സംസ്ഥാന ആയുഷ് കോണ്‍ക്ലേവിലേക്ക് മലപ്പുറം മേലാറ്റൂരിലെ പള്ളി ഇമാമിന് ക്ഷണം

മലപ്പുറം: ഈ മാസം തിരുവനന്തപുരത്ത് വെച്ച് നടക്കുന്ന സംസ്ഥാന ആയുഷ് കോണ്‍ക്ലേവിലേക്ക് മലപ്പുറം മേലാറ്റൂര്‍ ജുമ മസ്ജിദ് ഇമാമായ എം.ടി. മൊയ്തീന് കുട്ടി ദാരിമിക്ക് ക്ഷണം. പള്ളിയോട് ചേര്‍ന്ന രണ്ടേക്കര്‍ ഭൂമിയില്‍ ഫലവൃക്ഷങ്ങള്‍ നടുകയും ഔഷധ സസ്യങ്ങള്‍ നട്ടുന്നതിന്റെ പദ്ധതി ഏറ്റെടുത്തതിന്റെ ഭാഗമായാണ് 50 രാഷ്ട്രങ്ങളിലെ പ്രതിനിധികള്‍ സംബന്ധിക്കുന്ന ആയുഷ് കോണ്‍ക്ലേവിലേക്ക് ദാരിമിയെ ക്ഷണിച്ചത്.പെരിന്തല്‍മണ്ണ മുള്ള്യാകുര്‍ശ്ശി സ്വദേശിയായ ഇദ്ധേഹം മേലാറ്റൂര്‍ മസ്ജിദില്‍ ഇമാമായി ജോലിയേറ്റിട്ട് വരാന്‍ പോകുന്ന റമദാനിലേക്ക് രണ്ട് വര്‍ഷം തികയുന്നുള്ളൂ.
ചുമതലയേല്‍ക്കുമ്പോള്‍ പള്ളിയോട് ചേര്‍ന്നുള്ള രണ്ടേക്കറോളം സ്ഥലം മുളങ്കാടുകെട്ടി ഉപയോഗശൂന്യമായി കിടക്കുകയായിരുന്നു. ഖബര്‍ സന്ദര്‍ശനത്തിന് പോലും പോകാന്‍ പ്രയാസമായിരുന്ന അവസ്ഥയായിരുന്നു.മഹല്ല് നിവാസികളുടെ സഹകരണത്തോടെ ജനകീയമായി ഈ ഭൂമിയില്‍ ഫല വൃക്ഷങ്ങളും ഔഷധ സസ്യങ്ങളും വെച്ചുപിടിപ്പിക്കാന്‍ ആലോചിക്കുകയും പദ്ധതി മഹല്ല് കമ്മിറ്റിക്ക് ഭാരമാവാതെ നടപ്പില്‍ വരുത്തുകയും ചെയ്യാനായി എന്നത് ഇദ്ധേഹത്തിന്റെ മികവായിരുന്നു.വെള്ളിയാഴ്ചകളിലെ ജുമുഅ: നമസ്കാരത്തോടനുബന്ധിച്ച പ്രഭാഷണങ്ങളില്‍ ഈ വിഷയവും നിരന്തരം സൂചിപ്പിച്ചുകൊണ്ടിരുന്നു. അത് വഴി ലഭിക്കുന്ന ധാര്‍മ്മികവും സാമൂഹ്യവുമായ മൂല്യങ്ങളെക്കുറിച്ച്ഉദ്ബോധിപ്പിച്ചുകൊണ്ടിരുന്നു. ഓരോ വീട്ടുകാരും അവരുടെ അംഗങ്ങളുടെ പേരില്‍ ഓരോ തൈ 750 രൂപ നിരക്കില്‍ ഏറ്റെടുത്തതോടെ സാമ്പത്തികമായി പദ്ധതി വിജയിച്ചു.
