മലപ്പുറത്തെ അപമാനിച്ച വിവാദ പ്രസ്താവനക്കെതിരെ ജയരാജന്‍, മലപ്പുറത്ത് കടലില്ല, അവരോട് മാപ്പ് പറയില്ല

മലപ്പുറത്തെ അപമാനിച്ച വിവാദ പ്രസ്താവനക്കെതിരെ ജയരാജന്‍, മലപ്പുറത്ത് കടലില്ല, അവരോട് മാപ്പ് പറയില്ല

ആലപ്പാട് സമരം നടത്തുന്നത് മലപ്പുറത്തു നിന്നുള്ളവരാണെന്ന വിവാദ പ്രസ്താവനയ്ക്ക് വിശദീകരണവുമായി വ്യവസായ മന്ത്രി ഇപി ജയരാജന്‍. മലപ്പുറത്ത് കടലില്ലെന്നും കടലില്ലാത്ത മലപ്പുറത്തുനിന്നുള്ളവര്‍ എന്തിനാണ് കരിമണല്‍ ഖനനത്തിനെതിരെ സമരം ചെയ്യുന്നതെന്നുമാണ് അദ്ദേഹം ചോദിച്ചത്.

മലപ്പുറത്ത് കടലുണ്ടല്ലോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോള്‍ മലപ്പുറം ജില്ലയിലാണ് കടലുള്ളതെന്നും മലപ്പുറത്ത് കടലില്ലെന്നും ജയരാജന്‍ ഉരുണ്ട് കളിക്കുകയും ചെയ്തു. കടലുള്ളത് തിരൂരും താനൂരുമാണെന്നായിരുന്നു ജയരാജന്റെ വാദം. കരിമണല്‍ ഖനനം സംബന്ധിച്ച വിവാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്നും ജയരാജന്‍ പറഞ്ഞു. എത്രയോ കാലമായി ആലപ്പാട് കരിമണല്‍ സംഭരിക്കുകയും സംസ്‌കരിക്കുകയും ചെയ്യുന്നുണ്ട്. 16 കിലോമീറ്റര്‍ കടല്‍ ഭിത്തിയുണ്ട്.

ബാക്കിയുള്ള ഭാഗത്താണ് ഖനനം നടക്കുന്നത്. സമരം നടത്തുന്നത് എന്തിനാണെന്ന് ആര്‍ക്കുമറിയില്ല. ഇക്കാര്യത്തില്‍ എല്‍ഡിഎഫില്‍ ഭിന്നതയില്ലെന്നും ജയരാജന്‍ പറഞ്ഞു. കടല്‍ ഇല്ലാത്ത മലപ്പുറത്ത് നിന്നും എന്തിനാണ് ആളുകള്‍ സമരത്തിനെത്തുന്നത്. കുഞ്ഞാലിക്കുട്ടിയുടെ കാലത്ത് കരിമണല്‍ സംസ്‌കരണം നിര്‍ത്തിയിട്ടില്ലെന്നും ജയരാജന്‍ പറഞ്ഞു.

നേരത്തെ സമരം ചെയ്യുന്നത് മലപ്പുറത്തുകാരാണെന്ന ജയരാജന്റെ പ്രസ്താവന പ്രതിഷേധാര്‍ഹമാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടിയിരുന്നു. സമരം ചെയ്യുന്നത് നാട്ടുകാരാണ്. സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കാനാണ് മലപ്പുറത്തുനിന്നുള്ളവര്‍ എത്തിയത്. മന്ത്രി പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു. കരിമണല്‍ ഖനനം നടക്കുന്ന ആലപ്പാട് സന്ദര്‍ശിച്ച ചെന്നിത്തല സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു.

ആലപ്പാടുകാര്‍ സമരത്തിനില്ല. മലപ്പുറത്തുകാരാണ് സമരം ചെയ്യുന്നതെന്ന് പറഞ്ഞത് ഒരു പ്രയോഗം മാത്രമാണ്. ഇതിന്റെ പേരില്‍ മാപ്പുപറയില്ലെന്നും ഇ.പി ജയരാജന്‍ പറഞ്ഞു

Sharing is caring!