മുസ്ലിംലീഗ് മലപ്പുറം ജില്ലാ സമ്മേളനം ഫെബ്രുവരി16 മുതല്‍ 24വരെ

മുസ്ലിംലീഗ് മലപ്പുറം  ജില്ലാ സമ്മേളനം  ഫെബ്രുവരി16 മുതല്‍ 24വരെ

മലപ്പുറം: ഇന്ത്യന്‍ യൂണിയന്‍ മുസ്ലിം ലീഗിന്റെ 70-ാം വാര്‍ഷികത്തോടനുബന്ധിച്ച് ”അഭിമാനകരമായ അസ്തിത്വം – 70 വര്‍ഷങ്ങള്‍” എന്നൊരു കാമ്പയിന്‍ മലപ്പുറം ജില്ലാ മുസ്ലിം ലീഗ് കമ്മിറ്റി സംഘടിപ്പിക്കുകയുണ്ടായി. മുസ്ലിംലീഗ് രൂപീകൃതമായ 1948 മാര്‍ച്ച് 10 മുതല്‍ 2018 മാര്‍ച്ച് 10 വരെ 70 വര്‍ഷത്തെ മുസ്ലിംലീഗിന്റെ ചരിത്രം ചര്‍ച്ച ചെയ്യപ്പെടുന്ന കാമ്പയിനാണ് സംഘടിപ്പിക്കപ്പെട്ടത്. വാര്‍ഡ്, പഞ്ചായത്ത്, മുനിസിപ്പല്‍, നിയോജക മണ്ഡലം തലങ്ങളില്‍ ഒരു വര്‍ഷം ഈ കാമ്പയിന്റെ ഭാഗമായി വിവിധങ്ങളായ പരിപാടികള്‍ സംഘടിപ്പിക്കപ്പെട്ടു. ഇതിന്റെ സമാപനം കുറിച്ച് ജില്ലാ സമ്മേളനവും ജില്ലാ കമ്മിറ്റക്ക് വേണ്ടി പുതുതായി പണി കഴിപ്പിച്ച ഓഫീസ് (പി.എം.എസ്.പൂക്കോയ തങ്ങള്‍ സ്മാരക സൗഥം) മന്ദിരത്തിന്റെ ഉദ്ഘാടനവും നടത്തുന്നതിന് തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 19 മുതല്‍ 24 വരെ തുടര്‍ച്ചയായുള്ള 6 ദിവസങ്ങളിലാണ് ജില്ലാ സമ്മേളനം. 16 ന് ശനിയാഴ്ച സമ്മേളന അനുബന്ധ പരിപാടികളായി ദളിത് സമ്മേളനവും ദളിത് കുടുംബസംഗമവും, കലാപരിപാടികളും, സംവരണ സമ്മേളനവും ലോയേഴ്സ് കൊളോക്യവും സംഘടിപ്പിച്ചിട്ടുണ്ട്.
16ന് ശനിയാഴ്ച രാവിലെ 10 മണിക്ക് ദളിത് സമ്മേളനവും ഉച്ചക്ക് 2 മണിക്ക് സംവരണ സമ്മേളനവും മലപ്പുറം മേല്‍മുറി എം.എസ്.എം. ഓഡീറ്റോറിയത്തിലാണ് നടക്കുന്നത്. ലോയേഴ്സ് കൊളോക്യം ഉച്ചക്ക് 2 മണിക്ക് പെരിന്തല്‍മണ്ണ വാവാസ് മാളിലാണ് നടക്കുക.
