എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയം പ്രഖ്യാപനം നാളെ കുറ്റിപ്പുറത്ത്

എസ്.കെ.എസ്.എസ്.എഫ് ട്രൈസനേറിയം പ്രഖ്യാപനം നാളെ കുറ്റിപ്പുറത്ത്

മലപ്പുറം: സമസ്ത കേരളാ സുന്നീ സ്റ്റുഡന്റ്സ് ഫെഡറേഷന്‍ (എസ് കെ എസ് എസ് എഫ് ) മുപ്പതാം വാര്‍ഷികാഘോഷമായ ട്രൈസനേറിയം ഫെബ്രുവരി 20 ന് കുറ്റിപ്പുറത്ത് തുടക്കമാവുമെന്നു സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. നിലപാടുകളുടെ കരുത്ത്, വ്യതിയാനങ്ങളുടെ തിരുത്ത് എന്ന മുദ്രാവാക്യത്തിലാണ് ഒരു വര്‍ഷക്കാലം നീണ്ടു നില്‍ക്കുന്ന വാര്‍ഷികാഘോഷ പരിപാടികള്‍. 1989 ഫെബ്രുവരി 19നാണ് എസ്.കെ.എസ്.എസ്.എഫ് രൂപീകരിച്ചത്.
നാലായിരത്തോളം യൂണിറ്റുകളിലായി പ്രവര്‍ത്തിക്കുന്ന സംഘടനക്ക് അയല്‍ സംസ്ഥാനങ്ങളിലും ഗള്‍ഫ് രാജ്യങ്ങളിലും ഘടകങ്ങളുണ്ട്.സംഘടനക്ക് കീഴിലുള്ള പതിനേഴ് വിംഗുകളും വാര്‍ഷികാഘോഷ കാലയളവില്‍ നടപ്പാക്കുന്ന പദ്ധതികള്‍ പരിപാടിയില്‍ പ്രഖ്യാപിക്കും. മുപ്പതാം വാര്‍ഷികാഘോഷത്തിന്റെ പ്രഥമ സംരംഭമായി ലഹരി, സൈബര്‍ കുറ്റകൃത്യങ്ങള്‍ തുടങ്ങിയവക്ക് അടിമകളായവരെ മോചിപ്പിക്കുന്നതിന് വേണ്ടി വെല്‍നസ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സൈക്കോ സൊല്യൂഷന്‍സ് ആന്റ് റിഹാബിലിറ്റേഷന്‍ എന്ന സ്ഥാപനം സമ്മേളനത്തോടെ കുറ്റിപ്പുറത്ത് പ്രവര്‍ത്തനമാരംഭിക്കും. മനശാസ്ത്ര വിദഗ്ദര്‍ ഉര്‍പ്പടെ ഈ മേഖലയിലെ പ്രമുഖരുടെ സേവനം ലഭ്യമാകും.രാജ്യത്തെ പിന്നാക്ക പ്രദേശങ്ങള്‍ കേന്ദ്രീകരിച്ച് വിദ്യാഭ്യാസ ശാക്തീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതിന്റെ ഭാഗമായി ആരംഭിക്കുന്ന എന്‍ ജി ഒ ഫോര്‍വേഡ് ഫൗണ്ടേഷന്‍ ലോഞ്ചിംഗ് പരിപാടിയില്‍ വെച്ച് നടക്കും. കഴിഞ്ഞ ഒരു വര്‍ഷമായി ബംഗ്ലൂരുവിനടുത്തുള്ള ഹുംഗനൂരില്‍ ഒരു സര്‍ക്കാര്‍ സ്‌കൂള്‍ കേന്ദ്രമാക്കി സംഘടന നടത്തി വരുന്ന പൈലറ്റ് പ്രൊജക്ടിന്റെ അടിസ്ഥാനത്തിലാണ് തുടര്‍ പദ്ധതികള്‍ വ്യാപിപ്പിക്കുന്നത്. സംഘടന സമാഹരിച്ച പ്രളയ ദുരിതാശ്വാസ നിധിയില്‍ നിന്ന് ഒരു കോടി രൂപയുടെ ധന സഹായ വിതരണം പരിപാടിയില്‍ വിതരണം ചെയ്യും.
കഴിഞ്ഞ സി എ പരീക്ഷയില്‍ ഒന്നാം റാങ്ക് നേടിയ സംഘടനയുടെ വിദ്യാഭ്യാസ വിഭാഗമായ ട്രെന്റിന്റെ സ്റ്റെപ്പ് പ്രതിഭ ക്ലബ് അംഗം മുഹമ്മദ് ഷഹബാസിനെ പരിപാടിയില്‍ അനുമോദിക്കും. സംഘടനയുടെ വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട ഉപഹാര സമര്‍പ്പണം, ഫണ്ട്, രേഖാ കൈമാറ്റങ്ങള്‍ തുടങ്ങിയവ ചടങ്ങില്‍ നടക്കും.

