റാഫേല്‍ ഇടപാടിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി മറുപടി പറയണം: കുഞ്ഞാലിക്കുട്ടി

റാഫേല്‍ ഇടപാടിനെ കുറിച്ചുയര്‍ന്ന ആരോപണങ്ങളില്‍ പ്രധാനമന്ത്രി  മറുപടി പറയണം: കുഞ്ഞാലിക്കുട്ടി

ന്യൂഡല്‍ഹി: റാഫേല്‍ ഇടപാടിനെ കുറിച്ച് നിരവധി ചോദ്യങ്ങളുയര്‍ന്നിട്ടും പ്രധാനമന്ത്രി മറുപടി പറയാന്‍ തയ്യാറാവാത്തതെന്തന്ന് പികെ കുഞ്ഞാലികുട്ടി എംപി. റാഫേല്‍ ഇടപാടിനെ കുറിച്ച് ലോക്‌സഭയില്‍ നടന്ന ചര്‍ച്ചയില്‍ ഇടപെട്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. റാഫേല്‍ ഇടപാടിനെ കുറിച്ച് സംസാരിച്ച ഓരോ അംഗവും നിരവധി ചോദ്യങ്ങളാണ് ഉയര്‍ത്തിയിരിക്കുന്നത്. പ്രധാനമന്ത്രിയിലേക്ക് നീളുന്ന ചോദ്യങ്ങളാണവ. ഒന്നരമണിക്കൂര്‍ നീണ്ട തന്റെ അഭിമുഖത്തില്‍ മുത്തലാഖടക്കമുള്ള നിരവധി വിഷയങ്ങളില്‍ അഭിപ്രായം പറഞ്ഞ പ്രധാനമന്ത്രി എന്തുകൊണ്ടാണ് റാഫേലില്‍ ഒരക്ഷരം മിണ്ടാത്തതെന്നും കുഞ്ഞാലികുട്ടി ചോദിച്ചു.

ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനും ഇന്ത്യന്‍ പൊതുമേഖലാ സ്ഥാപനമായ എച്ച്എഎല്ലുമായി ഏകദേശം ധാരണയിലെത്തിയ കരാറിനെ ഇല്ലാതാക്കിയാണ് പ്രധാനമന്ത്രിയുടെ കൂടെ ഫ്രാന്‍സിലേക്ക് റാഫേല്‍ ഇടപാട് ഒപ്പിടാനുള്ള യാത്രയില്‍ ഒപ്പം കൂടിയ സ്വകാര്യ വ്യക്തിയുടെ കമ്പനിക്ക് ഗുണം ലഭിക്കുന്ന രീതിയില്‍ ഇടപാട് നടത്തിയിരിക്കുന്നത്. സംയുക്ത പദ്ധതിക്കായുള്ള മൂലധനമോ, ഭൂമിയോ, മുന്‍ പരിചയമോ ഒന്നുമില്ലാത്ത വെറും അഞ്ച ് ദിവസങ്ങള്‍ക്ക് മുന്‍പ് മാത്രം രൂപീകരിക്കപ്പെട്ട റിലയന്‍സിന്റെ കീഴിലുള്ള കമ്പനിക്ക് ഇടപാട് ലഭിച്ചതില്‍ നിരവധി സംശയങ്ങളാണുയര്‍ന്നിട്ടുള്ളത്. പോര്‍വിമാനങ്ങള്‍ നിര്‍മ്മിക്കുന്നതില്‍ കഴിവും മുന്‍പരിചയവുമുള്ള പൊതുമേഖലാ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍സിനെ പദ്ധതിയില്‍ നിന്ന് ഒഴിവാക്കിയത് സ്വകാര്യ കമ്പനിയെ സഹായിക്കാനാണന്നും കുഞ്ഞാലികുട്ടി പറഞ്ഞു. ജോയിന്റ് പാര്‍ലമെന്റ് കമ്മറ്റിയുടെ അന്വേഷണം കൊണ്ട് മാത്രമെ ഇടപാടിലെ കള്ളത്തരങ്ങള്‍ പുറത്ത് കൊണ്ട് വരാന്‍ കഴിയുകയുള്ളൂ. അതിനാല്‍ സര്‍ക്കാര്‍ അതിന് തയ്യാറാവണമെന്നാണ് മുസ്ലീം ലീഗ് പാര്‍ട്ടിയുടെ നിലപാടന്നും കുഞ്ഞാലികുട്ടി ലോക്‌സഭയില്‍ പറഞ്ഞു.

Sharing is caring!