മേഴ്സിക്കുട്ടി അമ്മക്കെതിരെ പി.കെ അബ്ദു റബ്ബ് അവകാശ ലംഘന നോട്ടീസ് നല്‍കി

മേഴ്സിക്കുട്ടി അമ്മക്കെതിരെ പി.കെ അബ്ദു റബ്ബ് അവകാശ ലംഘന നോട്ടീസ് നല്‍കി

മലപ്പുറം: ഫിഷറീസ് വകുപ് മന്ത്രി മേഴ്സിക്കുട്ടി അമ്മക്കെതിരെ ചട്ടം 154 പ്രകാരം പി.കെ അബ്ദു റബ്ബ് എം.എല്‍.എ അവകാശ ലംഘന നോട്ടീസ് നല്‍കി.പതിനാലാം കേരള നിയമസഭയുടെ പതിനാലാം സമ്മേളനത്തില്‍ 30-01-2019 നു പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നിര്‍മ്മാണവുമായി ബന്ധപ്പെട്ട സബ്മിഷന് ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി സഭയില്‍ നല്‍കിയ മറുപടി വസ്തുതാ വിരുദ്ധവും, സഭയെ തെറ്റിദ്ധരിപ്പിക്കുന്നതുമായിരിന്നു. ബജറ്റിന്റെ ചര്‍ച്ചയില്‍ പങ്കെടുത്തുകൊണ്ടും മന്ത്രിക്കെതിരെ അബ്ദു റബ്ബ് രൂക്ഷമായി പ്രതികരിച്ചിരിന്നു. യു.ഡി.എഫ് ന്‍റെ കാലത്തെ പരപ്പനങ്ങാടി ഹാര്‍ബര്‍ നിര്‍മ്മാണവുമായി ഇറക്കിയ ഉത്തരവുകളും ബജറ്റില്‍ പണം വകയിരുത്തിയതിന്റെ പേജുകളും കാണിച്ചു കൊണ്ടുള്ള ഈ മറുപടി ഭരണപക്ഷത്തിന് വലിയ അടിയായിരിന്നു.

ഫിഷറീസ് വകുപ്പ് മന്ത്രി ശ്രീമതി.മേഴ്സിക്കുട്ടി അമ്മ പരപ്പനങ്ങാടി ഫിഷിംഗ് ഹാര്‍ബര്‍ നു 50 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ബഹു.അവുക്കാദര്‍ കുട്ടി നഹ തറക്കല്ലിട്ടു എന്നും, പിന്നീട് ഒരു തുടര്‍ നടപടിയും 2004 വരെ ഉണ്ടായില്ല എന്നും, 2004 ല്‍ 216/2004/മ.തു.വ പ്രകാരം UDF സര്‍ക്കാര്‍ ഭരണാനുമതി നല്‍കി എന്നും രണ്ടു പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികള്‍ തമ്മില്‍ ഉള്ള തര്‍ക്കത്തെ തുടര്‍ന്ന് UDF സര്‍ക്കാര്‍ പണം വകയിരുത്തിയില്ല എന്നും, അതിനാലാണ് നിര്‍മ്മാണം ആരംഭിക്കാതിരിന്നത് എന്നും സഭയില്‍ പറയുകയുണ്ടായി. ഇതിനെതിരെ പി.കെ അബ്ദു റബ്ബ് ചട്ടം 154 പ്രകാരമാണ് അവകാശ ലംഘനത്തിന് സ്പീക്കര്‍ക്ക് നോട്ടീസ് നല്‍കിയത്.ഫിഷറീസ് വകുപ്പ് മന്ത്രി സഭയില്‍ പറഞ്ഞത് പോലെ 50 വര്‍ഷങ്ങള്‍ക്കു മുന്‍പ് ബഹു.അവുക്കാദര്‍ കുട്ടി നഹ ഈ പ്രവര്‍ത്തിക്കു തറക്കല്ലിട്ടില്ല എന്ന് മാത്രമല്ല അന്ന് അങ്ങിനെ ഒരു ആവിശ്യമോ പ്രോപോസലോ സര്‍ക്കാരിന്റെ മുന്നില്‍ ഉണ്ടായിരിന്നില്ല.

മാത്രവുമല്ല യു.ഡി.എഫ് സര്‍ക്കാരിന്റെ വിവിധ ബജറ്റ് പ്രസംഗളില്‍ താഴെ പറയും പ്രകാരം പണം വകയിരിത്തിക്കൊണ്ട് പ്രഖ്യാപനങ്ങള്‍ നടത്തിയിട്ടുണ്ട്.

