ജനസേവനത്തിന് അവധി നല്‍കാതെ സലീം നഗരസഭയില്‍

ജനസേവനത്തിന് അവധി നല്‍കാതെ സലീം നഗരസഭയില്‍

മലപ്പുറം: വാഹനാപകടത്തില്‍ പരിക്കേറ്റ് വലതുകാല്‍ മുട്ടിന് കീഴെ മുറിച്ചുമാറ്റി വീട്ടില്‍ കഴിയുമ്പോഴും വിശ്രമിക്കാന്‍ നേരമില്ലായിരുന്നു മലപ്പുറം നഗരസഭ സ്ഥിരംസമിതി അധ്യക്ഷന്‍ പി.എ അബ്ദുല്‍ സലീം എന്ന ബാപ്പുട്ടിക്ക്. ഫോണില്‍ ഉദ്യോഗസ്ഥരെയും സഹ കൗണ്‍സിലര്‍മാരെയും വിളിച്ച് സ്വന്തം വാര്‍ഡിലെയും പൊതുമരാമത്ത് സ്ഥിരംസമിതിയുടെയും കാര്യങ്ങള്‍ കഴിവതും നിര്‍വഹിച്ച ഇദ്ദേഹം രണ്ട് മാസത്തെ ഇടവേളക്ക് ശേഷം വ്യാഴാഴ്ച ഓഫിസിലെത്തി. കൃത്രിമക്കാല്‍ വെക്കാന്‍ ഇനിയും ദിവസങ്ങളെടുക്കുമെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചതോടെയാണ് വാക്കറിന്റെ സഹായത്തോടെ സലീം പൊതുരംഗത്ത് വീണ്ടും സജീവമാകുന്നത്.

ഡിസംബര്‍ ഒമ്പതിന് ഉച്ചയോടെ മലപ്പുറം കോട്ടപ്പടിയിലായിരുന്നു അപകടം. സുഹൃത്തിന്റെ പിറകിലിരുന്ന ബൈക്കില്‍ സഞ്ചരിക്കവെ ലോറക്കടിയിലേക്ക് മറിയുകയായിരുന്നു. ഭാരവാഹനത്തിന്റെ ചക്രം സലീമിന്റെ കാലിലൂടെ കയറിയിറങ്ങി. പിറ്റേന്ന് വെളുപ്പിന് കോയമ്പത്തൂര്‍ ആശുപത്രിയില്‍ വെച്ചാണ് മുട്ടിന് കീഴെ മുറിച്ചുമാറ്റിയത്. ഏതാനും ദിവസങ്ങള്‍ക്ക് ശേഷം ആശുപത്രി വിട്ട ഇദ്ദേഹം നൂറേങ്ങല്‍മുക്കിലെ വീട്ടില്‍ വിശ്രമിക്കുകയായിരുന്നു. പൊതുമരാമത്ത് സ്ഥിരം സമിതിയുടെ ചുമതലകള്‍ നഗരസഭാധ്യക്ഷ സി.എച്ച് ജമീലയാണ് ഈ സമയത്ത് നിര്‍വഹിച്ചത്. കഴിഞ്ഞ മാസം നിര്‍മാണം പൂര്‍ത്തിയാവുന്ന സായം പ്രഭ ഹോം കാണാനും സലീം എത്തിയിരുന്നു.

നഗരസഭയില്‍ പൊതുമരാമത്ത് സ്ഥിരം സമിതി അധ്യക്ഷന്റെ ഓഫിസ് മുകള്‍ നിലയിലായതിനാല്‍ ഇന്നലെ താഴെയാണ് ഇരുന്നത്. ഓഫിസ് താഴത്തേക്ക് മാറ്റാന്‍ തീരുമാനിച്ചിട്ടുണ്ട്. ഉച്ചക്ക് സുഹൃത്തിന്റെ ഗൃഹപ്രവേശനച്ചടങ്ങില്‍ സംബന്ധിച്ച സലീം തുടര്‍ന്ന് നൂറേങ്ങല്‍മുക്ക് എ.എല്‍.പി സ്‌കൂള്‍ പഠനോത്സവത്തില്‍ പങ്കെടുത്ത് സംസാരിച്ചു. കൗണ്‍സിലര്‍ ഇ.കെ മൊയ്തീന്റെ കാറിലാണ് സഞ്ചരിക്കുന്നത്. സ്വകാര്യ ദു:ഖങ്ങളേക്കാള്‍ എത്രയോ വലുതാണ് ജനങ്ങളുടെ പ്രശ്‌നങ്ങളെന്നും ഏല്‍പ്പിച്ച ഉത്തരവാദിത്തങ്ങള്‍ ഭംഗിയായി നിര്‍വഹിക്കാനാണ് ശ്രമിക്കുന്നതെന്നും 29കാരനായ സലീം പറഞ്ഞു. 2005-10ലും സ്വന്തം വീട് ഉള്‍പ്പെടുന്ന രണ്ടാം വാര്‍ഡില്‍ കൗണ്‍സിലറായിരുന്നു ഇദ്ദേഹം.

Sharing is caring!