സ്വര്‍ഗ്ഗവും നരകവും ദുരുപയോഗം ചെയ്യുന്ന പ്രവണത ലീഗ് നിര്‍ത്തിയേ പറ്റൂ

സ്വര്‍ഗ്ഗവും നരകവും ദുരുപയോഗം ചെയ്യുന്ന   പ്രവണത ലീഗ് നിര്‍ത്തിയേ പറ്റൂ

കുറ്റിപ്പുറം: മുസ്‌ലിം ലീഗ് സ്വര്‍ഗവും നരകവും ദുരുപയോഗം ചെയ്യുകയാണെന്ന് മന്ത്രി കെടി ജലീല്‍.  ഫേസ്ബുക്ക് പോസ്റ്റിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്. ‘ സമീപകാലത്തായി ലീഗ്, തെരഞ്ഞെടുപ്പുകള്‍ വരുമ്പോള്‍ രണ്ടു തരം നോട്ടീസുകള്‍ അച്ചടിച്ചു വെക്കുക പതിവാണ്. തോല്‍വി മണത്താല്‍ എല്ലാ വീടുകളിലേക്കും കരുതിവെച്ച നോട്ടീസിനു പുറമെ മുസ്ലിം വീടുകളിലേക്ക് മാത്രമായി തയ്യാറാക്കിയ നോട്ടീസ് രഹസ്യമായി ബന്ധപ്പെട്ടവരുടെ കൈകളിലെത്തിച്ച് ഒന്നുമറിഞ്ഞില്ലെന്ന മട്ടില്‍ പഞ്ചപാവമായി നില്‍ക്കും. ‘ അദ്ദേഹം പറയുന്നു.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം

നരകവും സ്വർഗ്ഗവും ‘സിറാത്ത്’ പാലവുമൊക്കെ എന്റെ ചില മുൻകുറിപ്പുകളിൽ ഇടം പിടിച്ചതിന്റെ പശ്ചാതലം പല സുഹൃത്തുക്കൾക്കും ശരിയാംവിധം മനസ്സിലായിട്ടില്ലെന്ന് തോന്നുന്നു. മതത്തെയും വിശ്വാസത്തെയും തെരഞ്ഞെടുപ്പ് ജയിക്കാൻ ദുരുപയോഗം ചെയ്യുന്ന ഏർപ്പാട് മുസ്ലിം ലീഗ് കുറച്ചു കാലമായി തുടരുന്നത് അവരെ നരീക്ഷിക്കുന്ന എല്ലാവർക്കും ബോദ്ധ്യമാകുന്ന കാര്യമാണ്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് കാലത്ത് ഉമ്മൻചാണ്ടിയുടെ പോലീസ് തന്നെ ഈ രാഷ്ടീയ വഞ്ചന കയ്യോടെ പിടികൂടി. അധികൃതർ കണ്ടുകെട്ടിയ രേഖകളിൽ, ഒരു നോട്ടീസിലെ മതസ്പർദ്ദയുണ്ടാക്കുന്ന വാചകങ്ങളാണ് ലീഗ് MLA കെ.എം. ഷാജിയുടെ നിയമസഭാംഗത്വം രണ്ടു തവണ തുടർച്ചയായി കേരള ഹൈകോടതി റദ്ദാക്കുന്നതിന് ആധാരമാക്കിയത്. സർവ്വ മര്യാദകളും ലംഘിച്ചുകൊണ്ടുള്ളതും വിവിധ മതവിഭാഗങ്ങളെ അകറ്റാൻ ഇടവെച്ചേക്കാവുന്നതുമായ നോട്ടീസിലെ വരികൾ താഴേ പറയുന്നവയാണ്.

“കാരുണ്യവാനായ
അല്ലാഹുവിന്റെ അടുക്കൽ അമുസ്ലിങ്ങൾക്ക് സ്ഥാനമില്ല. അന്ത്യനാളിൽ അവർ സിറാത്തിന്റെ പാലം ഒരിക്കലും കടക്കുകയില്ല. അവർ ചെകുത്താന്റെ കൂടെ അന്തി ഉറങ്ങേണ്ടവരാണ്. അഞ്ചുനേരം നമസ്കരിച്ച് നമുക്കു വേണ്ടി കാവൽ തേടുന്ന ഒരു മുഅമിനായ കെ. മുഹമ്മദ് ഷാജി എന്ന കെ.എം. ഷാജി വിജയിക്കാൻ എല്ലാ മുഅമിനുകളും അല്ലാഹുവിനോട് പ്രാർത്ഥിക്കുക”.

