മുസ്ലിംലീഗ് ജില്ലാ സമ്മേളനം സൗഹൃദ സംഗമവേദിയായി ഉലമാ ഉമറാ സംഗമം

മുസ്ലിംലീഗ് ജില്ലാ സമ്മേളനം സൗഹൃദ സംഗമവേദിയായി ഉലമാ ഉമറാ സംഗമം

മലപ്പുറം: മുസ്ലിംലീഗ് ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഉലമ-ഉമറാ സംഗമം സമുദായ ഐക്യത്തിന്റെ സൗഹൃദവേദിയായി മാറി. രാജ്യത്തെ സുപ്രധാനമേഖലകളിലെല്ലാം ഫാസിസം പിടിമുറുക്കുമ്പോള്‍ ന്യൂനപക്ഷ-പിന്നോക്ക വിഭാഗങ്ങളുടെ ഐക്യത്തിന്റെ ആവശ്യം ഉറക്കെ പ്രഖ്യാപിക്കുന്നതായിരുന്നു സംഗമം. പൊതുപ്രശ്നങ്ങളെ ജനാധിപത്യ മാര്‍ഗ്ഗത്തിലൂടെ നേരിടുവാനും ബഹുസ്വരസമൂഹത്തില്‍ ഇതര സമുദായങ്ങളെ വിശ്വാസത്തിലെടുത്ത് ന്യൂനപക്ഷ അവകാശങ്ങള്‍ നേടിയെടുക്കാനും ഐക്യത്തോടെയുള്ള പ്രവര്‍ത്തനങ്ങള്‍ ആവശ്യമാണ്. ഇക്കാര്യത്തില്‍ സമൂഹത്തെ പ്രാപ്തമാക്കുന്നതില്‍ ഉലമാക്കളും ഉമറാക്കളും കടമതിരിച്ചറിഞ്ഞ് ഉത്തരവാദിത്തം നിറവേറ്റണമെന്നും സംഗമം പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
സയ്യിദ് ഉമറലി ശിഹാബ് തങ്ങള്‍ നഗറില്‍ നടന്ന സംഗമത്തില്‍ ആള്‍ ഇന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് ജനറല്‍ സെക്രട്ടറി സഫറിയാബ് ജീലാനി ലഖ്നോ മുഖ്യാതിഥിയായിരുന്നു. കേരളത്തില്‍ പണ്ഡിതരുടെയും രാഷ്ട്രീയ നേതാക്കളുടെയും ഒത്തൊരുമിച്ചുള്ള മുന്നേറ്റമാണ് വിദ്യാഭ്യാസ രംഗത്തെ സംവരണം ഉള്‍പ്പെടെ പല അവകാശങ്ങളും നേടിയെടുക്കാന്‍ കേരളത്തിലെ ന്യൂനപക്ഷങ്ങള്‍ക്ക് സാധ്യമായതെന്ന് അദ്ദേഹം പറഞ്ഞു.
മുസ്ലിംലീഗ് ജില്ലാ പ്രസിഡണ്ട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ അധ്യക്ഷത വഹിച്ചു. ന്യൂനപക്ഷ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള പോരാട്ടങ്ങളില്‍ യോജിപ്പിന്റെ വഴികണ്ടെത്താന്‍ സമൂഹത്തിന് സാധിക്കണമെന്ന് അദ്ദേഹം പറഞ്ഞു. പൊതുവിഷയങ്ങളില്‍ ഒന്നിച്ച് നിന്നത് മൂലമാണ് കഴിഞ്ഞ കാലങ്ങളിലെ പ്രതിസന്ധികളെ നേരിടാന്‍ സമുദായത്തിന് സാധിച്ചത്. അനൈക്യത്തിന്റെ വഴികളേറെയുണ്ടെങ്കിലും ഐക്യത്തിന്റെ വഴികളാണ് മികച്ച് നില്‍ക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പി കെ കുഞ്ഞാലിക്കുട്ടി എം പി, ഇ ടി മുഹമ്മദ് ബഷീര്‍ എം പി, പി വി അബ്ദുല്‍ വഹാബ് എം പി, കെ പി എ മജീദ്, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, എം.സി. മായിന്‍ഹാജി, സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ മുശാവറ അംഗം ദാറുല്‍ഹുദ ഇസ്ലാമിക് യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ബഹാവുദ്ദീന്‍ നദ്വി, കെ എന്‍ എം സംസ്ഥാന പ്രസിഡണ്ട് ടി പി അബ്ദുള്ളക്കോയ മദനി, ജമാഅത്തെ ഇസ്ലാമി കേരള അമീര്‍ എം ഐ അബ്ദുള്‍ അസീസ്, സംസ്ഥാനകേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രടറി എ നജീബ് മൗലവി, സി പി ഉമര്‍ സുല്ലമി, അബ്ദുസമദ് പൂക്കോട്ടൂര്‍, കുഞ്ഞിമുഹമ്മദ് മദനി പറപ്പൂര്‍, ഹക്കീംഫൈസി ആദൃശ്ശേരി, അഡ്വ.എം. ഉമ്മര്‍ എം.എല്‍.എ, പി.കെ. ബഷീര്‍ എം.എല്‍.എ, അഡ്വ. എന്‍. ഷംസുദ്ദീന്‍ എം.എല്‍.എ, പി. ഉബൈദുല്ല എം.എല്‍.എ, ടി വി ഇബ്രാഹിം എം എല്‍ എ, കെ എ റഹ്മാന്‍ ഫൈസി, കോട്ടുമല മൊയ്തീന്‍കുട്ടി മുസ്ലിയാര്‍, എം എ ഖാദര്‍, സി മുഹമ്മദാലി സംബന്ധിച്ചു.

Sharing is caring!