പറവണ്ണയിലെ വെട്ട് കേസും തീവെപ്പും: കഞ്ചാവ് മാഫിയയിലെ നാല് യുവാക്കള്‍ അറസ്റ്റില്‍

തിരൂര്‍: പറവണ്ണയില്‍ കാറിലെത്തി യുവാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ കഞ്ചാവ് മാഫിയാ അംഗങ്ങളായ നാലു പേര് അറസ്റ്റില്‍. പറവണ്ണ സ്വദേശികളായ അരയന്റെപുരക്കല്‍ ഫെമീസ് (27), ചെറിയകോയാമുവിന്റെ പുരക്കല്‍ സമീര്‍ (23), പക്കിയമാക്കാനകത്ത് റാഫിക് മുഹമ്മദ് (24), കമ്മാക്കാന്റെപുരക്കല് അര്‍ഷാദ് (22) എന്നിവരെയാണ് തിരൂര്‍ എസ്.ഐ സുമേഷ് സുധാകറിന്റെ നേത്യത്വത്തിലുള്ള പോലീസ് അറസ്റ്റ് ചെയതത്. സ്പെഷ്യല്‍ ബ്രാഞ്ച് ഓഫീസര്‍ അബ്ദുല്‍ഷുക്കൂറിന്റെ ബൈക്ക് തീയിട്ട് നശിപ്പിച്ച കേസിലെ പ്രതികളാണ് സമീറും അര്‍ഷാദും. മുഖംമൂടിധാരികളായി വാഹനത്തിലെത്തി യുവാക്കളെ വെട്ടിപരുക്കേല്‍പ്പിച്ച കേസില്‍ സമീറും പ്രതിയാണ്. ഇവര്‍ക്ക് പുറമെയാണ് ഫമീസ്, റാഫിഖ് മുഹമ്മദ് എന്നിവര്‍ക്കെതിരെയും പൊലിസ് നടപടിയുണ്ടായത്. കഞ്ചാവ് കടത്ത് ശ്യംഖലയിലെ മുഖ്യകണ്ണികളായ സമീറും ഫെമീസും തീരദേശം കേന്ദ്രീകരിച്ച് വ്യാപകമായി കഞ്ചാവ് വില്‍പ്പന നടത്തിവരികയായിരുന്നു. ഇതിനിടയിലാണ് ഇവരുടെ കൂട്ടത്തില്‍ നിന്ന് ഏതാനും യുവാക്കള്‍ പിന്മാറിയത്. കഞ്ചാവ് ഇടപാടുകളെക്കുറിച്ച് സംഘത്തില്‍ നിന്ന് പിന്മാറിയവര് പോലീസിന് വിവരം നല്‍കിയെന്ന തോന്നലിനെ തുടര്‍ന്ന് സമീറും ഫെമീസും റാഫിഖ് മുഹമ്മദും യുവാക്കളെ ആയുധങ്ങളുമായി ആക്രമിച്ചത്.സംഭവത്തെ രാഷ്ട്രീയവത്ക്കരിക്കാന്‍ പ്രതികള്‍ ശ്രമിച്ചെങ്കിലും പോലീസിന്റെയും രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുടെയും ഇടപെടല്‍ കാരണം പരാജയപ്പെടുകയായിരുന്നു. ആന്ധ്രഉള്പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് കേരളത്തിലേക്ക് കഞ്ചാവെത്തിക്കുന്ന പ്രതികള്‍ വരുമാനമായി ലഭിക്കുന്ന ലക്ഷകണക്കിന് രൂപ ഉപയോഗിച്ച് ആര്‍ഭാടജീവിതമാണ് നയിച്ചിരുന്നത്. ഇതിനിടെ കൈയ്യില്‍ പണമില്ലാതായപ്പോള്‍ നേരത്തെ കഞ്ചാവ് ഉപയോഗിച്ചിരുന്ന പൊന്നാനി സ്വദേശിയെ തേടി പ്രതികള്‍ എത്തുകയും ഈ വിവരം പൊന്നാനി സ്വദേശി തിരൂര്‍ പോലീസിനെ അറിയിക്കുകയും ചെയ്തതോടെ പ്രതികളെ അതിവിദ്ഗധമായി പിടികൂടുകയായിരുന്നു. കഞ്ചാവ് ഉപയോഗിച്ച് സമനില തെറ്റിയ പൊന്നാനി സ്വദേശിയായ യുവാവ് പോലീസ് സഹായത്തോടെ കൗണ്‍സിലിംഗിന് വിധേയനാണിപ്പോള്. എന്നാല്‍ ഈ വിവരം പ്രതികള്ക്കറിയില്ലായിരുന്നു. ഇതാണ് ആന്ധ, വിശാഖപട്ടണം, മുബൈ, ബംഗളുരൂ എന്നിവിടങ്ങളില്‍ മാറി മാറി താമസിച്ച് സുഖിച്ച പ്രതികള്‍ പോലീസ് വലയിലാകാനിടയാക്കിയത്. സമീര്‍ ഇതിന് മുമ്പും നിരവധി കഞ്ചാവ് കേസുകളില്‍ പ്രതിയായിട്ടുണ്ടെന്ന് എസ്.ഐ സുമേഷ് സുധാകര്‍ പറഞ്ഞു. ഇവരുടെ അറസ്റ്റോടെ പറവണ്ണ തീവെപ്പ് ആക്രമണക്കേസുകളില്‍ മുഴുവന്‍ പ്രതികളും പിടിയിലായി.
RECENT NEWS

മലപ്പുറം നഗരസഭയിൽ ഡ്രോൺ സർവേ പദ്ധതി ഉദ്ഘാടനം ചെയ്തു
മലപ്പുറം: മലപ്പുറം നഗരസഭയിൽ അമൃത് പദ്ധതിയുടെ ഭാഗമായി ജി.ഐ.എസ് അധിഷ്ടിത മാസ്റ്റർ പ്ലാൻ തയ്യാറാക്കുന്നതിനായി മലപ്പുറം നഗരസഭ പ്രദേശത്തിന്റെയും ചുറ്റുമുള്ള പഞ്ചായത്ത് പ്രദേശങ്ങളുടെയും നിലവിലുള്ള ഭൂവിനിയോഗ പഠനത്തിനുള്ള ഡ്രോൺ സർവ്വേ ആരംഭിച്ചു. ഓരോ [...]