കുറ്റിപ്പുറം ദേശീയ പാതയോരത്ത് തയ്യാറാക്കിയ നഗരിയില്‍ വൈകിട്ട് നാല് മണിക്ക് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങളുടെ അധ്യക്ഷതയില്‍ സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ പ്രസിഡന്റ് സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തുക്കോയ തങ്ങള്‍ ട്രൈസനേറിയം പ്രഖ്യാപന സമ്മേളനം ഉദ്ഘാടനം നിര്‍വ്വഹിക്കും. വിവിധ പദ്ധതികളുടെ ലോഞ്ചിംഗ് സമസ്ത ജനറല്‍ സെക്രട്ടറി പ്രൊഫ.കെ ആലി കുട്ടി മുസ്ലിയാര്‍, പാണക്കാട് സയ്യിദ് സ്വാദിഖലി ശിഹാബ് തങ്ങള്‍, സയ്ദ് സമീര്‍ പാഷ ഐ എ എസ് (കര്‍ണാടക) സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിക്കും. സമസ്ത ട്രഷറര്‍ സി.കെ.എം സ്വാദിഖ് മുസ്ലിയാര്‍, സമസ്ത വിദ്യാഭ്യാസ ബോര്‍ഡ് ജനറല്‍ സെക്രട്ടറി എം.ടി അബ്ദുല്ല മുസ്ലിയാര്‍, എസ്.വൈ.എസ് സംസ്ഥാന ജനറല്‍സെക്രട്ടറി സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി അനുഗ്രഹ പ്രഭാഷണം നിര്‍വ്വഹിക്കും. ഡോ.ബഹാഉദ്ദീന്‍ മുഹമ്മദ് നദ് വി, അബ്ദുല്‍ ഹമീദ് ഫൈസി അമ്പലക്കടവ്, അബ്ദുസ്സമദ് പൂക്കോട്ടൂര്‍, എസ് വി മുഹമ്മദലി, ഓണംപിള്ളി മുഹമ്മദ് ഫൈസി വിഷയാവതരണം നടത്തും.
സയ്യിദ് ആബിദ് ഹുസൈന്‍ തങ്ങള്‍ എം എല്‍ എ,മുസ്തഫ മുണ്ടുപാറ, യു ഷാഫി ഹാജി, കെ.മോയിന്‍കുട്ടി മാസ്റ്റര്‍, ഷാഹുല്‍ ഹമീദ് മേല്‍മുറി, നാസര്‍ ഫൈസി കൂടത്തായ് പ്രസംഗിക്കും. മലപ്പുറത്ത് നടന്ന വാര്‍ത്ത സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി സത്താര്‍ പന്തലൂര്‍,ട്രഷറര്‍ ഹബീബ് ഫൈസി കോട്ടോപ്പാടം,വര്‍ക്കിംഗ് സെക്രട്ടറി റശീദ് ഫൈസി വെള്ളായിക്കോട് എന്നിവരും പങ്കെടുത്തു.

Sharing is caring!