ഇന്ത്യയിലും കേരളത്തിലും ദളിത് സമൂഹം നേരിട്ട് കൊണ്ടിരിക്കുന്ന പീഡനങ്ങളും യാതനകളും അവഗണനയും ദളിത് സമ്മേളനം ചര്‍ച്ച ചെയ്യും. സാമൂഹ്യവും വിദ്യാഭ്യാസ പരവുമായ പിന്നോക്കാവസ്ഥ മാറ്റിയെടുത്ത് ഇന്ത്യന്‍ ഭരണഘടന അനുശാസിക്കുന്ന അവസര സമത്വത്തിന് വേണ്ടി നടപ്പിലാക്കിയ സംവരണത്തെ അട്ടിമറിക്കുവാന്‍ കേന്ദ്ര – സംസ്ഥാന സര്‍ക്കാറുകള്‍ നടത്തി കൊണ്ടിരിക്കുന്ന ശ്രമങ്ങളെക്കുറിച്ച് സംവരണ സമ്മേളനവും ചര്‍ച്ചചെയ്യും. രാജ്യത്തെ ജനങ്ങള്‍ക്ക് അവസാനത്തെ പ്രതീക്ഷയായ നീതി പീഠവും സംശയത്തിന്റെ നിഴലില്‍ നില്‍ക്കുന്ന വര്‍ത്തമാന കാല സംഭവങ്ങളും ഇന്ത്യന്‍ ഭരണഘടന അനുവദിക്കുന്ന അവകാശാധികാരങ്ങളുടെ മേല്‍ കൈവെക്കുന്ന നീതിപീഠത്തിന്റെ നിലപാടുകളും ലോയേഴ്സ് കൊളോക്യത്തില്‍ ചര്‍ച്ച ചെയ്യപ്പെടും.
ജസ്റ്റസ് സിറിയന്‍ ജോസഫ് (റിട്ട.സുപ്രീം കോടതി ജഡ്ജ്), ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ അഡ്വ.ശ്രീധരന്‍ നായര്‍, കേരള ബാര്‍ കൗണ്‍സില്‍ മെമ്പര്‍ അഡ്വ:മുഹമ്മദ് ഷാ, സുപ്രീംകോടതിയിലെ പ്രമുഖ അഭിഭാഷകന്‍ അഡ്വ:പി.കെ.ഹാരിസ് ബീരാന്‍ തുടങ്ങിയ പ്രമുഖര്‍ ലോയേഴ്സ് കൊളോക്യത്തില്‍ പങ്കെടുക്കുന്നുണ്ട്. ജില്ലയിലെ ലോ കോളേജ് വിദ്യാര്‍ത്ഥികള്‍ക്ക് സംവരണവുമായി ബന്ധപ്പെട്ട് ലേഖന മത്സരവും സംഘടിപ്പിക്കുന്നുണ്ട്. മത്സരവിജയികളുടെ സൃഷ്ടികള്‍ സെമിനാറില്‍ അവതരിപ്പിക്കുവാന്‍ അവസരം നല്‍കും. 16 ന് കാലത്ത് 10 മണിക്ക് നടക്കുന്ന ദളിത് സമ്മേളനത്തില്‍ ഹൈദരാബാദില്‍ നിന്നുള്ള ദ്വന്ദപ്രശാന്ത് ആണ് മുഖ്യ അതിഥി. കോഴിക്കോട് മീഞ്ചന്ത ആര്‍ട്സ് & സയന്‍സ് കോളേജിലെ പ്രൊഫസര്‍ കെ.പി.രവി ഇന്ത്യയിലെ ദളിത് വിഭാഗങ്ങള്‍ നേരിടുന്ന പ്രശ്നങ്ങളെ കുറിച്ച് പ്രബന്ധം അവതരിപ്പിക്കും.
16 ഉച്ചക്ക് ശേഷം നടക്കുന്ന സംവരണ സമ്മേളനത്തില്‍ മുന്‍ പ്ലാനിംഗ് ബോര്‍ഡ് അംഗം സി.പി.ജോണ്‍, മെക്ക സംസ്ഥാന സെക്രട്ടറി എന്‍.കെ.അലി, സണ്ണിഎം. കപ്പിക്കാട് (സംവരണ മുന്നണി നേതാവ്) എന്നിവര്‍ പ്രബന്ധങ്ങള്‍ അവതരിപ്പിക്കും.
