ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലിംലീഗിന് നാലോ അഞ്ചോ സീറ്റിന് അര്‍ഹതയുണ്ടെന്ന് വനിതാലീഗ്

ലോക്‌സഭാ തെരഞ്ഞെടുപ്പ്; മുസ്ലിംലീഗിന് നാലോ അഞ്ചോ  സീറ്റിന് അര്‍ഹതയുണ്ടെന്ന് വനിതാലീഗ്

മലപ്പുറം: മുസ്ലിംലീഗിന് നാലോ അഞ്ചോ പാര്‍ലമെന്റ് സീറ്റിന് അര്‍ഹതയുണ്ടെന്ന് അഭിപ്രായപ്പെട്ട് വനിതാലീഗ്. എന്നാല്‍, വനിതാലീഗ് സീറ്റ് ആവശ്യം ഉന്നയിക്കില്ലെന്നും സീറ്റ് ചോദിച്ചു വാങ്ങുന്ന പാരമ്പര്യം തങ്ങള്‍ക്കില്ലെന്നും വനിതാ ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി കുല്‍സു കോഴിക്കോട് പറഞ്ഞു.

വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളില്‍ ആയിരത്തഞ്ഞൂറോളം വനിതാപ്രതിനിധികള്‍ ഉണ്ടെന്ന് അവകാശപ്പെടുമ്പോഴാണ് ഈ വരുന്ന പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ സീറ്റ് ചോദിക്കില്ലെന്ന നിലപാട് വനിത ലീഗ് എടുക്കുന്നത്. അര്‍ഹമായ സമയത്ത് പാര്‍ട്ടി തന്നെ വേണ്ടത് ചെയ്യുമെന്നും പി കുല്‍സു പറഞ്ഞു.

മുസ്ലീം ലീഗിനെപ്പോലെ ശക്തമായ ഒരു പാര്‍ട്ടി ഉചിതമായ ആളുകള്‍ക്ക് മാത്രമാണ് സീറ്റ് നല്‍കാറുള്ളതെന്നും മുത്തലാഖ് ബില്ലിനെ രാജ്യ സഭയില്‍ എതിര്‍ത്ത് തോല്‍പ്പിച്ച ജനാധിപത്യ കക്ഷികളെ അഭിവാദ്യം ചെയ്ത വനിതാലീഗ്, മുത്തലാഖ് വിഷയത്തില്‍ പി കെ കുഞ്ഞാലിക്കുട്ടി എംപിയുടെ നിലപാടിനെ വിമര്‍ശിക്കുന്നതില്‍ അര്‍ത്ഥമില്ലെന്നും അഡ്വക്കറ്റ് പി കുല്‍സു വ്യക്തമാക്കി.

പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് മുന്നോടിയായി വനിതാലീഗും ഒരുങ്ങുന്നു എന്നതിന്റെ സൂചനയാണ് ജനറല്‍ സെക്രട്ടറി പി കുല്‍സു നല്‍കുന്നത്. ഇതിന്റെ ഭാഗമായി മുത്തലാഖ് വിഷയത്തില്‍ സംസ്ഥാന വ്യാപക സിംപോസിയം സംഘടിപ്പിക്കും. ജനപ്രതിനിധി സംഗമം, മേഖല സമ്മേളനങ്ങള്‍, വനിതാദിനാചരണം എന്നീ പരിപാടികളും സംഘടിപ്പിക്കുന്നുണ്ട്.

Sharing is caring!