മാവ്, തെങ്ങ്, ചാമ്പക്ക, പേരക്ക, പറങ്കിമാവ് എന്നിങ്ങനെ 8 ഇനങ്ങളിലായി മുന്നൂറ് ഫലവൃക്ഷത്തൈകളാണ് ഒന്നാം ഘട്ടമായി വെച്ച് പിടിപ്പിച്ചത്. മൂന്ന് വര്‍ഷം കഴിയുമ്പോള്‍ ഫലം ലഭിക്കുന്ന തൈകളാണ് നട്ട് പിടിപ്പിച്ചത്. മണ്ണാര്‍ക്കാട്ടെ ഒരു സ്വകാര്യ ഏജന്‍സിയെയാണ് പരിപാലനം ഏല്പിച്ചിരിക്കുന്നതെങ്കിലും നനയ്ക്കാന്‍ പള്ളിയില്‍ ബാങ്ക് വിളിക്കുന്ന മുഅദ്ധിനെ ശമ്പളത്തിന് നിയമിച്ചിട്ടുണ്ട്.ഓരോ ചെടിയിലേക്കും പ്ലമ്പിങ്ങ് അടക്കമുള്ളജലസേചന സംവിധാനങ്ങള്‍ ഒരുക്കിയിട്ടുമുണ്ട്.ഇതില്‍ നിന്ന് ലഭിക്കുന്ന വരവ് പള്ളികമ്മിറ്റിക്ക് ഒരു വരവിനമായി മാറുകയും ചെയ്യുമെന്ന് ദാരിമി പറഞ്ഞു.
രണ്ടാം ഘട്ടത്തില്‍ ഔഷധ സസ്യങ്ങള്‍ വെച്ച് പിടിപ്പിക്കാന്‍ വേണ്ടി ഭൂമിയില്‍ കുറച്ച് ഭാഗം മാറ്റി വെച്ചിട്ടുണ്ട്. വെട്ടത്തൂര്‍ ആയുഷ് പി.എച്ച്.സിയിലെ മെഡിക്കല്‍ ഓഫീസര്‍ ഡോ. എ. ടി. നവാസാണ് ഔഷധ സസ്യ പ്ലാന്റിംഗിന് സഹായിക്കുന്നത്.കേരള സര്‍ക്കാര്‍ ആയുഷ് വകുപ്പിന്റെ നേതൃത്വത്തില്‍ ഈ മാസം 15 മുതല്‍ 18 വരെ തിരുവനന്തപുരം കനകക്കുന്നില്‍ നടക്കുന്ന ഇന്റര്‍നാഷണല്‍ ആയുഷ് കോണ്‍ക്ലേവില്‍ ഔഷധ സസ്യ കര്‍ഷകരുടെ സംഗമത്തിലേക്ക് ജില്ലയില്‍ നിന്നുള്ള രണ്ട് പേരില്‍ ഒരാളാണ് ഇമാം.പെരിന്തല്‍മണ്ണ ഇസ്ലാമിക് സ്റ്റഡി സെന്റര്‍ ചീഫ് കോ. ഓഡിനേറ്റര്‍ കൂടിയായ ഇദ്ധേഹം വാഗ്മി കൂടിയാണ് മൊയതീന് കുട്ടി ദാരിമി .ഭാര്യ റഹ്മത്ത്,സഫാ ഫാത്തിമ,ഹസ്റത്ത് ആയിശ മര്‍വ,മിന ആമിന,മുഹമ്മദ് സ്വാലിഹ് മക്കളാണ്….
RECENT NEWS

ഒരു കോടി രൂപ തട്ടിപ്പ് നടത്തിയ മൂത്തേടം പഞ്ചായത്തംഗം അറസ്റ്റിൽ
എടക്കര: ഒരു കോടിയുടെ സാമ്പത്തിക തട്ടിപ്പ് കേസിൽ യൂത്ത് കോൺഗ്രസ് മുൻ ജില്ലാ സെക്രട്ടറിയും കോൺഗ്രസ് മൂത്തേടം പഞ്ചായത്ത് മെമ്പറുമായ നൗഫൽ മദാരിയെ ക്രൈം ബ്രാഞ്ച് റിമാൻ്റ് ചെയ്തു. മൂത്തേടം ഗ്രാമപഞ്ചായത്ത് 12-ാം വാർഡ് മെമ്പർ മദാരി നൗഫൽ (41) നെയാണ് [...]