മേൽ പരാമർശങ്ങളെല്ലാം LDF സ്ഥാനാർത്ഥി നികേഷ് കുമാറിനെ ഉദ്ദേശിച്ചും മുസ്ലിമേതര മതസമുദായങ്ങളെ കുറിച്ചുമാണെന്നതിൽ തർക്കമില്ലല്ലോ? ആരൊക്കെയാണ് നരകത്തിലും സ്വർഗ്ഗത്തിലും പ്രവേശിക്കുക എന്നതിനെ സംബന്ധിച്ച് വിവിധ മതവിഭാഗങ്ങൾക്കിടയിൽ വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകാം. അത് പക്ഷെ തെരഞ്ഞെടുപ്പ് ജയിക്കാൻ ഉപയോഗപ്പെടുത്തുന്നതിലെ അപകടം കാണാതിരുന്നു കൂട. സിറാത്ത് പാലം കടക്കാത്തവരും ചെകുത്താന്റെ കൂടെ അന്തിയുറങ്ങുന്നവരും എന്ന് നോട്ടീസിൽ പറഞ്ഞവരുടെ വോട്ടുകൾ, വരുന്ന തെരഞ്ഞെടുപ്പുകളിൽ ലീഗിന് വേണമോ വേണ്ടയോ എന്ന കാര്യം മുസ്ലിംലീഗ് നേതൃത്വം തുറന്നു പ്രഖ്യാപിക്കണമെന്നാണ് ഞാൻ ആവശ്യപ്പെട്ടിരുന്നത്. ലീഗല്ല നോട്ടീസ് ഇറക്കിയത് എന്നാണ് വാദമെങ്കിൽ നോട്ടീസിലെ ഉള്ളടക്കത്തോട് ഒരു ബഹുസ്വര ജനാധിപത്യ പ്രക്രിയയിൽ മതേതര കുപ്പായമിട്ട് ഞെളിഞ്ഞ് നടക്കുന്ന ലീഗെന്ന രാഷ്ട്രീയ പാർട്ടിക്ക് (മതസംഘടനകൾക്കല്ല) എന്താണഭിപ്രായം എന്നും ചോദിച്ചിരുന്നു. അതിനോട് ലീഗ് ഇതുവരെയും പ്രതികരിച്ചിട്ടില്ല. എന്റെ ചോദ്യം മറ്റു പലരോടുമാണെന്ന് ബോധപൂർവ്വം വരുത്തിത്തീർത്ത് അവരെ ചാവേറുകളാക്കി മുന്നിൽ നിർത്തി ഒളിയുദ്ധം നടത്തിക്കാനായിരുന്നു ലീഗ് ശ്രമം. ലോക്സഭാ തെരഞ്ഞെടുപ്പിൽ ഈ ചോദ്യങ്ങൾക്ക് ലീഗ് ഉത്തരം പറഞ്ഞേ മതിയാകൂ. ഒന്നുകിൽ ലീഗ് ഒരു മതപ്പാർട്ടിയാണെന്ന് സ്വയം പ്രഖ്യാപിക്കുക. അതല്ലെങ്കിൽ കാപട്യത്തിന്റെ മതേതര മുഖംമൂടി പറിച്ചുകീറി വലിച്ചെറിയുക. ഒരേ സമയം കള്ളനും പോലീസുമായി വേഷമിടാൻ മുസ്ലിം ലീഗിനെ അനുവദിക്കരുത്.

37% മുസ്ലിം ജനസംഖ്യയുള്ള അഴീക്കോട് മണ്ഡലത്തിൽ ന്യൂനപക്ഷ വോട്ടിന്റെ കേന്ദ്രീകരണം ലക്ഷ്യമിട്ട് നടത്തിയ നീച പ്രവൃത്തിയെ അപലപിക്കുന്നതിന് പകരം എന്റെ മെക്കിട്ട് കയറാനാണ് ലീഗ് സൈബർ ഗീബൽസുകളും ചില CPl (M) വിരുദ്ധ തിമിരം ബാധിച്ച മതപ്രഭാഷണ ശിരോമണികളും മദമിളകി ഇറങ്ങിയിരിക്കുന്നത്.

സമീപകാലത്തായി ലീഗ്, തെരഞ്ഞെടുപ്പുകൾ വരുമ്പോൾ രണ്ടു തരം നോട്ടീസുകൾ അച്ചടിച്ചു വെക്കുക പതിവാണ്. തോൽവി മണത്താൽ എല്ലാ വീടുകളിലേക്കും കരുതിവെച്ച നോട്ടീസിനു പുറമെ മുസ്ലിം വീടുകളിലേക്ക് മാത്രമായി തയ്യാറാക്കിയ നോട്ടീസ് രഹസ്യമായി ബന്ധപ്പെട്ടവരുടെ കൈകളിലെത്തിച്ച് ഒന്നുമറിഞ്ഞില്ലെന്ന മട്ടിൽ പഞ്ചപാവമായി നിൽക്കും. അങ്ങിനെ ഒളിപ്പിച്ച് വിതരണം ചെയ്ത നോട്ടീസുകളുടെ ചില കെട്ടുകളാണ് അധികൃതർ അഴീക്കോട് മണ്ഡലത്തിലെ UDF നേതാക്കളുടെ വീടുകളിൽ നിന്ന് കണ്ടുകെട്ടിയത്. അർത്ഥഗർഭമായ മൗനമാണ് പ്രസ്തുത നോട്ടീസുമായി ബന്ധപ്പെട്ട ചോദ്യങ്ങളോട് ലീഗ് നേതൃത്വവും യൂത്ത് ലീഗിലെ താർക്കിക വിദ്വാൻമാരും പുലർത്തിയത്. കണ്ണടച്ചാൽ ഇരുട്ടാകും എന്ന് കരുതുന്നവർക്ക് ലോക്സഭാ തെരഞ്ഞെടുപ്പിന്റെ മുഖത്ത് വെച്ച്, സിറാത്ത് പാലം കടക്കാത്തവരുടെ വോട്ട് കോണിക്ക് വേണോ വേണ്ടേ എന്ന് തുറന്ന് പറയേണ്ടിവരും. രാഷ്ടീയ ലാഭത്തിന് മതവും വിശ്വാസവും സ്വർഗ്ഗവും നരകവും ദുരുപയോഗം ചെയ്യുന്ന അത്യന്തം അപകടകരമായ പ്രവണത ലീഗ് നിർത്തിയേ പറ്റൂ. അതിനവർ തയ്യാറാകുന്നില്ലെങ്കിൽ മുസ്ലിം സമുദായത്തിലെ വിവേകികൾ ആ ‘ധർമ്മം’ നിർവ്വഹിക്കണം.

Sharing is caring!