ജില്ലാ സമ്മേളനത്തോടനുബന്ധിച്ച് ഗ്രീന്‍ സോക്കര്‍ ഫുട്ബോള്‍ ടൂര്‍ണ്ണമെന്റ് നടന്ന് വരികയാണ്. 16 മണ്ഡലാടിസ്ഥാനത്തിലുള്ള മത്സരങ്ങള്‍ നാല് ഡിവിഷനുകളിലായി നടന്നു. സെമി ഫൈനല്‍, ഫൈനല്‍ മത്സരങ്ങള്‍ മലപ്പുറത്ത് നടക്കും. 17 നാണ് ഫൈനല്‍. ഫുട്ബോള്‍ ലോകത്തിന് മലപ്പുറം സംഭാവന ചെയ്ത അനസ് എടത്തൊടികയാണ് ഫൈനല്‍ മത്സരത്തിലെ അതിഥി.
സമ്മേളനത്തിന്റെ മുന്നോടിയായി സ്‌കൂള്‍-കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായി
”നിറക്കൂട്ട്” എന്ന പേരില്‍ ചിത്ര രചനാ മത്സരം സംഘടിപ്പിക്കുകയുണ്ടായി. 250 ഓളം വിദ്യാര്‍ത്ഥികള്‍ പങ്കെടുത്തു.
19ന് ചൊവ്വാഴ്ചയാണ് സമ്മേളനങ്ങളുടെ തുടക്കം. വൈകു. 3മണിക്ക് ജില്ലാ പ്രസിഡന്റ് സാദിഖലി തങ്ങള്‍ പതാക ഉയര്‍ത്തുന്നതോടെ സമ്മേളനത്തിന് തുടക്കമാവും. മുസ്ലിംലീഗ് തറവാട്ടിലെ പ്രായംചെന്ന തലമുറയിലെ കാരണവന്‍മാരുടെ സംഗമത്തോടെയാണ് വിവധ സെഷനുകളുടെ തുടക്കം കുറിക്കുന്നത്.
തുടര്‍ന്ന് 20,21,22,23,24 തിയ്യതികളിയാലി ഉദ്ഘാടന സമ്മേളനം, പ്രതിനിധി സമ്മേളനം, വിദ്യാര്‍ത്ഥി-യുവജന-വനിതാ-തൊഴിലാളി-പ്രവാസി-കെ.എം.സി.സി-കര്‍ഷക-ഉലമാ-ഉമറാ-സാംസ്‌കാരിക സമ്മേളനങ്ങള്‍ അടക്കം വിവിധങ്ങളായ 16 സമ്മേളനങ്ങള്‍ നടക്കും. സംവരണ-ഭരണ ഘടനാ സെമിനാറുകളും ജില്ലയുടെ ഗോള്‍ഡന്‍ ജൂബിലിയോടനുബന്ധിച്ച് ജില്ലാ വികസന സെമിനാറും സംഘടിപ്പിച്ചിട്ടുണ്ട്. 19,20,21,23 തിയ്യതികളില്‍ വൈകുന്നേരങ്ങളില്‍ സാംസ്‌കാരിക പ്രഭാഷണങ്ങളും വിവിധ കലാ-സാംസ്‌കാരിക പരിപാടികളുമുണ്ട്. 24 നാണ് സമാപനം. ജില്ലാ മുസ്ലിംലീഗ് ഓഫീസിനായി പുതുതായി പണിത കെട്ടിടം (പി.എം.എസ്.എ പൂക്കോയ തങ്ങള്‍ സ്മാരക സൗഥം) 24ന് കാലത്ത് 9 മണിക്ക് മുസ്ലിംലീഗ് നാഷണല്‍ പൊളിറ്റിക്കല്‍ അഫയേഴ്സ് കമ്മിറ്റി ചെയര്‍മാന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം ചെയ്യും. അന്നേ ദിവസം 4 മണിക്ക് ജില്ലയിലെ യൂത്ത് ലീഗ് വൈറ്റ് ഗാര്‍ഡുകളുടെ പരേഡ് നടക്കും. സാമൂഹ്യ സേവന-ജീവകാരുണ്യ- ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ക്കായി മുസ്ലിം യൂത്ത്ലീഗ് പരിശീലനം നല്‍കി സജ്ജമാക്കിയ സന്നദ്ധ സേനയാണ് വൈറ്റ്ഗാര്‍ഡ്. രാത്രി 7 മണിക്ക് നടക്കുന്ന പൊതു സമ്മേളനത്തോടെ 7 ദിവസങ്ങളിലായി നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ 24 വിത്യസ്ത പരിപാടികളുടെ സമാപനം കുറിക്കും. സയ്യിദ് ഹൈദരാലി ശിഹാബ് തങ്ങള്‍ക്ക് പുറമെ നാഷണല്‍ കമ്മിറ്റി ഭാരവാഹികളായ പി.