മുത്തലാഖ് ആണ് വലിയ വിഷയം എന്ന് പറയുന്നതില്‍ അപകടം മണക്കുന്നതായി വനിതാ ലീഗ്

മുത്തലാഖ് ആണ് വലിയ  വിഷയം എന്ന് പറയുന്നതില്‍  അപകടം മണക്കുന്നതായി വനിതാ ലീഗ്

മലപ്പുറം: ഇന്ത്യയിലെ സ്ത്രീകളെ സംബന്ധിച്ച് ഇനിയും പരിഹാരം കാണേണ്ട നിരവധി പ്രശ്‌നങ്ങള്‍ നിലനില്‍ക്കുന്നുണ്ടെന്നും അത്തരം വിഷയങ്ങളെ ഗൗരവത്തിലെടുക്കാതെ മുത്തലാഖ് ആണ് വലിയ വിഷയം എന്ന് പറയുന്നതില്‍ അപകടം മണക്കുന്നുണ്ടെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു കോഴിക്കോട് പറഞ്ഞു.

ദാരിദ്ര്യം, നിരക്ഷരത, പല വിധത്തിലുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ മുതലായ വിഷയങ്ങള്‍ പരിഗണിക്കാതെ മുത്തലാഖ് ആണ് വലിയ കാര്യം എന്ന് പറയുന്നതില്‍ അപകടമുണ്ട്. അത് സ്ത്രീകള്‍ മനസ്സിലാക്കണമെന്നും പി കുല്‍സു പറഞ്ഞു.

മൊഴി ചൊല്ലപ്പെട്ട ഭാര്യയ്ക്ക് നഷ്ടപരിഹാരവും ജീവനാംശവും നല്‍കേണ്ടത് അവളെ മൊഴി ചൊല്ലിയ ഭര്‍ത്താവാണ്. ഇതിനയാള്‍ ജോലിയെടുക്കേണ്ട ആളായിരിക്കേണ്ടതുണ്ട്. അതിന് പകരം അയാളെ ജയിലിലിട്ടാല്‍ എങ്ങനെയാണ് അയാള്‍ക്ക് മൊഴി ചൊല്ലിയ സ്ത്രീയ്ക്ക് നഷ്ടപരിഹാരം നല്‍കാനാവുകയെന്നും പി കുല്‍സു പറഞ്ഞു.

അതിനാല്‍ മൊഴി ചൊല്ലപ്പട്ട ഭാര്യയ്ക്ക് ചെലവിന് കൊടുക്കുകയാണോ ഭര്‍ത്താവിനെ ജയിലിലിടുകയാണോ വേണ്ടതെന്ന് ആലോചിക്കണമെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കൂട്ടിച്ചേര്‍ത്തു.

Sharing is caring!