ദേശീയ അവാര്‍ഡ് നേടിയ അധ്യാപകന്‍ ഓടക്കല്‍ റഷീദിനെ ഉപഹാരവും നല്‍കി അനുമോദിച്ചു

ദേശീയ അവാര്‍ഡ് നേടിയ  അധ്യാപകന്‍ ഓടക്കല്‍ റഷീദിനെ ഉപഹാരവും നല്‍കി അനുമോദിച്ചു

മലപ്പുറം: മികച്ച അധ്യാപകനുള്ള ദേശീയ അവാര്‍ഡ് നേടിയ കൊണ്ടോട്ടി ജി.വി.എച്ച്.എസ്.എസിലെ അധ്യാപകന്‍ ഓടക്കല്‍ റഷീദ് മാസ്റ്ററെയും കേരള സംസ്ഥാന ഹജ്ജ് കമ്മിറ്റി അംഗമായി തെരഞ്ഞെടുത്ത പാറപ്പുറം അബ്ദുറഹ്മാനെയും(ഇണ്ണി). കേരള മുസ്ലിം ജമാഅത്ത് മേലങ്ങാടി യൂണിറ്റ് കമ്മിറ്റി മൊമെന്റോയും ഉപഹാരവും നല്‍കി അനുമോദിച്ചു.
വിവര സാങ്കേതിക വിദ്യ സാമൂഹിക പുരോഗതിക്ക് ഉപയോഗപ്പെടുത്തിയതിനാണ് കൊണ്ടോട്ടി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ ബയോളജി അധ്യാപകന്‍ റഷീദ് ഓടക്കലിന് ദേശീയ പുരസ്‌ക്കാരം ലഭിച്ചത്. അസ്ട്രോണമി, ബയോളജി, ഇന്‍ഫര്‍മേഷന്‍ കമ്യൂണിക്കേഷന്‍ ടെക്നോളജി എന്നിവയിലെ മികവുറ്റ പ്രവര്‍ത്തനങ്ങള്‍ പരിഗണിച്ചാണ് റഷീദിന് അവാര്‍ഡ്. സംസ്ഥാനത്ത് നിന്ന് റഷീദ് ഉള്‍പ്പടെ നാലു പേരാണ് ദേശീയ തലത്തിലേക്ക് നിര്‍ദേശിക്കപ്പെട്ടിരുന്നത്. കഴിഞ്ഞ മേയില്‍ ഡല്‍ഹിയില്‍ അഞ്ച് ദിവസം നീണ്ട വിവിധ തലത്തിലുള്ള അഭിമുഖങ്ങള്‍ക്ക് ഇവര്‍ വിധേയരായിരുന്നു. മൂന്ന് ഉന്നത ഉദ്യോഗസ്ഥ സംഘവും രണ്ട് ഉന്നത വിദ്യാഭ്യാസ പണ്ഡിതരുമായിരുന്നു വിധി കര്‍ത്താക്കള്‍. 100ല്‍ അധികം അദ്ധ്യാപകര്‍ അവസാന റൗണ്ടിലെത്തിയിരുന്നു. 44 പേരെയാണ് വിവിധ മേഖലകളില്‍ നിന്നായി ദേശീയ പുരസ്‌കാരത്തിന് തെരഞ്ഞെടുത്തിട്ടുള്ളത്. പ്രശസ്തിപത്രവും മെഡലും അര ലക്ഷം രൂപയുടെ ഐ.ടി സാമഗ്രികളടങ്ങിയ കിറ്റും അടങ്ങുന്നതാണ് മാനവ വിഭവശേഷി മന്ത്രാലയം നല്‍കുന്ന ഈ അവാര്‍ഡ്. കഴിഞ്ഞ വര്‍ഷം വരെ ദേശീയ അദ്ധ്യാപക അവാര്‍ഡിനൊപ്പമാണ് ഇതും പ്രഖ്യാപിച്ചിരുന്നത്. ഇത്തവണ പ്രത്യേക ചടങ്ങാക്കാന്‍ മന്ത്രായലയം തീരുമാനിക്കുകയായിരുന്നു. 21ന് ഡല്‍ഹിയിലാണ് പുരസ്‌കാര സമര്‍പ്പണം. എല്‍.പി തലം മുതല്‍ ഹയര്‍ സെക്കന്‍ഡറി തലം വരെയുള്ള അദ്ധ്യാപകരിലെ പ്രവര്‍ത്തനങ്ങളാണ് പുരസ്‌കാരത്തിന് പരിഗണിക്കാറുള്ളത്.