കെ.കുഞ്ഞാലിക്കുട്ടി എം.പി., ഇ.ടി.മുഹമ്മദ് ബഷീര്‍ എം.പി., പി.വി.അബ്ദുല്‍ വഹാബ് എം.പി., സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദ് സാഹിബ് അടക്കമുള്ള മറ്റ് നേതാക്കള്‍, പ്രൊഫ.കെഎം.ഖാദര്‍ മൊയ്തീന്‍ ചെന്നൈ (അഖിലേന്ത്യാ പ്രസിഡന്റ് മുസ്ലിംലീഗ്) സാബിര്‍ ഗഫാര്‍ ഡല്‍ഹി (അഖിലേന്ത്യാ പ്രസിഡന്റ് മുസ്ലിം യൂത്ത് ലീഗ്), ടി.പി.അഷ്റഫലി (അഖിലേന്ത്യാ പ്രസിഡന്റ് എം.എസ്.എഫ്), പ്രൊഫ:എന്‍.പി.സിംഗ് (അഖിലേന്ത്യാ പ്രസിഡന്റ് എസ്.ടി.യു) തസ്രീഫ് ജഹാന്‍ ചെന്നൈ (അഖിലേന്ത്യാ പ്രസിഡന്റ് വനിതാ ലീഗ്), രാജസ്ഥാന്‍ ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റ്, മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കോണ്‍ഗ്രസ് ദേശീയ രാഷ്ട്രീയ കാര്യസമിതി ചുമതലയുള്ള കെ.സി.വേണുഗോപാല്‍ എം.പി., ഡോ.സഫറുല്‍ ഇസ്ലാംഖാന്‍ (ഡല്‍ഹി മൈനോറ്റിറ്റി കമ്മീഷന്‍ ചെയര്‍മാന്‍) ഡല്‍ഹി ജവഹര്‍ലാല്‍ നെഹ്റു യൂണിവേഴ്സിറ്റിയിലെ വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ്, അതീബ് മസ്ഗാന്‍ ഡല്‍ഹി, അല്‍അമീന്‍ ചെന്നൈ, സഫറിയാബ് ജീലാനി ലക്നൗ (അഖിലേന്ത്യാ മുസ്ലിം പേഴ്സണല്‍ ലോ ബോര്‍ഡ് സെക്രട്ടറി ജനറല്‍), യു.എ.ഇയിലെ ഇന്ത്യന്‍ അംമ്പാസിഡര്‍ ടി.പി.സീതാറാം, ഇംതിയാസ് അഹ്മദ് തെലുങ്കാന, സിറാജ് സേട്ട് ബാംഗ്ലൂര്‍, ജാഫറുള്ള മുള്ള ബംഗാള്‍ തുടങ്ങിയവരും അഡ്വ:എം.റഹ്മത്തുള്ള (അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി, എസ്.ടി.യു), സി.കെ.സുബൈര്‍ (അഖിലേന്ത്യാ സെക്രട്ടറി മുസ്ലിം യൂത്ത്ലീഗ്) തുടങ്ങിയവരും വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും. ഹൈദരലി ശിഹാബ് തങ്ങള്‍ക്ക് പുറമെ, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍, സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍, സയ്യിദ് അബ്ബാസലി ശിഹാബ് തങ്ങള്‍, സയ്യിദ് റഷീദലി ശിഹാബ് തങ്ങള്‍, സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍, സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍, സയ്യിദ് മുഊനലി ശിഹാബ് തങ്ങള്‍ എന്നിവരും വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും.
