മലപ്പുറത്തുകാരനായ ഗുരുവിന് മുഖ്യമന്ത്രിയുടെ സ്‌നേഹാശ്ലേഷം

മലപ്പുറത്തുകാരനായ ഗുരുവിന് മുഖ്യമന്ത്രിയുടെ സ്‌നേഹാശ്ലേഷം

മലപ്പുറം: ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി പിണറായി വിജയനെ കാണാന്‍ ഒരു മധ്യവയസ്‌കന്‍ കാത്തുനില്‍പ്പുണ്ടായിരുന്നു. കൈയില്‍ പഴയ കോളേജ് മാഗസീനുമായി നിന്ന ആളെ കണ്ടതും പിണറായി ഒന്നു ചിരിച്ചു. സന്തോഷത്തോടെയും ആദരവോടെയും ആശ്ലേഷിച്ചു. പഴയ അധ്യാപകന്‍ മമ്മദുണ്ണി മാഷ്. പ്രീ യൂണിവേഴ്‌സിറ്റിയിലും ബി എ ഇക്കണോമിക്‌സിലും ബ്രണ്ണന്‍ കോളേജില്‍ പഠിക്കുമ്പോള്‍ തന്നെ പഠിപ്പിച്ച പ്രിയ അധ്യാപകന്‍. വര്‍ഷങ്ങള്‍ക്കിപ്പുറം കേരളത്തിന്റെ മുഖ്യനെ കണ്ടപ്പോള്‍ ആ അധ്യാപകന്റെ കണ്ണിലിപ്പോഴും മായാതെയുള്ളത് മുണ്ടിന്റെ അറ്റം പിടിച്ച് ബ്രണ്ണന്‍ കോളേജിലൂടെയുള്ള പ്രിയ ശിഷ്യന്റെ നടത്തം തന്നെയായിരുന്നു.കൈയില്‍ കൊണ്ടുവന്ന മാഗസിനുകള്‍ അധ്യാപകന്‍ തന്റെ പ്രിയ ശിഷ്യനെ കാണിച്ചു. ഒന്ന് പിണറായിയുടെ ആത്മസുഹൃത്തും സഹപാഠിയുമായ പ്രൊഫസര്‍ എന്‍ മുകുന്ദന്‍ ബ്രണ്ണന്‍ നൈറ്റ്‌സില്‍ എഴുതിയ ലേഖനം. പിന്നെ ‘അറേബ്യയിലെ സുല്‍ത്താന്‍’ എന്ന പ്രസിദ്ധീകരണത്തില്‍ മമ്മദുണ്ണി മാഷെഴുതിയ പിണറായി എന്റെ സ്വന്തം വിദ്യാര്‍ത്ഥി എന്ന ലേഖനവും.പ്രൊഫസര്‍ എന്‍ മുകുന്ദന്റെ അകാല വിയോഗത്തെ പറ്റിയും ഇരുവരും ഓര്‍മ്മകള്‍ പങ്കുവെച്ചു.

പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണുന്നതായിരുന്നു വിജയന്‍ എന്ന വിദ്യാര്‍ത്ഥി നേതാവിന്റെ പ്രധാന ആകര്‍ഷണം. അങ്ങനെ മധ്യസ്ഥന്‍ എന്ന പേരും കിട്ടി. പിണറായി വിജയന്റെ ജീവിതം പറയുന്ന ലേഖനത്തില്‍, അണ്ടല്ലുര്‍ കടവ് തോണിസമരവും ഓലയമ്പലം ആര്‍ സി അമല സ്‌കൂളിലെ പഴയ ഏഴാം ക്ലാസുകരനെ പറ്റിയും, ചക്കര സ്റ്റോറില്‍ ചക്കര തൂക്കി കൊടുത്തിരുന്ന നാളുകള്‍, അദ്ധേഹത്തിന്റെ ജീവിത വൈഷമ്യതകളടക്കം കഴിഞ്ഞ കാലത്തിലെ പിണറായിയുടെ ജീവിത യാത്രയിലെ സുപ്രധാന സംഭവങ്ങളെല്ലാം അതില്‍ പറഞ്ഞിട്ടുണ്ട്. നല്ല ബാഡ്മിന്റണ്‍ കളിക്കാരനായിരുന്നു അദ്ദേഹമെന്നും പ്രൊഫ മുകുന്ദന്‍ ലേഖനത്തില്‍ അനുസ്മരിക്കുന്നു.

തന്റെ വിദ്യാര്‍ത്ഥിയെ കുറിച്ച് മാഷ് ഒന്നും മറന്നിട്ടില്ല. അധ്യാപകരോട് തികഞ്ഞ ബഹുമാനമുണ്ടായിരുന്ന വിജയനായിരുന്നു തോണികടത്ത് മുടങ്ങുന്നതിനും കൂലി വര്‍ധനക്കും എതിരെ വിദ്യാര്‍ഥി സമരം നയിച്ചത്. അന്നോളം ബ്രണ്ണണ്‍ കോളേജ് കണ്ടിട്ടില്ലാത്ത വിധം വലിയ ഒരു റാലിയും പിണറായിയുടെ നേതൃത്വത്തില്‍ നടത്തി. ഞങ്ങള്‍ അധ്യാപകര്‍ക്കെല്ലാം വിജയനോടു വലിയ മതിപ്പായിരുന്നെന്നും അദ്ദേഹം പറയുന്നു. പിണറായിക്ക് പുറമെ ഇ അഹമ്മദ്, എ കെ ബാലന്‍ ,സ്പീക്കര്‍ പി ശ്രീരാമകൃഷ്ണന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്‍ തുടങ്ങിയവരും മമ്മദുണ്ണി മാഷിന്റെ ശിഷ്യരാണ്.

ഗസ്റ്റ് ഹൗസ് റിസപ്ഷനു മുന്നില്‍ നിന്ന് മുറിയിലേക്ക് മാഷെ ക്ഷണിച്ചിരുത്തിയ പിണറായി അവിടെവച്ച് കുറിപ്പുകള്‍ മുഴുവന്‍ വായിച്ചു. മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50,000 രൂപയുടെ ചെക്കും മമ്മദുണ്ണി മാഷ് കൈമാറി. ഒപ്പം ദുബായില്‍ വച്ച് കിട്ടിയ പേനയും. മകന്‍ സലാവുദ്ദീനൊപ്പമായിരുന്നു മാഷിന്റെ സന്ദര്‍ശനം.

Sharing is caring!