2013 -2014 ലെ ബജറ്റ് പ്രസംഗത്തില്‍ 65 കോടി രൂപ (പേജ് നമ്പര്‍-45)

2014 -2015 ലെ ബജറ്റ് പ്രസംഗത്തില്‍ 1 കോടി രൂപ (പേജ് നമ്പര്‍-26)

2016 -2017 ലെ ബജറ്റ് പ്രസംഗത്തില്‍ 20 കോടി രൂപ (പേജ് നമ്പര്‍-29)

യു.ഡി.എഫ് സര്‍ക്കാരിന്റെ അവസാനകാലത്ത് ബഹു.ധനകാര്യ വകുപ്പ് മന്ത്രി അവതരിപ്പിച്ചസംസ്ഥാന ബജറ്റിന്റെ മറുപടി പ്രസംഗത്തില്‍ 100 കോടി രൂപ വകയിരിത്തിക്കൊണ്ടും പ്രഖ്യാപനം നടത്തിയിട്ടുണ്ട്.

അതുപോലെ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് 03-08-2012 ലെ G.O (Rt) No.693/2012/F&P നമ്പര്‍ ഉത്തരവ് പ്രകാരം ഈ ഹാര്‍ബറിന്റെ സ്ഥാനം നിര്‍ണയിച്ചുകൊണ്ട് ഉത്തരവായിട്ടുണ്ട്.

29-06-2015 ലെ സ.ഉ(സാധാ)നം.496/2015/മതുവ നമ്പര്‍ ഉത്തരവ് പ്രകാരം ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ investigation നടത്തുന്നതിനു 36 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതി ഉത്തരവ് നല്‍കിയിട്ടുണ്ട്.

രണ്ടു പ്രദേശങ്ങളിലെ ജനങ്ങള്‍ തമ്മില്‍ ഹാര്‍ബര്‍ നിര്‍മ്മാണ സ്ഥലം സംബന്ധിച്ച് ഉണ്ടായിരിന്ന തര്‍ക്കം പരിഹരിക്കാന്‍ സ്ഥലം എം.എല്‍.എ യും അന്നത്തെ വിദ്യാഭ്യാസ വകുപ്പ് മന്ത്രിയും ആയിരിന്ന ഞാന്‍ 14-01-2016 ല്‍ No-37/2016/M(Edn) നമ്പര്‍ പ്രകാരം അന്നത്തെ ഫിഷറീസ് വകുപ്പ് മന്ത്രിക്കു നല്‍കിയ കത്തില്‍ പരപ്പനങ്ങാടിയില്‍ പരമ്പതഗതമായി ചാപ്പപ്പടി ഭാഗത്താണ് ബോട്ടുകള്‍ അടുപ്പിക്കാറുള്ളത് എന്നും നിലവിലുള്ള പ്രകാരം ബാര്‍ബര്‍ നിര്‍മ്മാണം നടത്തുന്നത് ഇപ്പോള്‍ ചാപ്പടിയില്‍ ബോട്ട് അടുപ്പിക്കുന്ന മത്സ്യത്തൊഴിലാളികള്‍ക്ക് സ്വീകാര്യമാവുകയില്ല എന്നും അപ്രകാരം ഹാര്‍ബര്‍ നിര്‍മ്മിച്ചാല്‍ ചാപ്പപ്പടി ഭാഗത്ത് കരക്കടുപ്പിച്ചുകൊണ്ടിരിക്കുന്ന വള്ളങ്ങളും,ബോട്ടുകളും ഹാര്‍ബര്‍ ഉപയോഗിക്കാത്ത സാഹചര്യം വരികയും, ഹാര്‍ബര്‍ കൊണ്ട് പ്രയോജനം ഇല്ലാത്ത അവസ്ഥ വരുമെന്നും മുറിത്തോടിനു ഇരുവശത്തുമായി ഹാര്‍ബര്‍ നിര്‍മ്മിക്കുന്നതാണ് ഉചിതമെന്നും, ആയതിനാല്‍ ഹാര്‍ബറിന്റെ സ്ഥാനം പുനര്‍നിര്‍ണ്ണയിക്കണം എന്നും ആവിശ്യപ്പെട്ടു. അതിന്‍റെ അടിസ്ഥാനത്തില്‍ 10-02-2016 ലെ സ.ഉ(സ.ധാ)നം.103/2016/മ.തു.വ ഉത്തരവ് പ്രകാരം ഈ തുറമുഖത്തിന്റെ സ്ഥാനം പുനര്‍നിര്‍ണയിച്ച്കൊണ്ട് ഉത്തരവായിട്ടുണ്ട്. ഇതുപ്രകാരം ഹാര്‍ബര്‍ നിര്‍മ്മാണം നടത്താന്‍ അന്ന് സര്‍ക്കാര്‍ തത്വത്തില്‍ തീരുമാനിക്കുകയും ചെയ്തു.

