ലോകസഭ; ലീഗിന്റെ മൂന്നാംസീറ്റിന് ആവശ്യം ശക്തമാകുന്നു,ഹൈദരലി തങ്ങളുടെ പ്രതികരണം കാത്ത് പ്രവര്‍ത്തകര്‍

ലോകസഭ; ലീഗിന്റെ  മൂന്നാംസീറ്റിന് ആവശ്യം ശക്തമാകുന്നു,ഹൈദരലി തങ്ങളുടെ  പ്രതികരണം കാത്ത്  പ്രവര്‍ത്തകര്‍

മലപ്പുറം: ലോകസഭ തിരഞ്ഞെടുപ്പില്‍ മുസ്ലിം ലീഗിനു മൂന്നാം സീറ്റു വേണമെന്ന ആവശ്യം ശക്തമാവുന്നു. മുസ്ലിം ലീഗ് നേതാക്കളും യൂത്ത്ലീഗ് നേതാക്കളും തന്നെ ഈ ആവശ്യവുമായി രംഗത്തു വന്നിരിക്കുകയാണ്. മുസ്്ലിം ലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ മകനും യൂത്ത്ലീഗ് ദേശീയ വൈസ് പ്രസിഡണ്ടുമായ പാണക്കാട് സയ്യിദ് മുഈനലി ശിഹാബ് തങ്ങള്‍ കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയിലൂടെ ലീഗ് മൂന്നാം സീറ്റ് ചോദിച്ചു വാങ്ങണമെന്ന ആവശ്യം ശക്തമായി മുന്നോട്ടു വച്ചിരുന്നു.

ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തില്‍ തങ്ങള്‍ ഈ ആവശ്യം വീണ്ടും ഉന്നയിച്ചിരിക്കുകയാണ്്. അഞ്ചു വര്‍ഷമായുള്ള അനുഭവം വച്ചു നോക്കിയാല്‍ മുസ്്ലിം ന്യൂനപക്ഷത്തിന് ലോകസഭയില്‍ സീറ്റ് വര്‍ധിപ്പിക്കല്‍ അനിവാര്യമാണ്. ലീഗ് യൂഡിഎഫ് നേതൃത്വവുമായി ബന്ധപ്പെട്ടു സീറ്റു ഒന്നു കൂടി അധികം ആവശ്യപ്പെടുന്നുണ്ട് എന്നു തന്നെയാണ് ഞാന്‍ മനസ്സിലാക്കുന്നതെന്നും തങ്ങള്‍ പറഞ്ഞു. പാര്‍ട്ടിക്കു സീറ്റ് കൂടുതല്‍ ലഭിക്കുമ്പോള്‍ ഉയര്‍ച്ചയും ആവേശവും ഉയരുമെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു.

മുസ്്ലിം ലീഗിനു മുന്നോ നാലോ പാര്‍ലമെന്റ് സീറ്റിനും കൂടുതല്‍ നിയമസഭാ സീറ്റിനും അര്‍ഹതയുണ്ടെന്നു ഇതു ആരും സമ്മതിക്കുമെന്നും അര്‍ഹതയില്ലെന്ന് മുന്നണിയുടെ നേതൃത്വം പോലും പറയില്ലെന്നും കെ.എന്‍.എ ഖാദര്‍ എം.എല്‍.എയും പറഞ്ഞു. യൂത്ത്ലീഗ് സംസ്ഥാന നേതൃത്വവും ഇതേ ആവശ്യവുമായി തന്നെ രംഗത്തു വന്നു. ലീഗിനു മൂന്നു സീറ്റിനേക്കാള്‍ കൂടുതല്‍ അര്‍ഹതയുണ്ടെന്നാണ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ ഫിറോസ് പത്രസമ്മേളനത്തില്‍ പറഞ്ഞത്. ഇരുപതു സീറ്റില്‍ ധാരണയായെന്ന കെ.പി.സി.സി പ്രസിഡണ്ട് മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ തള്ളി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദും രംഗത്തു വന്നു. സീറ്റു നിര്‍ണയത്തെ കുറിച്ചു ഇതുവരെ യു.ഡി.എഫിനകത്തു ചര്‍ച്ച ആംരഭിച്ചിട്ടില്ലെന്നും സാധാരണ യു.ഡി.എഫില്‍ ചര്‍ച്ച നടക്കാറുണ്ടെന്നും മുല്ലപ്പള്ളി രാമചന്ദ്രന്റെ പ്രസ്താവനയെ കുറിച്ചു അറിയില്ലെന്നും മജീദ് പറഞ്ഞു.

എം.എസ്.എഫ് ദേശീയ പ്രസിഡണ്ട് ടി.പി അഷ്റഫലിയും ഇതേ ആവശ്യവുമായി രംഗത്തു വന്നു കഴിഞ്ഞു. മുസ്ലിം ലീഗ് യു.ഡി.എഫിലെ പ്രബല കക്ഷിയാണ്. നിലവിലെ ഇന്ത്യയിലെ ന്യൂനപക്ഷ പിന്നോക്ക വിഭാഗത്തിന്റെ ഉയര്‍ച്ചക്കു വലിയ പോരാട്ടം നടത്തിയ ലീഗിനു ലോകസഭയില്‍ ഒരു സീറ്റു കൂടി അധികം വേണമെന്ന ആവശ്യം പാര്‍ട്ടിക്കു അകത്തും പുറത്തുമുണ്ട്. സാമ്പത്തിക സംവരണം, മുത്തലാഖ് പോലുള്ള വിഷയങ്ങളില്‍ മുഖ്യധാരാ രാഷ്ട്രീയ പാര്‍ട്ടിക്കു വിരുദ്ധമായി വലിയ അമര്‍ഷമാണ് ഉയര്‍ന്നു വന്നത്. ഈ സമയത്ത് മൂന്നാം സീറ്റിന്റെ അനിവാര്യത വര്‍ധിക്കുകയാണെന്നും ലീഗ് ഈ വിഷയം ചര്‍ച്ച ചെയ്യുമെന്നും യു.ഡി.എഫില്‍ ഒരു തീരുമാനം ഉണ്ടാവുമെന്നുമാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നതെന്നും അഷ്റഫലി പറഞ്ഞു. സോഷ്യല്‍ മീഡിയയിലും ലീഗ് അണികള്‍ ശക്തമായ രീതിയില്‍ മൂന്നാം സീറ്റിനു വേണ്ടി മുറവിളി കൂട്ടുന്നുണ്ട്. എന്തായാലും ഇനി മൂന്നാം സീറ്റെന്ന ആവശ്യം ലീഗിനു യു.ഡി.എഫില്‍ ഉന്നയിക്കാതെ നിര്‍വാഹമില്ല. അര്‍ഹമായ ഈ ആവശ്യം കോണ്‍ഗ്രസിനു അത്ര എളുപ്പത്തില്‍ തള്ളാനുമാവില്ല. അണികളുടെ ഈ ആവശ്യത്തോട് പാണക്കാട് ഹൈദരരലി തങ്ങളുടെ അഭിപ്രായം എന്താണെന്നറിയാനുള്ള കാത്തിരിപ്പിലാണ് അണികളും രാഷട്രീയ നിരീക്ഷകരും.

Sharing is caring!