മലപ്പുറം ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിന് അന്തിമ രൂപരേഖ തയ്യാറായി

മലപ്പുറം ജില്ലാ മുസ്ലിംലീഗ്  സമ്മേളനത്തിന് അന്തിമ  രൂപരേഖ തയ്യാറായി

മലപ്പുറം: ജില്ലാ മുസ്ലിംലീഗ് സമ്മേളനത്തിന് അന്തിമ രൂപമായി. മുസ്ലിം ലീഗിന്റെ 70ാം വാര്‍ഷികത്തിന്റെ ഭാഗമായി ‘അഭിമാനകരമായ അസിത്ഥിത്വം 70 വര്‍ഷങ്ങള്‍’ എന്ന പ്രമേയത്തില്‍ ഒരു വര്‍ഷമായി നടന്നുവന്നിരുന്ന കാമ്പയിന്റെ സമാപനത്തോടനുബന്ധിച്ചാണ് ജില്ലാ സമ്മേളനം. ‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ചു മുന്നേറാം’ എന്നതാണ് സമ്മേളന സന്ദേശം
ഫെബ്രുവരി 20 മുതല്‍ 24വരെയാണ് സമ്മേളനങ്ങള്‍. 19ന് ചൊവ്വാഴ്ച വൈകുന്നേരം പതാക ഉയര്‍ത്തും. മുസ്ലിംലീഗ് തറവാട്ടിലെ പഴയ തലമുറയിലെ കാരണവാന്മാരുടെ സംഗമവും നടക്കും. രാത്രിയില്‍ സാംസ്‌കാരിക സമ്മേളനവും സമീര്‍ ബിന്‍സി നയിക്കുന്ന സൂഫി സംഗീത സന്ധ്യയും നടക്കും. സമ്മേളനത്തിന്റെ മുന്നോടിയായി ഫെബ്രുവരി 16ന് ശനിയാഴ്ച മേല്‍മുറി മച്ചിങ്ങല്‍ എം.എസ്.എം. ഓഡിറ്റോറിയത്തില്‍ കാലത്ത് ദളിത് സമ്മേളനവും, ഉച്ചക്ക് ശേഷം സംവരണ സമ്മേളനവും, പെരിന്തല്‍മണ്ണ വാവാസ് മാളില്‍ ലോയേഴ്സ് കൊളോക്കിയവുമാണ് അനുബന്ധ പരിപാടികള്‍.

ഫെബ്രുവരി 20ന് ബുധനാഴ്ച മുതല്‍ 24ന് ഞായറാഴ്ച വരെ മലപ്പുറം കോട്ടപ്പടി ബൈപ്പാസിലെ വലിയവരമ്പ് പാടത്ത് പ്രത്യേകം സജ്ജമാക്കിയ പന്തലിലും വിവിധ ഓഡിറ്റോറിയങ്ങളിലുമായി വ്യത്യസ്തമായ സമ്മേളനങ്ങള്‍ സമാന്തരമായാണ് നടക്കുക. ഫെബ്രുവരി 16 മുതല്‍ 24 വരെയുള്ള ദിവസങ്ങളിലായി വിവിധങ്ങളായ 25 പരിപാടികളാണ് ആസൂത്രണം ചെയ്തിട്ടുള്ളത്. 14 സമ്മേളനങ്ങള്‍, 3 സെമിനാറുകള്‍, 4 സാംസ്‌കാരിക സാഹിത്യ സദസ്സുകള്‍, 4 കലാപരിപാടികള്‍, വൈറ്റ്ഗാര്‍ഡ് പരേഡ്, പുതിയ ഓഫീസിന്റെ ഉദ്ഘാടനം എന്നിവയാണ് തീരുമാനിച്ചിട്ടുള്ളത്.
സയ്യിദ് സാദിഖലി ശിഹാബ് തങ്ങളുടെ അദ്ധ്യക്ഷതയില്‍ നടന്ന മുസ്ലിംലീഗ് ജില്ലാ കമ്മിറ്റിയാണ് സമ്മേളന പരിപാടികള്‍ക്ക് അന്തിമ രൂപം നല്‍കിയത്. അഡ്വ: യു.എ. ലത്തീഫ്, കെ.എന്‍.എ. ഖാദര്‍, സി. മുഹമ്മദലി, എം. അബ്ദുള്ള കുട്ടി, എം.കെ. ബാവ, പി.എ. റഷീദ്, ഉമ്മര്‍ അറക്കല്‍, ഇസ്മാഈല്‍ മൂത്തേടം, പി.കെ.സി. അബ്ദുറഹിമാന്‍, കെ.എം. ഗഫൂര്‍, നൗഷാദ് മണ്ണിശ്ശേരി പ്രസംഗിച്ചു.

