വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് എടപ്പാളില്‍ ഒരു കുടുംബത്തെ മഹല്ലില്‍നിന്ന് പുറത്താക്കിയെന്ന്

വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് എടപ്പാളില്‍ ഒരു കുടുംബത്തെ മഹല്ലില്‍നിന്ന് പുറത്താക്കിയെന്ന്

എടപ്പാള്‍: വിചിത്രമായ കാരണങ്ങള്‍ പറഞ്ഞ് തന്നെ മഹലില്‍നിന്ന് പുറത്താക്കിയതായി ഡാനിഷ് റിയാസ് എന്ന യുവാവ്. സ്ത്രീകള്‍ സ്റ്റേജില്‍ കയറിയതും മൈക്കിലൂടെ സംസാരിച്ചതും പോലുള്ള കാര്യങ്ങളാണ് മഹലില്‍നിന്ന് പുറത്താക്കാന്‍ കാരണമായതെന്ന് ഡാനിഷ് പറയുന്നു. മുഖ്യമന്ത്രിക്കും സ്ഥലം എംഎല്‍എയ്ക്കും മനുഷ്യാവകാശ കമ്മീഷനും പരാതി എന്ന മട്ടിലാണ് അദ്ദേഹം തന്റെ സോഷ്യല്‍ മീഡിയ പേജില്‍ ഇത് കുറിച്ചത്. അദ്ദേഹം എഴുതിയത് പൂര്‍ണ രൂപത്തില്‍ താഴെ വായിക്കാം.

‘ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിയുടെയും സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്റെയും മണ്ഡലം എം.എല്‍.എ ബല്‍റാമിന്റെയും അറിവിലേക്കായി…

‘ഇന്നത്തേക്ക് 45 ദിവസമായി എന്നെയും എന്റെ കുടുംബത്തെയും മഹല്ലില്‍ നിന്നും പുറത്താക്കിയിട്ട്. നാല് കാരണങ്ങളാണ് മഹല്ല് കമ്മറ്റി പറഞ്ഞത്.

1 : കഴിഞ്ഞ ഡിസംബര്‍ 28 – ന് നടന്ന എന്റെ സഹോദരന്റെ കല്ല്യാണ റിസപ്ഷന്‍ ദിവസം വേദിയില്‍ വന്ന സ്ത്രീകള്‍ സ്റ്റേജില്‍ കയറിയതും ഫോട്ടോയെടുത്തതും.

2 : ഞങ്ങളുടെ വീട്ടിലെ കുഞ്ഞുങ്ങള്‍ സ്റ്റേജില്‍ ഡാന്‍സ് കളിച്ചത്.

3 : സ്റ്റേജിന് താഴെ രണ്ട് പീസ് ഓര്‍ക്കസ്ട്ര ഉപയോഗിച്ചത്. (ഒരു റിഥം പാഡും, ഒരു പിയാനോയും)

4 : സ്ത്രീകള്‍ / പെണ്‍കുട്ടികള്‍ മൈക്കിലൂടെ സംസാരിച്ചത്.

പാലക്കാട് ജില്ലയിലെ തൃത്താല മണ്ഡലത്തിലെ വീട് നില്‍ക്കുന്ന ആലൂര്‍ മഹല്ലില്‍ നിന്നും 13 കിലോമീറ്റര്‍ മാറി, യാതൊരു ബന്ധവുമില്ലാത്ത മലപ്പുറം ജില്ലയിലെ എടപ്പാള്‍ വിവ പാലസിലാണ് പ്രസ്തുത വിവാഹ റിസപ്ക്ഷന്‍ നടന്നത്. നമ്മുടെ കേരളത്തിലെ എത്രയോ പ്രദേശങ്ങളിലും മുസ്ലിം വീടുകളിലും കല്ല്യാണവുമായി ബന്ധപ്പെട്ട മാന്യമായ ഇത്തരം കുടുംബ ആഘോഷങ്ങളൊന്നും ഒരു പ്രശ്‌നമല്ലെന്നിരിക്കെ, തികച്ചും ഇസ്ലാമികപരമായ വിശ്വാസവും ജീവിത രീതികളും പിന്തുടര്‍ന്ന് മഹല്ലുമായി സഹകരിച്ചു പോകുന്ന എന്റെ കുടുംബത്തെ പുറത്താക്കിയ നടപടിയിലും, വെള്ളിയാഴ്ച്ച മൈക്കിലൂടെ വളരെ മോശമായ രീതിയില്‍ വിവാഹത്തെ ചിത്രീകരിച്ചതിലും അതിയായ വിഷമമുണ്ട്.

‘എല്ലാം എന്റെ തെറ്റാണ്. വരനെയും വധുവിനെയും ആശീര്‍വദിക്കാന്‍ സ്റ്റേജില്‍ കയറുന്ന സ്ത്രീകളെ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. അവര്‍ മൈക്കെടുത്ത് ആഹ്ലാദം പങ്കിടുമ്പോള്‍ ഞാന്‍ വേണ്ടെന്ന് പറഞ്ഞില്ല. കുഞ്ഞുങ്ങള്‍ പാട്ടിനനുസരിച്ച് അവര്‍ക്കറിയാകുന്ന രൂപത്തില്‍ കളിച്ചപ്പോള്‍ അവരുടെ സന്തോഷം കണ്ടപ്പോള്‍ തടയാന്‍ എനിക്ക് കഴിഞ്ഞില്ല. പാട്ടുകാരില്ലെങ്കിലും രണ്ട് പീസ് ഓര്‍ക്കസ്ട്ര വിളിച്ചതും സംഗീതം വായിപ്പിച്ചതും ഞാനാണ്. ഇതിലൊന്നും എന്റെ വീട്ടുകാര്‍ക്കോ മഹല്ല് പ്രസിഡന്റായ എന്റെ മൂത്താപ്പക്കോ യാതൊരു അറിവുമില്ല. പ്രസ്തുത വിവാഹത്തിന്റെ ഒരുക്കങ്ങളെല്ലാം നടത്തിയത് ഞാനാണ്.

ആയതുകൊണ്ട് ഇതിന്റെയെല്ലാം ഉത്തരവാദി എന്ന നിലയില്‍ ‘ഡാനിഷ് റിയാസ്’ എന്ന എനിക്കെതിരെയുള്ള മഹല്ലിന്റെ എല്ലാ നടപടികളെയും, പരിഹാര മാര്‍ഗ്ഗ നിര്‍ദേശങ്ങളെയും ഞാന്‍ ബഹുമാനിക്കുന്നു, സ്വാഗതം ചെയ്യുന്നു.

ആയതുകൊണ്ട്, എന്റെ കുടുംബാംഗങ്ങളുടെ വിഷമതകള്‍ മനസിലാക്കി എന്റെ സ്റ്റേറ്റിന്റെ ഉത്തരവാദിത്വപ്പെട്ടവര്‍ ഈ വിഷയത്തില്‍ എന്റെ മഹല്ലുമായി ബന്ധപ്പെട്ട് വേണ്ട നടപടികള്‍ കൈക്കൊള്ളണമെന്ന് അപേക്ഷിക്കുന്നു..!…

Sharing is caring!