മലപ്പുറത്തെ പുയ്യാപ്ല ആദ്യരാത്രിയിലും സെവന്‍സ് ഫുട്‌ബോള്‍ കളത്തില്‍

മലപ്പുറത്തെ പുയ്യാപ്ല ആദ്യരാത്രിയിലും സെവന്‍സ് ഫുട്‌ബോള്‍ കളത്തില്‍

മലപ്പുറം: കല്യാണപ്പെണ്ണിനോട് ഒരഞ്ചുമിനിറ്റെന്നു പറഞ്ഞ് പുയ്യാപ്ല നേരെ പോയത് സെവന്‍സ് കളത്തിലേക്ക്. ഫിഫ മഞ്ചേരിയുടെ കരുത്തുറ്റ ഡിഫന്‍ഡര്‍ മൈതാനത്ത് എതിരാളികളുടെ മുന്നേറ്റങ്ങള്‍ക്കു തടയിടുമ്പോള്‍ കല്യാണവീട്ടിലെ കാരണവര്‍ റഫറിമാര്‍ ഫൗള്‍ വിസില്‍ മുഴക്കുന്നുണ്ടായിരുന്നു. മത്സരം ജയിച്ച് രാത്രി വീട്ടില്‍ വന്നുകയറിയ പുയ്യാപ്ലയെ നവവധു സ്വീകരിച്ചത് മറ്റൊരു ചോദ്യത്തിലൂടെയാണ്. ‘മത്സരം പകലായിരുന്നെങ്കില്‍ ഇങ്ങള് കല്യാണത്തിനും വരൂല്ലായിരുന്നല്ലേ..’ മലപ്പുറത്തിന്റെ ഫുട്‌ബോള്‍ ഭ്രമത്തിനു പുതിയ ഉദാഹരണമായ യുവാവിന്റെ പേരാണ് റിദ്വാന്‍. വണ്ടൂര്‍ ഐലാശ്ശേരി സ്വദേശി. കല്യാണ ദിവസം രാത്രി സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കളിക്കാനിറങ്ങിയ റിദ്വാന്റെ ഫുട്‌ബോള്‍ പ്രേമത്തിന്റെ കഥ സമൂഹ മാധ്യമങ്ങളില്‍ പാട്ടാണിപ്പോള്‍.

ഞായറാഴ്ചയായിരുന്നു റിദ്വാനും ഒലവക്കോട് സ്വദേശിനി ഫായിദയും തമ്മിലുള്ള വിവാഹം. വണ്ടൂര്‍ അഖിലേന്ത്യാ സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ആലുക്കാസ് തൃശൂരിനെതിരെയുള്ള സെമിഫൈനല്‍ മത്സരം അന്നു രാത്രി നടക്കുന്ന വിവരം റിദ്വാന്‍ അറിയുന്നതു വിവാഹ ദിനം രാവിലെയാണ്. സെമിഫൈനല്‍ മത്സരമാണ്, സ്വന്തം ഗ്രൗണ്ടിലാണ് കളി. കഴിഞ്ഞ ദിവസം നാട്ടിലെ മറ്റൊരു ടൂര്‍ണമെന്റില്‍ ഇതേ ടീമിനോടു തോറ്റതിന്റെ നിരാശയും നീറ്റലായി മനസ്സിലുണ്ട്. എന്തുവില കൊടുത്തും കളിക്കുമെന്നു തീരുമാനിച്ചത് ഈ കാരണങ്ങള്‍കൊണ്ടാണെന്നു റിദ്വാന്‍ പറയുന്നു.

വിവാഹച്ചടങ്ങിനിടയില്‍വച്ചു ഫായിദയോടും കാര്യം പറഞ്ഞു.വൈകിട്ട് ആറോടെ വിവാഹ സല്‍ക്കാരച്ചടങ്ങുകള്‍ പൂര്‍ത്തിയാക്കിയ നവവരന്‍ ബൈക്കെടുത്ത് നേരെ ഗ്രൗണ്ടിലേക്കു വച്ചുപിടിച്ചു. റിദ്വാന്‍ നയിച്ച ഫിഫ മഞ്ചേരിയുടെ പ്രതിരോധനിര മത്സരത്തില്‍ ഗോള്‍ വഴങ്ങിയില്ല. ഏകപക്ഷീയമായ ഒരു ഗോള്‍ വിജയത്തോടെ ടീം ഫൈനലിലെത്തി. ഫുട്‌ബോള്‍ കളിക്കാന്‍ റിദ്വാന്‍ ‘സാഹസം’ കാണിക്കുന്നത് ഇതാദ്യമല്ല. കോയമ്പത്തൂര്‍ നെഹ്‌റു കോളജിലെ എംബിഎ വിദ്യാര്‍ഥിയായ താരം നാട്ടിലെ സെവന്‍സ് മത്സരങ്ങളില്‍ പങ്കെടുക്കാന്‍ കോളജില്‍ നിന്നു ബൈക്കോടിച്ചെത്താറുണ്ട്.വീട്ടുകാരറിയാതിരിക്കാന്‍ കോളജില്‍ നിന്നു നേരിട്ടു ഗ്രൗണ്ടിലേക്കും കളികഴിഞ്ഞ് നേരെ കോളജിലേക്കും പോകുന്നതായിരുന്നു പതിവ്.

Sharing is caring!