ഫെബ്രുവരി 20ന് ബുധനാഴ്ച കാലത്ത് ഉദ്ഘാടന സമ്മേളനത്തിനു ശേഷം മുഴുദിന പ്രതിനിധി സമ്മേളനം വൈകുന്നേരം സാംസ്‌കാരിക സദസ്സ്, രാത്രി കലാപരിപാടികള്‍ എന്നിവയാണ് നടക്കുക. പ്രത്യേകം സജ്ജമാക്കിയ പന്തലിലാണ് ഈ പരിപാടികള്‍. ഫെബ്രുവരി 21ന് വ്യാഴാഴ്ച കാലത്ത് വിദ്യാര്‍ത്ഥി സമ്മേളനം പന്തലിലും പ്രവാസി ലീഗ് സമ്മേളനം ചാന്ദിനി ഓഡിറ്റോറിയത്തിലും ഉച്ചക്ക് ശേഷം ഉലമാ ഉമറാ സമ്മേളനം പന്തലിലും നടക്കും. രാത്രി സാംസ്‌കാരിക സന്ധ്യയും കലാപരിപാടികളുമുണ്ടാകും. ഫെബ്രുവരി 22ന് വെള്ളിയാഴ്ച ഉച്ചക്ക് ശേഷം റോസ് ലോഞ്ചില്‍ മലപ്പുറം ജില്ലാതല ഗ്ലോബല്‍ കെ.എം.സി.സി. സംഗമവും പന്തലില്‍ ജില്ലയുടെ സുവര്‍ണ്ണ ജൂബിലിയോടനുബന്ധിച്ച് ജില്ലാ വികസന സെമിനാറുമാണ്. രാത്രിയില്‍ പന്തലില്‍ യുവജന സമ്മേളനം നടക്കും. ഫെബ്രുവരി 23ന് ശനിയാഴ്ച കാലത്ത് പന്തലില്‍ വനിതാ സമ്മേളനവും ചാന്ദിനി ഓഡിറ്റോറിയത്തില്‍ കര്‍ഷക സമ്മേളനവുമാണ് നടക്കുന്നത്. ഉച്ചക്കു ശേഷം പന്തലില്‍ തൊഴിലാളി സമ്മേളനവും രാത്രി സാംസ്‌കാരിക സദസ്സും ഇശല്‍ സന്ധ്യയും നടക്കും. ഫെബ്രുവരി 24ന് ഞായറാഴ്ച രാവിലെ ഓഫീസിന്റെ (പാണക്കാട് പൂക്കോയ തങ്ങള്‍ സ്മാരക സൗഥം) ഉദ്ഘാടനവും ഉച്ചക്കു ശേഷം വൈറ്റ്ഗാര്‍ഡ് പരേഡും രാത്രി പൊതുസമ്മേളനവും നടക്കും.

സമ്മേളനത്തോടനുബന്ധിച്ച് ഗ്രീന്‍ സോക്കര്‍ ഫുട്ബാള്‍ മേള, ക്രിക്കറ്റ് ടൂര്‍ണമെന്റ്, വിദ്യാര്‍ത്ഥികള്‍ക്കായി നിറക്കൂട്ട് ചിത്രരചന മത്സരം, ഉപന്യാസ മത്സരം തുടങ്ങിയവയും സംഘടിപ്പിക്കുന്നുണ്ട്. സമ്മേളനത്തിന്റെ മുന്നോടിയായി ‘മതേതര ഇന്ത്യയുടെ വീണ്ടെടുപ്പിന് ഒന്നിച്ചു മുന്നേറാം’ എന്ന സന്ദേശവുമായി ഹൗസ് ക്യാമ്പയിനും പ്രവാസികളെ സംബന്ധിച്ച വിവര ശേഖരണവും നടക്കുകയുണ്ടായി.
ദേശീയസംസ്ഥാന നേതാക്കള്‍, മനുഷ്യാവകാസ പ്രവര്‍ത്തകര്‍, സാഹിത്യകാരന്മാര്‍, ദളിത് പ്രക്ഷോഭ നേതാക്കള്‍, ദേശീയ സര്‍വ്വകലാശാലയില്‍ നിന്നുള്ള വിദ്യാര്‍ത്ഥി നേതാക്കള്‍ തുടങ്ങിയവര്‍ വിവിധ സമ്മേളനങ്ങളില്‍ സംബന്ധിക്കും. സമ്മേളന നഗരയില്‍ ഉയര്‍ത്തുന്നതിനുള്ള പതാക എം.എസ്.എഫ്.അത്ലറ്റുകള്‍, റിലേറണ്‍ ആയി ജില്ലയുടെ രണ്ടു ഭാഗങ്ങളില്‍ നിന്നായി സമ്മേളന നഗരയിലെത്തിക്കും.

Sharing is caring!