ലോകസഭയിലെ മുസ്ലിംലീഗിന്റെ ന്യൂനപക്ഷ ശബ്ദത്തില്‍ മോദി അസ്വസ്ഥനാകുന്നു: കുഞ്ഞാലിക്കുട്ടി

ലോകസഭയിലെ മുസ്ലിംലീഗിന്റെ ന്യൂനപക്ഷ ശബ്ദത്തില്‍ മോദി അസ്വസ്ഥനാകുന്നു: കുഞ്ഞാലിക്കുട്ടി

മലപ്പുറം: സാമ്പത്തിക സംവരണത്തെയും മുത്തലാഖിനെയും എതിര്‍ത്ത് മുസ്ലിംലീഗ് വോട്ട് ചെയ്തത് കേന്ദ്രസര്‍ക്കാറിനെ എത്രത്തോളം അസ്വസ്തമാക്കിയെന്നത് മോദിയുടെ പരാമര്‍ശത്തിലൂടെ മനസ്സിലായെന്ന് മുസ്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി എംപി.
മോദിയുടെ നെഞ്ചിലാണ് ഞങ്ങളുടെ വോട്ട് കൊണ്ടത് എന്ന് കേരളത്തില്‍ വന്ന് ഈ പരാമര്‍ശം നടത്തിയതോടുകൂടി തെളിഞ്ഞിരിക്കുകയാണ്. സാമ്പത്തിക സംവരണം, മുത്തലാഖ് എന്നിവക്ക് എതിരായി ചെയ്ത വോട്ടുകള്‍ ഇന്ത്യയിലെ ന്യൂനപക്ഷ ജനവിഭാഗങ്ങള്‍ക്ക് വേണ്ടിയായിരുന്നു. അവരുടെ വികാരമാണ് ലോക്‌സഭയില്‍ മുസ്ലിംലീഗിലൂടെ പ്രതിഫലിച്ചത്. ഇത് മോദിക്ക് കൊണ്ടു. മൂന്ന് വോട്ടില്‍ ഒന്ന് അസദുദ്ദീന്‍ ഉവൈസിയുടേതാണ്. പക്ഷേ അതു പോലും അദ്ദേഹത്തിനു മനസ്സിലാക്കാനായില്ല.
ന്യൂനപക്ഷ വിഷയങ്ങള്‍ എടുത്തുകളിക്കുകയാണ് ബിജെപി. മതങ്ങളെ വിഭജിച്ച് രാഷ്ര്ടീയ മുതലെടുപ്പാണ് ബിജെപിയുടെ ലക്ഷ്യം. ഞങ്ങള്‍ ചെയ്ത വോട്ട് ഇന്ത്യയിലെ പ്രബല ന്യൂനപക്ഷങ്ങളുടെ വികാരം പ്രകടിപ്പിക്കാന്‍ ഉപകരിച്ചു എന്ന് മോദി തന്നെ സമ്മതിക്കുയാണ്. മത ന്യൂനപക്ഷങ്ങള്‍ക്ക് നേരെയുള്ള പ്രധാനമന്ത്രിയുടെയും ബിജെപി സര്‍ക്കാറിന്റെയും പ്രവര്‍ത്തനങ്ങളെ പാര്‍ലമെന്റിന് അകത്തും പുറത്തും ഇനിയും ശക്തമായി നേരിടുക തന്നെ ചെയ്യും. ഇത്തരം വിഷയങ്ങള്‍ ഭരണ തലത്തില്‍ കൊണ്ടുവരികയും അത് മൈതാനത്തിറങ്ങി പ്രസംഗിക്കുകയും ചെയ്യുന്നത് അദ്ദേഹത്തിന്റെ ഒരു രീതിയാണ്. പാര്‍ലമെന്റില്‍ പൗരത്വ ബില്ല് അവതരിപ്പിക്കുന്ന സമയത്ത് പ്രധാനമന്ത്രി ആസാമില്‍ പോയി ന്യൂനപക്ഷങ്ങള്‍ക്കെതിരെ സംസാരിച്ചുകൊണ്ടിരിക്കുകയായിരുന്നു. അവരെല്ലാം ബംഗാളില്‍ നിന്ന് വന്നവരാണെന്നുള്ള വെല്ലുവിളിയാണ് മോദി അവിടെ നടത്തിയത്. ന്യൂനപക്ഷ വിരുദ്ധ വികാരം ഭൂരിപക്ഷ വിഭാഗത്തിന്റെ മനസ്സിലുണ്ടാക്കി ലാഭം കൊയ്യാന്‍ വേണ്ടി മാത്രമാണ് ബിജെപി ഇങ്ങനെ പറഞ്ഞുകൊണ്ടിരിക്കുന്നത്. ഇതിന്റെ ഭാഗമാണ് ഞങ്ങളെ എതിര്‍ത്തുകൊണ്ടിരിക്കുന്നത്. അദ്ദേഹത്തിന് ജനപിന്തുണ നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇന്ത്യ കണ്ട ഏറ്റവും മോശപ്പെട്ട ഭരണമാണ് നരേന്ദ്രമോദി ഇവിടെ നടത്തികൊണ്ടിരിക്കുന്നത്. നോട്ട് നിരോധനവും ജി.എസ്.ടിയും അടക്കം ജനങ്ങളെ പാപ്പരാക്കി. രാഹുല്‍ ഗാന്ധിക്ക് ജനം നല്‍കുന്ന സ്‌നേഹവും ബഹുമാനവും ആദരവും പ്രത്യാശ നല്‍കുന്നതാണ്. കഴിഞ്ഞ ദിവസങ്ങളില്‍ ദുബായിലെത്തിയ രാഹുല്‍ സൃഷ്ടിച്ച തരംഗം ഏവരും കണ്ടതാണ്. മൂന്ന് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിലും മോദി വിരുദ്ധ വികാരം ആളികത്തി. തുടര്‍ച്ചയായ തോല്‍വികള്‍. യഥാര്‍ത്ഥത്തില്‍ ബിജെപിക്ക് സ്വാധീനം നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ന്യൂനപക്ഷ വിരുദ്ധ പരാമര്‍ശങ്ങള്‍കൊണ്ടൊന്നും ബിജെപി ഇനി രക്ഷപ്പെടാന്‍ പോകുന്നില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

Sharing is caring!