മഞ്ചേരിയില്‍ ആര്‍.എസ്.എസുകാരനെ വെട്ടാന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍

മഞ്ചേരിയില്‍  ആര്‍.എസ്.എസുകാരനെ വെട്ടാന്‍ ശ്രമിച്ച   മുഖ്യപ്രതി പിടിയില്‍

മഞ്ചേരി: മഞ്ചേരിയില്‍ ആര്‍.എസ്.എസുകാരനെ വെട്ടാന്‍ ശ്രമിച്ച മുഖ്യപ്രതി പിടിയില്‍. ഇക്കഴിഞ്ഞ ജനുവരി എട്ടിനാണ് സംഭവം. പയ്യനാട് വെച്ച് ആര്‍ എസ് എസ് പ്രവര്‍ത്തകനെ വെട്ടി കൊലപ്പടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യ പ്രതിയെയാണ് മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തത്.
മഞ്ചേരി കിഴക്കേതല പൊടുവണ്ണിക്കല്‍ അബ്ദുള്‍ അസീസ് എന്ന മദീന കുഞ്ഞിമാന്‍ (42)നെയാണ് നിലമ്പൂര്‍ റെയില്‍വെ സ്റ്റേഷന്‍ പരിസരത്ത് വച്ച് മലപ്പുറം ഡിവൈഎസ്പി ജലീല്‍ തോട്ടത്തിലിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. ദിണ്ഡിഗല്‍, മധുര, ചെന്നൈ തുടങ്ങിയ സ്ഥലങ്ങളില്‍ ഒളിവില്‍ താമസിച്ച് വരികയായിരുന്ന പ്രതി പിടിയിലാകുമെന്ന് കണ്ട് ആന്ധ്രയിലേക്ക് രക്ഷപ്പെടാന്‍ ശ്രമികുന്നതിനിടയിലാണ് മഞ്ചേരി പോലീസ് അറസ്റ്റ് ചെയ്തത്.

ഇക്കഴിഞ് ജനുവരി അഞ്ചിന് എസ് ഡി പി ഐ പ്രവര്‍ത്തകനെ മഞ്ചേരി ചെങ്ങണയില്‍ വെച്ച് ഒരു സംഘം വെട്ടിക്കൊലപ്പെടുത്താന്‍ ശ്രമിച്ചിരുന്നു. അക്രമി സംഘത്തില്‍ അര്‍ജ്ജുന്‍ ഉണ്ടായിരുന്നുവെന്നും ഇതിലുള്ള പ്രതികാരമാണ് അക്രമത്തിന് കാരണമെന്നുമാണ് സൂചന.
പയ്യനാട് സംഭവത്തില്‍ ആര്‍ എസ് എസ് പ്രവര്‍ത്തകന്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയില്‍ കഴിഞ്ഞ് വരികയാണ്. ഈ കേസില്‍ നേരത്തെ മൂന്ന് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. പാപ്പിനിപ്പാറ ആലുംകുന്ന് വാലഞ്ചേരി അഷ്‌റഫ് (45), മുള്ളമ്പാറ കള്ളാടിത്തൊടി തറമണ്ണില്‍ മുഹമ്മദ് അസ്‌ലം (36), മുള്ളമ്പാറ നമ്പിക്കുന്നന്‍ ഷിഹാബ് (39) എന്നിവര്‍ റിമാന്റില്‍ കഴിയുകയാണ്.

ഷിഹാബിനും ഇന്നലെ അറസ്റ്റിലായ അബ്ദുല്‍ അസീസിനും കേസില്‍ നേരിട്ട് പങ്കുണ്ട്. ഒളിവില്‍ കഴിഞ്ഞു വരുന്ന പ്രതികളെ സംബന്ധിച്ച് പൊലീസിന് വ്യക്തമായ സൂചന ലഭിച്ചതായാണ് വിവരം. പലയിടങ്ങളും പൊലീസ് നിരീക്ഷണത്തിലാണ്. ഡി വൈ എസ് പിക്കൊപ്പം മഞ്ചേരി സി ഐ എന്‍ ബി ഷൈജു, എ എസ് ഐമാരായ ശ്രീരാമന്‍, സുരേഷ്‌കുമാര്‍, പൊലീസുകാരായ ഉണ്ണികൃഷ്ണന്‍ മാരാത്ത്, രാജേഷ്, പി സഞ്ജീവ്, ദിനേഷ് ഇരുപ്പകണ്ടന്‍, മുഹമ്മദ് സലീം പൂവ്വത്തി എന്നിവരാണ് അന്വേഷണം നടത്തുന്നത്.

Sharing is caring!