമായിരുന്നിടം പോലും ഓര്‍മ്മകളാല്‍ നിറയുന്നതാണെന്ന്. നമ്മില്‍ നിന്നും വേര്‍പെട്ടു പോകുന്നവര്‍ ഇനി കൂടെയില്ലെന്നു എത്ര പറഞ്ഞു പഠിപ്പിച്ചാലും മനസ്സ് അത് കേള്‍ക്കാതെ വെറുതേ തിരയും, എവിടെയെങ്കിലും അവരുടെ ചിരി കേള്‍ക്കുന്നുണ്ടോ സംസാരം കേള്‍ക്കുന്നുണ്ടോ ഒരു നിശ്വാസമെങ്കിലും ഉണ്ടോ എന്ന്. വേര്‍പെടും മുമ്പ് ഇല്ലാത്തിടത്ത് പോലും വിരഹത്തില്‍ പൊതിഞ്ഞ ഓര്‍മ്മകള്‍ പുനര്‍ജനിക്കുന്നു. ഇല്ലെന്ന് എത്രവട്ടം പറഞ്ഞാലും മനസ്സ് പറയും, കൂടെ നില്‍ക്കാതെ വേറെ എവിടെ പോകാന്‍. കണ്ണു നിറയുമ്പോള്‍ തുടച്ചു തരുന്ന കൈകളാണ് വേര്‍പെട്ടതെങ്കില്‍ മനസ്സ് ആര്‍ത്തലച്ചു കരഞ്ഞാലും ചുണ്ടുകള്‍ ചിരിക്കണം . കാരണം, കണ്ണ് തുടച്ചു തരുവാനും ചേര്‍ത്ത് പിടിക്കാനും ഉണ്ടായിരുന്നവര്‍ ലോകം വിട്ടു പോയാലും അവരുടെ റൂഹുകള്‍ നമ്മുടെ കണ്ണുനീര്‍ കണ്ട് വേദനിക്കരുത്.

വേര്‍പാടിന് മരണം എന്നൊരു പേരിട്ട് അടര്‍ന്നുപോയവര്‍ നമ്മളെ കളിപ്പിക്കാനായി എവിടെയോ ഒളിച്ചിരിക്കുകയാണെന്ന് തോന്നാറുണ്ട് . ജീവിതത്തിലെ ഓരോ ചെറിയ ചെറിയ കാര്യങ്ങളും വേര്‍പ്പെട്ടവരെ ഓര്‍മ്മപ്പെടുത്തുമ്പോള്‍ ഓടിച്ചെന്ന് എല്ലായിടത്തും തിരയാന്‍ തോന്നുന്നു. എവിടെയോ മറഞ്ഞിരിക്കുന്നവരെ വലിച്ചു പുറത്തിട്ടു എവിടെപ്പോയിരുന്നു, എത്ര നേരമായി നോക്കുന്നു, എനിക്ക് ഒരുപാട് പറയാനുണ്ട്, പറഞ്ഞതൊക്കെ കൊണ്ടു വന്നിട്ടുണ്ട് എന്നൊക്കെ പരിഭവം പറയാന്‍ തോന്നുന്നു. വെറുതെയാണീ ചിന്തകളെന്നു തിരിച്ചറിയുമ്പോഴും അറിയാതെ ആഗ്രഹിച്ചു പോവുന്നു, മരണത്തിലേക്ക് നടന്നുപോയവരെ ഒരിക്കലെങ്കിലും.. ഒരിക്കല്‍.. ഒരിക്കല്‍ മാത്രമെങ്കിലും ഒന്നുകൂടി കാണാന്‍ കഴിഞ്ഞിരുന്നെങ്കില്‍…

ഇപ്പോള്‍ ചുറ്റുമുള്ളവരെ പൊതിഞ്ഞു പിടിക്കുന്ന കൈകളായി മാറാന്‍ പ്രാര്‍ത്ഥിക്കുകയാണ്. നമുക്ക് വേദനകള്‍ സഹിക്കാനേ കഴിയൂ മറ്റുള്ളവരുടെ വേദനകള്‍ സഹിച്ചുകൊടുക്കാന്‍ കഴിയില്ല. പക്ഷേ ശൂന്യമായ ഇടങ്ങളുണ്ടെങ്കില്‍ അവിടെ നിറവാകാന്‍ കഴിയും. നമ്മളെക്കാള്‍ തളര്‍ന്നവര്‍ക്കു താങ്ങാവാന്‍ കഴിയും.. നമ്മള്‍ നമ്മളെത്തന്നെ ആശ്വസിപ്പിക്കേണ്ടിയിരിക്കുന്നു..

എത്രതന്നെ കട്ടിയുള്ള പുതപ്പിട്ടു മൂടിയാലും ഉള്ളിലെരിയുന്ന വേര്‍പാടിന്റെ വേദന ഇടയ്ക്കിടെ തലപൊക്കുന്നു. കണ്ണീരിന് ചിരിയുടെ പുതപ്പിട്ട് കൊടുക്കുകയാണ്. കാലം മറവിയുണ്ടാക്കില്ലെങ്കിലും ഒരു മങ്ങലെങ്കിലും തരാതിരിക്കില്ല.. നാഥന്‍ കൂടെയുണ്ടാവട്ടെ…

Sharing is caring!