നിലവില്‍ സംസ്ഥാന പാഠപുസ്തകസമിതിയംഗം, സമഗ്ര ഡിജിറ്റല്‍ കണ്ടന്റ് ഡെവലപ്മെന്റ് ടീം അംഗം, അമേച്വര്‍ ജ്യോതിശ്ശാസ്ത്ര കൂട്ടായ്മയായ മലപ്പുറം മാര്‍സ് പ്രവര്‍ത്തക സമിതിയംഗം, കൊണ്ടോട്ടി നഗരസഭ നഗരസഭ ശാസ്ത്ര കേന്ദ്രം സ്ഥാപക കോര്‍ഡിനേറ്റര്‍, അടല്‍ ടിങ്കറിംഗ് ലാബ് കോര്‍ഡിനേറ്റര്‍ തുടങ്ങി വിവിധ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നുണ്ട് റഷീദ്. വിദ്യാഭ്യാസ വെബ്സൈറ്റുകളിലൂടെയും പത്രങ്ങളിലെ വിദ്യാഭ്യാസ കോളങ്ങളിലൂടെയും സുപരിചിതനാണ് ഇദ്ദേഹം. പാഠനിലവാരം മെച്ചപ്പെടുത്തുന്നതിനായി നേരത്തേ രണ്ടു തവണ ലക്ഷദ്വീപിലേക്ക് സര്‍ക്കാര്‍ നിയോഗിച്ച സംഘത്തില്‍ ഉള്‍പ്പെട്ടിരുന്നു. കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കുമായി വിദ്യാഭ്യാസ വകുപ്പും ആരോഗ്യ വകുപ്പും നടത്തി വരുന്ന വിവിധ ശാക്തീകരണ പരിപാടികളുടെ ആസൂത്രണത്തിലും നടത്തിപ്പിലും സജീവമാണ്. രണ്ടു തവണ ആകാശവാണി വിദ്യാഭ്യാസരംഗം പരിപാടി അവതരിപ്പിച്ചിട്ടുമുണ്ട്.

നേരത്തേ ചെറുകുളമ്പ് ഐ.കെ.ടി. ഹയര്‍ സെക്കന്ററി സ്‌കൂളിലെ അദ്ധ്യാപകനും ഐ.ടി. കോര്‍ഡിനേറ്ററുമായിരുന്നു. താന്‍ പഠിച്ച കൊണ്ടോട്ടി ഗവ. വെക്കേഷണല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെത്തിയിട്ട് എട്ട് വര്‍ഷമായി. ഇവിടെ ജോലിയില്‍ പ്രവേശിച്ചതു മുതല്‍ നിരവധി വികസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി വരുന്നു. കൊേണ്ടാട്ടിയിലെ സാംസ്‌കാരിക ക്ലബുകളുടെ കോര്‍ഡിനേറ്റര്‍ പദവിയിലിരിക്കെ 1996ല്‍ മികച്ച യുവജന പ്രവര്‍ത്തകനുള്ള നെഹ്റു യുവ കേന്ദ്രയുടെ പുരസ്‌കാരവും ലഭിച്ചിട്ടുണ്ട്. സ്വതന്ത്ര സോഫ്റ്റ്വെയര്‍ പ്രചാരകന്‍ കൂടിയായ റഷീദ് കേരളത്തിനകത്തും പുറത്തുമായി ആയിരത്തോളം വാനനിരീക്ഷണ ക്ലാസുകള്‍ക്ക് നേതൃത്വം നല്‍കിയിട്ടുണ്ട്. പരേതനായ ഓടക്കല്‍ പോക്കര്‍ മാസ്റ്റര്‍ – പുളിക്കല്‍ നഫീസ എന്നിവരുടെ മകനാണ്. ഭാര്യ കെ.ടി ഹാജിറാബീവി. വിദ്യാര്‍ഥികളായ റിഫ, ഷഹബാസ്, റിസ എന്നിവര്‍ മക്കളാണ്.

Sharing is caring!