പൊന്നാനിയില്‍ ഇ.ടിക്ക് പകരം ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന് കോണ്‍ഗ്രസിലെ സൈബര്‍ വിഭാഗം

പൊന്നാനിയില്‍ ഇ.ടിക്ക് പകരം  ഡീന്‍ കുര്യാക്കോസിനെ  സ്ഥാനാര്‍ത്ഥിയാക്കണമെന്ന്  കോണ്‍ഗ്രസിലെ സൈബര്‍ വിഭാഗം

പൊന്നാനി: സ്ഥാനാര്‍ത്ഥി പ്രഖ്യാപനം പടിവാതിക്കലില്‍ എത്തി നില്‍ക്കെ പൊന്നാനി ലോകസഭ മണ്ഡലത്തിലെ യു ഡി എഫ് സ്ഥാനാര്‍ത്ഥി കാര്യത്തില്‍ ലീഗിന് തലവേദന സൃഷ്ടിച്ച് യൂത്ത് കോണ്‍ഗ്രസ്. ഇ ടിക്ക് പകരം കോണ്‍ഗ്രസിലെ ഡീന്‍ കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാണ് കോണ്‍ഗ്രസിന്റെ സൈബര്‍ വിഭാഗത്തിന്റെ ആവശ്യം.

ഇടിക്ക് പകരം കുര്യാക്കോസിനെ സ്ഥാനാര്‍ത്ഥിയാക്കണമെന്നാവശ്യപ്പെട്ട് സൈബര്‍ വിഭാഗം പ്രചരണവും തുടങ്ങിയിട്ടുണ്ട്.പൊന്നാനി ലോകസഭ മണ്ഡലത്തില്‍ യു ഡി എഫ് വിജയം സുനിശ്ചിതമാണെങ്കിലും വിജയം അനായാസകരമാക്കാന്‍ ഇ ടി മുഹമ്മദ് ബഷീറിന് പകരം മറ്റാരെയെങ്കിലും സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിക്കണമെന്ന ആവശ്യമാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗം മുന്നോട്ട് വെക്കുന്നത്.

ഇടി ക്ക് പകരം കൂടുതല്‍ ജയസാധ്യതയുള്ള മറ്റൊരാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്ന രാഷ്ട്രീയപ്രമേയം പൊന്നാനി പാര്‍ലിമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് കമ്മിറ്റിയും നേതൃത്വത്തിന് മുന്നില്‍വെച്ചിട്ടുണ്ട്.അതിന് പിന്നാലെയാണ് സൈബര്‍ വിഭാഗം ഡീന്‍ കുര്യാക്കോസിന്റെ പേരില്‍ പ്രചരണം നടത്തുന്നത്.

ഒരേ സമയം ഇ ടി മുഹമ്മദ് ബഷീറിനെ മികച്ച പാര്‍ലിമെന്റേറിയനും പൊതു സ്വീകാര്യനുമായി അവതരിപ്പിക്കുകയും എന്നാല്‍ അനായാസ വിജയത്തിന് പുതുമുഖത്തെ മണ്ഡലത്തില്‍ കൊണ്ടുവരികയും ചെയ്യണമെന്നെ ആവശ്യമായിരുന്നു പ്രമേയത്തിലൂടെ യൂത്ത് കോണ്‍ഗ്രസ് ഉന്നയിച്ചിരിക്കുന്നത്. പകരം സ്ഥാനാര്‍ത്ഥിയായി പി കെ കുഞ്ഞാലിക്കുട്ടിയുടെ പേരാണ് യൂത്ത് കോണ്‍ഗ്രസ്സ് നിര്‍ദ്ദേശിക്കുന്നത്. അതല്ലെങ്കില്‍ മറ്റാരെങ്കിലുമെന്നും ആവശ്യപ്പെടുന്നു.

ഇ ടി മുഹമ്മദ് ബഷീര്‍ പൊന്നാനിയില്‍ നിന്ന് മൂന്നാമതും പി കെ കുഞ്ഞാലിക്കുട്ടി മലപ്പുറത്തു നിന്നും ജനവിധി തേടുമെന്ന് മുസ്ലിം ലീഗില്‍ ഏകദേശ ധാരണയായ സാഹചര്യത്തിലാണ് യൂത്ത് കോണ്‍ഗ്രസ്സിന്റെ രാഷ്ട്രീയപ്രമേയവും അതിനെ പുറമെ യു ഡി എഫിനെ ദുര്‍ബലമാക്കുന്ന തരത്തിലുള്ള സൈബര്‍ വിഭാഗത്തിന്റെ പ്രചരണവും തുടങ്ങിയിട്ടുള്ളത്..ഇ ടി മുഹമ്മദ് ബഷീര്‍ മത്സരിച്ച രണ്ടു തവണയും യു ഡി എഫ് ഭൂരിപക്ഷം കുത്തനെ കുറഞ്ഞ സാഹചര്യത്തിലാണ് സ്ഥാനാര്‍ത്ഥി മാറ്റം ആവശ്യപ്പെട്ടുകൊണ്ടുള്ള യൂത്ത് കോൺഗ്രസിന്റെ പ്രമേയമെന്നത് രാഷ്ട്രീയ പ്രാധാന്യമുണ്ടാക്കുന്നുണ്ട്.

പൊന്നാനി ലോകസഭ മണ്ഡലത്തില്‍ കോണ്‍ഗ്രസ്സ് വോട്ടുകളിലുണ്ടാകുന്ന ചോര്‍ച്ച മുസ്ലിം ലീഗിന് എന്നും തലവേദന സൃഷ്ടിക്കുന്നതാണെന്നിരിക്കെ സ്ഥാനാര്‍ത്ഥികാര്യത്തിലുള്ള യൂത്ത് കോണ്‍ഗ്രസ്സിന്റെ പരസ്യമായ ഇടപെടല്‍ രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് വഴിവെക്കും.ഇ ടി മുഹമ്മദ് ബഷീറിന് പകരക്കാരനെ കൊണ്ടുവരണമെന്ന് ആവശ്യപ്പെടുന്നതിലൂടെ പുതുമയുള്ള സ്ഥാനാര്‍ത്ഥിയെ മണ്ഡലത്തിലിറക്കണമെന്നതാണ് യൂത്ത് കോണ്‍ഗ്രസ്സ് ഉദ്ദേശിക്കുന്നതെന്ന് പാര്‍ലിമെന്റ് മണ്ഡലം യൂത്ത് കോണ്‍ഗ്രസ്സ് പ്രസിഡന്റ് മുനീര്‍ മാറഞ്ചേരി പറഞ്ഞു. ഇ ടിയുടെ പ്രവര്‍ത്തനങ്ങളോട് വിയോജിപ്പുകളില്ല. യുവാക്കളില്‍ നിന്നുള്ള പ്രതിനിധിനിയെ പൊന്നാനിയില്‍ നിന്ന് മത്സരിപ്പിക്കാന്‍ മുസ്ലിം ലീഗ് തയ്യാറാകണമെന്നുമാണ് മുനീര്‍ പറയുന്നത്.

Sharing is caring!