അനസിന്റെ വരവ് കാത്ത് സെവന്‍സ് മൈതാനങ്ങള്‍

അനസിന്റെ വരവ് കാത്ത്  സെവന്‍സ് മൈതാനങ്ങള്‍

മലപ്പുറം: അന്താരാഷ്ട്ര ജഴ്‌സിയഴിച്ച അനസ് എടത്തൊടിക വീണ്ടും സെവന്‍സ് ഫുട്ബാളില്‍ സജീവമായേക്കും. സെവന്‍സ് കളിക്കാന്‍ ആഗ്രഹിക്കുന്നയാളാണ് താനെന്ന് ‘മാധ്യമം’ ആഴ്ചപ്പതിപ്പില്‍ കെ.പി.എം റിയാസുമായി നടത്തിയ ദീര്‍ഘസംഭാഷണത്തി ന്റെ രണ്ടാം ലക്കത്തില്‍ അനസ് പറയുന്നുണ്ട്. ഇന്ത്യന്‍ താരമായിരിക്കെ കഴിഞ്ഞ വര്‍ഷം സെവന്‍സ് കളിച്ചതുമായി ബന്ധപ്പെട്ട് ഉയര്‍ന്ന വിവാദങ്ങളോട് പ്രതികരിക്കുകയായിരുന്നു താരം. സാഹചര്യങ്ങളുടെ സമ്മര്‍ദ്ദമായിരുന്നു അന്നിറങ്ങിയതിന് പിന്നിലെന്ന് വിശദീകരിക്കുന്ന അനസ്, സെവന്‍സും അതിമനോഹരമായ ഫുട്ബാളാണെന്ന് വ്യക്തമാക്കുന്നുണ്ട്.


അനസ് എടത്തൊടിക സെവന്‍സ് മൈതാനത്ത് (ഫയല്‍ ചിത്രം)

അനസിന്റെ വാക്കുകള്‍: ‘പ്രഫഷനല്‍ പ്ലയറെന്ന നിലയില്‍ സെവന്‍സ് കളിക്കാന്‍ പാടില്ലായിരിക്കും. പരിക്ക് പറ്റാന്‍ സാധ്യതയുണ്ടെന്നൊക്കെ പറയാറുണ്ട്. പരിക്ക് എവിടെയാണെങ്കിലും പറ്റും. അതിലപ്പുറം സാഹചര്യങ്ങളുടെ സമ്മര്‍ദ്ദത്തിന് ചിലപ്പോള്‍ വഴങ്ങേണ്ടിവന്നേക്കാം. തുറന്നുപറഞ്ഞാല്‍, സെവന്‍സ് കളിക്കാന്‍ ആഗ്രഹമുള്ളയാളാണ് ഞാന്‍. പ്രഫഷനല്‍ താരമെന്ന നിലയില്‍ മാറി നിന്നതാണ്. സെവന്‍സ് കളിച്ചത് പക്ഷെ പണമുണ്ടാക്കാന്‍ വേണ്ടിയല്ല. എത്രയോ ഇരട്ടി പണം പ്രഫഷനല്‍ ഫുട്ബാളില്‍ നിന്ന് കിട്ടുമല്ലോ. പണമുണ്ടാക്കലാണ് ലക്ഷ്യമെങ്കില്‍ വിളിക്കുന്ന എല്ലാ സെവന്‍സ് മത്സരങ്ങള്‍ക്കും ഉദ്ഘാടനച്ചടങ്ങുകള്‍ക്കും ഞാന്‍ പോകുമായിരുന്നു. പക്ഷെ കഴിയുന്നതും ഒഴിഞ്ഞുമാറുകയാണ് പതിവ്.
ചില സമയങ്ങളില്‍ നോ എന്ന വാക്ക് നമുക്ക് ഉച്ചരിക്കാന്‍ കഴിയാറില്ല. ആപത്തില്‍ സഹായിച്ചവര്‍ തിരിച്ചൊരു സഹായം ചോദിച്ചാല്‍ എന്ത് ചെയ്യും. അവര്‍ പറയുന്നത് അനുസ്സരിച്ചല്ലേ നന്ദി കാണിക്കേണ്ടത്. ആളുകള്‍ക്കെന്തും പറയാം. കളിയൊരു മോശം കാര്യമല്ല. വിവാദങ്ങള്‍ക്കപ്പുറത്ത് ഞാന്‍ കളിച്ചത് ഫുട്ബാളാണ്. സെവന്‍സും അതിമനോഹരമായ ഫുട്ബാളാണ്. എല്ലാത്തിലും ഒരു അച്ചടക്കം നിലനിര്‍ത്തും. എന്റെ ജീവിതത്തില്‍ ആത്യന്തികമായി തീരുമാനമെടുക്കേണ്ടത് ഞാന്‍ തന്നെയാണ്.”


അനസി ന്റെ ആത്മഭാഷണം രണ്ടാം ലക്കം

Sharing is caring!