മഞ്ചേരിയിലെ ഗതാഗത പരിഷ്‌ക്കാരത്തിനെതിരെ പ്രതിഷേധം

മഞ്ചേരിയിലെ ഗതാഗത  പരിഷ്‌ക്കാരത്തിനെതിരെ പ്രതിഷേധം

മഞ്ചേരി : മഞ്ചേരി നഗരത്തില്‍ ഇന്നലെ മുതല്‍ നടപ്പിലാക്കിയ ഗതാഗത പരിഷ്‌ക്കാരത്തിനെതിരെ ഒരു വിഭാഗം ബസ്സുടമകള്‍ പ്രതിഷേധിച്ചു. ജില്ലകളക്ടര്‍ അമിത് മീണ അധ്യക്ഷനായുള്ള യോഗത്തിലാണ് ഗതാഗത പരിഷ്‌കരണം സംബന്ധിച്ച നാറ്റ്പാക് റിപ്പോര്‍ട്ട് ആര്‍ടിഎ യോഗം അംഗീകരിച്ചത്. നാറ്റ്പാക് സമര്‍പ്പിച്ച മറ്റുനിര്‍ദേശങ്ങള്‍ ഘട്ടംഘട്ടമായി നടപ്പിലാക്കാനാണ് തീരുമാനം. ഇതുപ്രകാരം കോഴിക്കോട് ഭാഗത്തേക്കുളള ബസ്സുകള്‍ കച്ചേരിപ്പടി ബസ് ടെര്‍മിനലില്‍ നിന്ന് പുറപ്പെട്ടു. നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡിലെത്തിയ ശേഷം പഴയ ബസ് സ്റ്റാന്‍ഡ്, മലപ്പുറം റോഡുവഴി കച്ചേരിപ്പടി സ്റ്റാന്‍ഡിലൂടെ പോകണം. മഞ്ചേരിയില്‍ യാത്ര അവസാനിപ്പിക്കുന്ന കോഴിക്കോട് ബസ്സുകള്‍ തുറക്കല്‍ ബൈപ്പാസ് വഴി കച്ചേരിപ്പടി സ്റ്റാന്‍ഡില്‍ പ്രവേശിക്കണം. മലപ്പുറം, പെരിന്തല്‍മണ്ണ ബസ്സുകള്‍ പഴയ ബസ് സ്റ്റാന്‍ഡില്‍ നിന്ന് സര്‍വീസ് ആരംഭിക്കണം. നിലമ്പൂര്‍, അരീക്കോട്, വണ്ടൂര്‍, പാണ്ടിക്കാട്, കരുവാരക്കുണ്ട് ഭാഗങ്ങളിലേക്കുളള ബസ്സുകള്‍ എസ് എച്ച് ബി ടി സ്റ്റാന്‍ഡില്‍ നിന്നാണ് പുറപ്പടേണ്ടത്.
എന്നാല്‍ പതിയ ഗതാഗത പരിഷ്‌ക്കാരം ഏറെ ബാധിച്ചത് ഐ ജി ബി ടി സ്റ്റാന്റില്‍ നിന്നും കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകള്‍ക്കാണ്. വിവിധ ഭാഗങ്ങളില്‍ നിന്ന് നഗരത്തിലെത്തുന്ന യാത്രക്കാര്‍ എസ് എച്ച് ബി ടി സ്റ്റാന്റിലിറങ്ങി കോഴിക്കോട് ഭാഗത്തേക്ക് പോകാന്‍ നിലമ്പൂര്‍, പാണ്ടിക്കാട്, അരീക്കോട് ഭാഗത്തുനിന്ന് കോഴിക്കോട് ഭാഗത്തേക്ക് പോകുന്ന ബസ്സുകളെ മാത്രം ആശ്രയിക്കുന്നു. ഇത് ഐജിബിടിയില്‍ നിന്നും തുടങ്ങുന്ന ബസ്സുകള്‍ക്ക് യാത്രക്കാര്‍ ഇല്ലാത്ത അവസ്ഥയുണ്ടാക്കി. ഇതില്‍ പ്രതിഷേധിച്ച് ഒരു വിഭാഗം സ്വകാര്യ ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിവെച്ചു. ഇതോടെ എസ് എഫ് ഐയുടെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളും തെരുവിലിറങ്ങി. റോഡ് ഉപരോധിച്ച വിദ്യാര്‍ത്ഥികളെ തടയാനെത്തിയ എസ് ഐ ജലീല്‍ കറുത്തേടത്തിന് മര്‍ദ്ദനമേറ്റു. എസ് ഐയെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ഗതാഗത പരിഷ്‌ക്കരണത്തെ തുടര്‍ന്ന് യാത്രക്കാരുടെ കുറവു മൂലം ഡീസല്‍ ചെലവുപോലും കണ്ടെത്താന്‍ കഴിയാതെ ഏതാനു ചില ബസ്സുകള്‍ സര്‍വ്വീസ് നിര്‍ത്തിയെന്നത് ശരിയാണെന്നും എന്നാല്‍ മിന്നല്‍ പണിമുടക്ക് പ്രഖ്യാപിച്ചിട്ടില്ലെന്നും ബസ് ഓപ്പറേറ്റേഴ്‌സ് ഫെഡറേഷന്‍ സംസ്ഥാന ട്രഷറര്‍ ഹംസ ഏരിക്കുന്നന്‍ പറഞ്ഞു. ബുധനാഴ്ച വൈകീട്ട് നാലു മണിക്ക് അസോസിയേഷന്‍ ഓഫീസില്‍ നടക്കുന്ന ബസ്സുടമകളുടെ യോഗത്തില്‍ കോടതിയെ സമീപിക്കുന്നതടക്കമുള്ള തുടര്‍ നടപടികള്‍ സ്വീകരിക്കും.

