അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ മുഖ്യസൂത്രധാരന്‍മാര്‍ അഴിക്കുള്ളിലായാല്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യമാവുമെന്ന് മുസ്ലിംലീഗ്

അരിയില്‍ ഷുക്കൂര്‍ കൊലക്കേസിലെ മുഖ്യസൂത്രധാരന്‍മാര്‍ അഴിക്കുള്ളിലായാല്‍ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യമാവുമെന്ന് മുസ്ലിംലീഗ്

മലപ്പുറം: അരിയില്‍ ഷുക്കൂര്‍ കൊലപാതക കേസിലെ മുഖ്യസൂത്രധാരന്‍മാര്‍ അഴിക്കുള്ളിലാവുന്നതോടെ കണ്ണൂരിലെ കൊലപാതക രാഷ്ട്രീയത്തിന് അന്ത്യമാവുമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ മജീദ്. സ്വയം പ്രഖ്യാപിത രാജാക്കന്‍മാര്‍ എന്ന് ഹൈകോടതി ചൂണ്ടിക്കാട്ടിയ പി. ജയരാജനും രാജേഷിനുമെതിരെയാണ് സി.ബി.ഐ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. 302, 120ബി വകുപ്പുകള്‍ ചേര്‍ത്തുള്ള കുറ്റപത്രം ഗൗരവമേറിയതാണെന്നും യഥാര്‍ത്ഥ പ്രതികളുടെ പേരില്‍ തന്നെയാണ് കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കണ്ണൂരില്‍ ഒട്ടേറെ കൊലപാതകങ്ങള്‍ ഉണ്ടായിട്ടുണ്ട്. അതില്‍ നിന്നും ഏറെ വ്യത്യസ്തവും ദാരുണവുമാണ് അരിയില്‍ ഷുക്കൂറിന്റെ കൊലപാതകം. ജയരാജനും രാജേഷുമടക്കം ആറംഗ സംഘം തളിപ്പറമ്പിലെ ആസ്പത്രിയിലെ 315-ാം മുറിയില്‍ നടത്തിയ ഗൂഢാലോചനയാണ് ഷുക്കൂര്‍ വധം. അദ്ദേഹത്തിന്റെ വാഹനത്തെ കല്ലെറിഞ്ഞെന്നു പറഞ്ഞാണ് 21 കാരനായ ഷുക്കൂറിനെ പാര്‍ട്ടി ഗ്രാമത്തിലിട്ട് വിചാരണ ചെയ്ത ശേഷം അരിഞ്ഞു നുറുക്കിയത്. ഷുക്കൂറിന്റെ ചിത്രം മൊബൈലില്‍ വാങ്ങി സ്ഥിരീകരിച്ചതും കൊലപാതകത്തിന് നിര്‍ദേശം നല്‍കിയതും ഈ നേതാക്കളാണ്. കൃത്യം ചെയ്യാന്‍ ഗുണ്ടകളെ വിട്ടതും ഇവര്‍ തന്നെയായിരുന്നു.
കണ്ണൂരിലെ എല്ലാ കൊലപാതകങ്ങളുടേയും പ്രഭവ കേന്ദ്രം സി.പി.എം ഓഫീസുകളാണ്. ക്രിമിനലുകളെ ഒളിപ്പിക്കുന്നതിനും ആയുധങ്ങള്‍ സൂക്ഷിക്കുന്നതിനും മാത്രമാണ് സി.പി.എം ഓഫീസുകള്‍ പ്രവര്‍ത്തിക്കുന്നത്. അതിനെതിരെ ആരു ശബ്ദിച്ചാലും പാര്‍ട്ടി കോടതി നടപടിയെടുക്കും. പാര്‍ട്ടിയും നേതാക്കളും അറിയാതെ ഒരു കൊലപാതകവും കണ്ണൂരില്‍ നടക്കില്ല. പ്രതികളെ നല്‍കുന്ന പണിയും സി.പി.എം തന്നെ ഏറ്റെടുക്കകയാണ് പതിവ്. സാക്ഷികളെ ഭീഷണിപ്പെടുത്തുകയും പതിവാണ്. അവസാനം കേസ് ഒന്നുമല്ലാതെയാവുകയും യഥാര്‍ത്ഥ പ്രതികള്‍ രക്ഷപ്പെടുകയും ചെയ്യുകയാണ് പതിവ്. ഷുക്കൂര്‍ കൊലപാതക കേസിനെ തേയ്ച്ചുമായ്ക്കാന്‍ പല ഘട്ടത്തിലും സി.പി.എം ശ്രമം നടത്തി. അവസാനം ഗൂഢാലോചന കുറ്റം ചുമത്തി ഇരുവരേയും ജയിലിലടക്കുകയാണുണ്ടായത്.
ലോക്കല്‍ പൊലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന് അന്നു തന്നെ മുസ്ലിം ലീഗ് വ്യക്താക്കിയിരുന്നു. കേസ് സി.ബി.ഐക്ക് കൈമാറണമെന്ന് പാര്‍ട്ടിയും ഷൂക്കൂറിന്റെമാതാവും നിരന്തരം ആവശ്യപ്പെട്ടു. അവസാനം ഷുക്കൂറിന്റെ മാതാവ് ഹൈകോടതി സിംഗിള്‍ ബെഞ്ചില്‍ കേസ് ഫയല്‍ ചെയ്തു. ജസ്റ്റില്‍ കമാല്‍ പാഷ അധ്യക്ഷനായ ബെഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടു. എന്നാല്‍ അന്വേഷണം നടത്തരുതെന്ന് ആവശ്യപ്പെട്ട് പലവട്ടം സി.പി.എം നിയമത്തിന്റെ വാതിലുകള്‍ മുട്ടി. എന്നാല്‍ രണ്ട് മാസം കൊണ്ട് കേസ് തീര്‍പ്പ് കല്‍പിക്കാനായിരുന്നു സൂപ്രിം കോടതിയുടെ വാക്കാലുള്ള നിര്‍ദേശം. ഇതിന്റെ അടിസ്ഥാനത്തിലാണ് പുതിയ കുറ്റപത്രമെന്നും കുറ്റപത്രം മുസ്ലിംലീഗ് സ്വാഗതം ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.

Sharing is caring!