മഞ്ചേരി പാട്ടരങ്ങ് ഏര്‍പ്പെടുത്തിയ എം.എസ് ബാബുരാജ് പുരസ്കാരം യേശുദാസിന്
മഞ്ചേരി: അനശ്വര സംഗീതജ്ഞന് എം എസ് ബാബുരാജിന്റെ നാമധേയത്തില്‍ മഞ്ചേരി പാട്ടരങ്ങ് ഏര്‍പ്പെടുത്തിയ പുരസ്കാരത്തിന് ഗാനഗന്ധര്വ്വന് ഡോ. കെ ജെ യേശുദാസ് അര്‍ഹനായി. മഞ്ചേരിയിലെ സംഗീത പ്രേമികളുടെ കൂട്ടായ്മയായ പാട്ടരങ്ങിന്റെ ദശവാര്‍ഷികാഘോഷ പരിപാടികളുടെ ഭാഗമായി സംഗീത മേഖലയിലെ സമഗ്ര സംഭാവനക്കേര്പ്പെടുത്തി എം എസ് ബാബുരാജ് പുരസ്ക്കാരം ഈ മാസം 15ന് വൈകീട്ട് ആറു മണിക്ക് മഞ്ചേരി വി പി ഹാളില്‍ സംഘടിപ്പിച്ച ചടങ്ങില്‍ വിതരണം ചെയ്യും. ചലചിത്ര ഗാനരചയിതാവും സംവിധായകനുമായ ശ്രീകുമാരന്‍ തമ്പിയില്‍ നിന്നു യേശുദാസ് പുരസ്കാരം ഏറ്റു വാങ്ങും. രണ്ടു ലക്ഷം രൂപയും പ്രശസ്തി പത്രവും ശില്‍പ്പവും അടങ്ങുന്നതാണ് പുരസ്കാരം. കഴിഞ്ഞ വര്‍ഷത്തെ പാട്ടരങ്ങ് അവാര്‍ഡ് പ്രശസ്ത ഗായകന് പി ജയചന്ദ്രനാണ് ലഭിച്ചത്.
അവാര്‍ഡ്ദാന ചടങ്ങ് മുന്‍മന്ത്രി എ പി അനില്‍കുമാര്‍ എം എല്‍ എ ഉദ്ഘാടനം ചെയ്യും. അഡ്വ. എം ഉമ്മര്‍ എം എല്‍ എ അദ്ധ്യക്ഷത വഹിക്കും. നഗരസഭാദ്ധ്യക്ഷ വി എം സുബൈദ, പി രാജീവ്, അഡ്വ. എം കേശവന് നായര്‍, അര്‍ഷക് അലി പങ്കെടുക്കും. തുടര്‍ന്ന് പിന്നണി ഗായകരായ വിധു പ്രതാപും രഞ്ജിനി ജോസും നയിക്കുന്ന സംഗീത വിരുന്നും നടക്കും.
വാര്‍ത്താ സമ്മേളനത്തില്‍ പാട്ടരങ്ങ് പ്രസിഡണ്ട് കെ ശിവശങ്കരന്, സ്വാഗതസംഘം ചെയര്മാന് ഡോ. ലാലപ്പന് കരിപ്പാപറമ്പില്‍, സെക്രട്ടറി ബി വി പ്രമോദ് പങ്കെടുത്തു.