ഭവന പദ്ധതി അട്ടിമറിക്കല്‍ :
പ്രതിപക്ഷം ഇന്ന് നഗരസഭ ഉപരോധിക്കും

മഞ്ചേരി: സംസ്ഥാനത്തെ തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങള്‍ ഭവന രഹിതര്‍ക്ക് വീട് നല്‍കുമ്പോള്‍ മഞ്ചേരിയില്‍ സര്‍ക്കാര്‍ പദ്ധതി അട്ടിമറിക്കാനാണ് ഭരണസമിതി ശ്രമിക്കുന്നതെന്നാരോപിച്ച് ഇന്ന് പ്രതിപക്ഷ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭാ കവാടം ഉപരോധിക്കും.
പി എം എ വൈ പദ്ധതി പ്രകാരം ഗുണഭോക്താവിന് നാലു ലക്ഷം രൂപ നല്‍കാനാണ് തീരുമാനം. മഞ്ചേരിയില്‍ നാലു ഘട്ടങ്ങളിലായി അപേക്ഷിച്ചവര്‍ക്ക് നാലു ലക്ഷം രൂപ വീതം നല്‍കി. എന്നാല്‍ അഞ്ചാം ഘട്ടം അപേക്ഷ നല്‍കിയവര്‍ക്ക് പ്രതിപക്ഷ വിയോജിപ്പ് മറികടന്ന് മൂന്നു ലക്ഷം രൂപ നല്‍കാനായിരുന്നു തീരുമാനം. ഈ തുക പോലും ലഭിക്കാത്ത സാഹചര്യത്തിലാണ് പ്രക്ഷോഭം ആരംഭിക്കുന്നത്. ഭരണസമിതി പ്ലാന്‍ ഫണ്ടിലോ തനത് ഫണ്ടിലോ തുക മാറ്റിവെക്കാതെ ഭവന രഹിതരില്‍ നിന്നും പ്ലാന്‍ സഹിതമാണ് അപേക്ഷകള്‍ സ്വീകരിച്ചത്. ഈ സാഹചര്യത്തില്‍ അഞ്ചാം ഘട്ടത്തില്‍ അപേക്ഷിച്ച 634 ഭവന രഹിതര്‍ക്കും സാമ്പത്തിക സഹോയം ലഭിക്കില്ലെന്നു കണ്ടാണ് സമരവുമായി മുന്നോട്ടു പോകാന്‍ പ്രതിപക്ഷം തീരുമാനിച്ചത്. ശിഹാബ് തങ്ങള്‍ പത്തു കോടി രൂപ 11.5 ശതമാനം പലിശ നിരക്കിലാണ് മുസ്ലിം ലീഗ് നിയന്ത്രിത ബാങ്കില്‍ നിന്നും ലോണെടുത്തത്. പലിശയിനത്തില്‍ നഗരസഭക്ക് ലക്ഷക്കണക്കിനു രൂപ ഇതിനകം ബാധ്യതായായി. അതേസമയം പലിശയിനത്തില്‍ വരുന്ന മുഴുവന്‍ തുകയും സര്‍ക്കാര്‍ നല്‍കുന്ന ഇഎംഎസ് ഭവന പദ്ധതി അട്ടിമറിക്കുകയായിരുന്നു. ഭവന പദ്ധതിയുടെ പേര് ഇ എംഎസ് എന്നായതാണ് ഭരണ സമിതിയെ ചൊടിപ്പിച്ചതും പദ്ധതി അട്ടിമറിക്കാന്‍ പ്രേരിപ്പിച്ചതെന്നും പ്രതിപക്ഷ നേതാവ് അഡ്വ. കെ ഫിറോസ് ബാബു വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. കൗണ്‍സിര്‍മാരായ കൃഷ്ണദാസ് രാജ, മാഞ്ചേരി ഫസ്‌ല, കെ സി ഉണ്ണികൃഷ്ണന്‍, അലവി മാര്യാട് പങ്കെടുത്തു

Sharing is caring!