ഈ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് അന്നത്തെ മുഖ്യമന്ത്രി ഈ പ്രവര്‍ത്തിക്കു നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുകയും ചെയ്തിട്ടുണ്ട്. അന്ന് ഈ പ്രവര്‍ത്തിയുടെ തറക്കല്ലിടല്‍ കര്‍മ്മം റദ്ദ് ചെയ്യണം എന്നാവിശ്യപ്പെട്ടുകൊണ്ട് ചില തല്‍പര കക്ഷികള്‍ ബഹു.കേരള ഹൈക്കോടതിയെ സമീപിച്ചെങ്കിലും ബഹു.കേരള ഹൈക്കോടതി ഇവരുടെ ആവിശ്യം തള്ളിക്കൊണ്ട് ഈ പ്രവര്‍ത്തിയുടെ നിര്‍മ്മാണത്തിന്റെ തറക്കല്ലിടല്‍ കര്‍മ്മം നിര്‍വ്വഹിക്കുന്നതിനു അനുമതി നല്‍കുകയാണുണ്ടായത്.

കഴിഞ്ഞ യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വിവിധ ബജറ്റുകളിലായി 100 കോടി രൂപ, 65 കോടി രൂപ, 20 കോടി രൂപ, 1 കോടി രൂപ എന്നിങ്ങനെ വകയിരുത്തുകയും, ഹാര്‍ബര്‍ നിര്‍മ്മാണത്തിന്റെ പഠനം നടത്തുന്നതിനു 36 ലക്ഷം രൂപ അനുവദിച്ചു കൊണ്ട് ഭരണാനുമതി ഉത്തരവ് നല്‍കുകയും, CWPRS നടത്തിയ മോഡല്‍ പഠനം പ്രകാരം ഹാര്‍ബറിന്റെ സ്ഥാനം നിര്‍ണ്ണയിച്ചു കൊണ്ട് ഉത്തരവ് നല്‍കുകയും ചെയ്തു.

മേല്‍പറഞ്ഞവയെല്ലാം ഒരു ഹാര്‍ബര്‍ നിര്‍മ്മാണ പ്രവര്‍ത്തിയുടെ നിര്‍മ്മാണവുമായി ബന്ധപ്പെട്ട് കൊണ്ടുള്ള വിവിധ ഘട്ടങ്ങളിലെ സര്‍ക്കാരിന്റെ നടപടിക്രമങ്ങളാണ്. മാത്രവുമല്ല സര്‍ക്കാര്‍ എന്നാല്‍ ഒരു തുടര്‍ പ്രവര്‍ത്തനമാണ്. ഒരു സര്‍ക്കാര്‍ ആരംഭിക്കുന്ന പ്രവര്‍ത്തികള്‍ പൂര്‍ത്തീകരിക്കല്‍ തുടര്‍ന്ന് വരുന്ന സര്‍ക്കാറുകളാണ്. ഈ വസ്തുതകളെല്ലാം മറച്ചുവെച്ചുകൊണ്ടാണ്‌ ബഹു.ഫിഷറീസ് വകുപ്പ് മന്ത്രി നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്. ഈ രൂപത്തില്‍ മനപ്പൂര്‍വ്വവും, ദുരുദ്ദേശപരവുമായി.ഫിഷറീസ് വകുപ്പ് മന്ത്രി സഭയെ തെറ്റിദ്ധരിപ്പിച്ചതിലൂടെ സഭാംഗങ്ങളുടെ പ്രതേക അവകാശത്തെ ലംഘിക്കുകയാണ് ചെയ്തിരിക്കുന്നത്. ഈ വസ്തുതാപരമാല്ലാത്ത പരാമര്‍ശങ്ങള്‍ സഭാ രേഖകളില്‍ നിന്നും നീക്കം ചെയ്യണമെന്നും ഫിഷറീസ് വകുപ്പ് മന്ത്രി മേഴ്സിക്കുട്ടി അമ്മക്കെതിരെ നിയമസഭയെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചത്തിനും, സഭാംഗങ്ങളുടെ പ്രതേക അവകാശത്തെ ലംഘിക്കുകയും ചെയ്തതിനെതിരെ നടപടി സ്വീകരിക്കണമെന്നും പി.കെ അബ്ദു റബ്ബ് ആവിശ്യപ്പെട്ടിട്ടുണ്ട്.

Sharing is caring!