ബാബുരാജ് സംഗീത അക്കാദമിക്ക് ഇനിയും സ്ഥലം ലഭ്യമായില്ല
മഞ്ചേരി പാട്ടരങ്ങിനു കീഴില്‍ പ്രവര്‍ത്തിക്കുന്ന ബാബുരാജ് കള്‍ച്ചറല്‍ ട്രസ്റ്റിന് സംസ്ഥാന സര്‍ക്കാര്‍ അനുവദിച്ച സംഗീത അക്കാദമി സ്ഥാപിക്കുന്നതിന് ഇനിയും സ്ഥലം കണ്ടെത്താനായില്ല. 2016ലെ ബജറ്റില്‍ അക്കാഡമിക്കായി സര്‍ക്കാര്‍ അഞ്ചു ലക്ഷം രൂപ അനുവദിച്ചിരുന്നു. 2017ലെ ബജറ്റില്‍ ഇത് ഒരു കോടി രൂപയാക്കി വര്‍ദ്ധിപ്പിച്ചെങ്കിലും ഇതുവരെ കെട്ടിടം പണിയാനുള്ള സ്ഥലം പോലുമായില്ല. അനുവദിച്ച തുക കെട്ടിടം നിര്‍മ്മിക്കാനുള്ളതാണ്. സ്ഥലം അക്കാഡമി കണ്ടെത്തണം. സ്ഥലത്തിന്റെ പ്ലാനും സ്കെച്ചു സമര്‍പ്പിച്ചെങ്കില്‍ മാത്രമെ കെട്ടിട ഫണ്ട് അനുവദിക്കുകയുള്ളൂ. പലയിടങ്ങളിലും പുറംപോക്ക് ഭൂമിക്കായി ശ്രമിച്ചുവെങ്കിലും ഫലവത്തായില്ല. 30 സെന്റ് സ്ഥലമെങ്കിലും വേണമെന്നാണ് നിഷ്കര്‍ഷ. പ്രസിഡണ്ട് കെ ശിവശങ്കരന് തന്റെ പേരില്‍ എളങ്കൂറിലുള്ള 30 സെന്റ് സ്ഥലം വിട്ടു നല്കാന് സന്നദ്ധത അറിയിച്ചെങ്കിലും മഞ്ചേരിയില്‍ നിന്ന് ഏറെ അകലത്തിലാണെന്നതിനാല് ഉദ്യമം ഉപേക്ഷിക്കുയായിരുന്നു. മഞ്ചേരി നറുകരയില്‍ അനുയോജ്യമായ സ്ഥലം കണ്ടെത്തി. 13 സെന്റ് മാത്രമാണ് വിസ്തീര്‍ണ്ണമെങ്കിലും സമീപ വാസികള്‍ സ്ഥലം വിട്ടു നല്‍കാനും തയ്യാറായിരുന്നു. എന്നാല്‍ പിന്നീട് നടത്തിയ അന്വേഷണത്തില്‍ സ്ഥലം പൊതുമരാമത്ത് വകുപ്പിന്റെ കൈവശമാണെന്ന് കണ്ടെത്തുകയായിരുന്നു. റവന്യൂ വകുപ്പിന് കീഴിലുള്ള സ്ഥലമാണെങ്കില്‍ മാത്രമെ അക്കാഡമിക്ക് ലഭ്യമാവുകയുള്ളൂ. പൊതുനിരത്തില്‍ നിന്നും ഏറെ മാറി സ്ഥിതി ചെയ്യുന്ന ഈ സ്ഥലം എങ്ങിനെ പൊതുമരാമത്ത് വകുപ്പിന് കീഴില്‍ വന്നു എന്നതും ദുരൂഹമാണ്. പിന്നീട് ചെരണിയില്‍ പുറംപോക്ക് ഭൂമി കണ്ടെത്തിയെങ്കിലും ഇതില്‍ സ്വകാര്യ വ്യക്തികള്‍ അവകാശമുന്നയിച്ച് കേസ് നിലവിലുള്ളതായി കണ്ടെത്തി. ഇതോടെ ഈ ശ്രമവും ഉപേക്ഷിച്ചു.
മഞ്ചേരി ജി യു പി സ്കൂള്‍ ചുള്ളക്കാട് നിലവില്‍ രണ്ടു സ്ഥലങ്ങളിലായാണ് പ്രവര്‍ത്തിക്കുന്നത്. ഇത് ഒരു സ്ഥലത്തേക്ക് മാത്രമായി മാറ്റാനുള്ള ശ്രമങ്ങള്‍ നടന്നു വരുന്നുണ്ട്. ഇങ്ങനെ മാറ്റുന്നപക്ഷം മഞ്ചേരി നഗരസഭയുടെ അധീനതയിലുള്ള സ്ഥലം അക്കാഡമിക്ക് ലഭിക്കുമെന്ന് പ്രതീക്ഷ വെച്ച് കാത്തിരിക്കുകയാണ് ഭാരവാഹികള്‍.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