വിവിധ മുസ്ലിം പണ്ഡിത സംഘടനകളുടെ നേതാക്കളായ സയ്യിദ് ജിഫ്രി മുത്തുകോയ തങ്ങള്‍, പ്രൊഫ:കെ.ആലിക്കുട്ടി മുസ്ലിയാര്‍, ഡോ:ബഹാഉദ്ദീന്‍ നദ്വി കൂരിയാട്, ടി.പി.അബ്ദുല്ലക്കോയ മദനി, എം.ഐ.അബ്ദുല്‍ അസീസ്, സി.മുഹമ്മദ് ഫൈസി (ഹജ്ജ് കമ്മിറ്റി ചെയര്‍മാന്‍), എ.നജീബ് മൗലവി, ഹക്കീം ഫൈസി ആദൃശ്ശേരി, കുഞ്ഞി മുഹമ്മദ് മദനി പറപ്പൂര്‍, സി.പി.ഉമര്‍ സുല്ലമി, അബ്ദുസമദ് പൂക്കോട്ടൂര്‍ തുടങ്ങിയവര്‍ ഉലമാ-ഉമറാ സമ്മേളനത്തില്‍ പങ്കെടുക്കും.
പൊതു ജനങ്ങളുടെ ബുദ്ധിമുട്ട് പരിഗണിച്ച് ബഹുജനറാലി ഒഴിവാക്കിയിട്ടുണ്ട്. പ്രവര്‍ത്തകര്‍ മലപ്പുറം പട്ടണത്തിന്റെ വിവിധ റോഡുകളില്‍ നിന്ന് ചെറുജാഥകളായി സമ്മേളന നഗരിയിലേക്ക് വരികയാണ് ചെയ്യുന്നത്. കോട്ടപ്പടി വലിയവരമ്പ് ബൈപാസ് റോഡിലെ പാടത്ത് സജ്ജമാക്കുന്ന പന്തലിലാണ് സമ്മേളനങ്ങള്‍ നടക്കുന്നത്. ശിഹാബ് തങ്ങള്‍ സ്മാരക ട്രസ്റ്റ് എ.ഐ.സി.സി യുടെ സംഘടനാ ചുമതലയുള്ള കെ.സി.വേണുഗോപാല്‍ എം.പിക്ക് നല്‍കുന്ന ശിഹാബ് തങ്ങള്‍ സ്മാരക ”കര്‍മ്മ ശ്രേഷ്ഠാ പുരസ്‌കാരം” സമാപന പൊതു സമ്മേളനത്തില്‍ വെച്ച് ഹൈദരലി ശിഹാബ് തങ്ങള്‍ കെ.സി.വേണുഗോപാലിന് സമ്മാനിക്കുന്നതാണ്.
റോസ് ലോഞ്ച് (നൂറടി), ചാന്ദ്നി ഓഡിറ്റോറിയം (മലപ്പുറം), എം.എസ്.എം. ഓഡിറ്റോറിയം (മേല്‍മുറി), വാവാസ് മാള്‍ (പെരിന്തല്‍മണ്ണ) എന്നിവിടങ്ങളിലാണ് സമാന്തരമായി അനുബന്ധ സമ്മേളനങ്ങള്‍ നടക്കുന്നത്.
സാംസ്‌കാരിക സമ്മേളനങ്ങളില്‍ കെ.പി.രാമനുണ്ണി, പി.സുരേന്ദ്രന്‍ എം.പി, അബ്ദുസമദ് സമദാനി എന്നിവരാണ് പ്രഭാഷണങ്ങള്‍ നിര്‍വഹിക്കുന്നത്. ജില്ലയിലെ മുഴുവന്‍ എം.എല്‍.എമാരും വിവിധ പരിപാടികളില്‍ സംബന്ധിക്കും.

Sharing is caring!