ഇ. അഹമ്മദിന്റെ ഓര്‍മയില്‍ കുഞ്ഞാലിക്കുട്ടി

ഇ. അഹമ്മദിന്റെ  ഓര്‍മയില്‍  കുഞ്ഞാലിക്കുട്ടി

ജനുവരി 31 പതിവു പോലൊരു ദിവസമായിരിക്കും ഏവര്‍ക്കും. പക്ഷേ, ഇന്നലെ പാര്‍ലമെന്റിന്റെ സെന്‍ട്രല്‍ ഹാളില്‍ നയപ്രഖ്യാപന പ്രസംഗത്തിനു കാതോര്‍ത്തിരിക്കുമ്പോള്‍ ശരീരത്തിലേക്ക് ഒരു തണുപ്പ് അരിച്ചിറങ്ങുന്നുണ്ടായിരുന്നു. 2 വര്‍ഷം മുന്‍പ് ഇതുപോലൊരു നയപ്രഖ്യാപന പ്രസംഗവേളയിലാണ് നമുക്ക് ഏവര്‍ക്കും പ്രിയങ്കരനായ ഇ.അഹമ്മദ് സാഹിബ് കുഴഞ്ഞുവീണത്.

അഹമ്മദ് സാഹിബിന്റെ മരണം നാടിനും പാര്‍ട്ടിക്കും ഉണ്ടാക്കിയ നഷ്ടം ഏറെ വലുതാണ്. ഇന്നലെ സഭയിലിരിക്കുമ്പോള്‍ അദ്ദേഹത്തിന്റെ ഓര്‍മകള്‍ എന്നെ വരിഞ്ഞു മുറുക്കുകയായിരുന്നു. അഹമ്മദ് സാഹിബുമായി ഏറെക്കാലത്തെ ബന്ധമായിരുന്നു. പരസ്പരം എല്ലാ കാര്യങ്ങളും ചര്‍ച്ച ചെയ്തായിരുന്നു തീരുമാനമെടുത്തിരുന്നത്.

മുസ്ലിം ലീഗിനെ ദേശീയതലത്തില്‍ വളര്‍ത്തിയതില്‍ ഇ.അഹമ്മദ് സാഹിബിനുള്ള പങ്ക് വലുതാണ്. എല്ലാ ദേശീയ നേതാക്കളുമായും അദ്ദേഹം വളരെ സൗഹൃദത്തിലായിരുന്നു. ആ സൗഹൃദം മറ്റു രാജ്യങ്ങളുടെ ഭരണാധികാരികളിലേക്കും വളര്‍ത്തിയെടുത്തു. കിട്ടിയ വേദികളും അവസരങ്ങളുമെല്ലാം അദ്ദേഹം പ്രവാസികളുടെ ക്ഷേമത്തിനായി വിനിയോഗിച്ചു. അതോടൊപ്പം നാടിന്റെ പൊതുവികസന കാര്യത്തിലും ശ്രദ്ധേയമായ സംഭാവന നല്‍കി.

അദ്ദേഹം മരണപ്പെട്ട വേദിയിലിരിക്കുമ്പോള്‍ ആ മരണത്തിന്റെ ഓര്‍മകള്‍ അഗാധമായ മനഃപ്രയാസമാണ് ഉണ്ടാക്കുന്നത്. അന്ന് ബിജെപി സര്‍ക്കാര്‍ അദ്ദേഹത്തോടു ചെയ്ത ക്രൂരതയും മനസ്സില്‍ വിങ്ങലായി അവശേഷിക്കുന്നു.അദ്ദേഹം ചെയ്ത വികസന പ്രവര്‍ത്തനങ്ങള്‍ ഒരിക്കലും നാടിനു വിസ്മരിക്കാന്‍ കഴിയില്ല.പ്രത്യേകിച്ച് മലപ്പുറം പോലുള്ള സ്ഥലങ്ങളില്‍ പാസ്പോര്‍ട്ട് ഓഫിസുമായി ബന്ധപ്പെട്ട് അദ്ദേഹം നടത്തിയ ഇടപെടലുകള്‍ ആര്‍ക്കും മറക്കാനാകില്ല.

പാണക്കാട് മുഹമ്മദലി ശിഹാബ് തങ്ങളുടെ മരണത്തിനു ശേഷം അഹമ്മദ് സാഹിബിന്റെ മരണമാണ് ഏറെ വിഷമമുണ്ടാക്കിയത്.അഹമ്മദ് സാഹിബ് ഉയര്‍ത്തിപ്പിടിച്ച ആദര്‍ശ രാഷ്ട്രീയം എന്നും പ്രസ്ഥാനത്തിന് ഊര്‍ജം പകര്‍ന്നുകൊണ്ടേയിരിക്കും. പാര്‍ട്ടിയുടെ മുന്നോട്ടുള്ള പ്രയാണത്തിന് ആ ഓര്‍മകള്‍ കരുത്തു പകരും.

Sharing is caring!