മലപ്പുറം ജില്ലയില്‍ വനിതാ മതിലില്‍, രണ്ടുലക്ഷം പേര്‍ പങ്കെടുത്തെന്ന്

മലപ്പുറം ജില്ലയില്‍ വനിതാ മതിലില്‍, രണ്ടുലക്ഷം പേര്‍ പങ്കെടുത്തെന്ന്

മലപ്പുറം: കേരളത്തിന്റെ നവോത്ഥാന ചരിത്രത്തില്‍ ഇടം പിടിച്ച വനിതാ മതിലില്‍ മലപ്പുറം ജില്ലയില്‍ അണി നിരന്നത് രണ്ട് ലക്ഷം പേര്‍. 1.80 ലക്ഷം വനിതകള്‍ പങ്കെടുക്കുമെന്നായിരുന്നു കണക്ക് കൂട്ടിയിരുന്നതെങ്കിലും രണ്ട് ലക്ഷത്തിലധികം പേര്‍ മതിലില്‍ അണി നിരന്നു. ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ സി.പി.എം. സംസ്ഥാന സമിതി അംഗം പി.കെ. സൈനബ ആദ്യ കണ്ണിയായി ചേര്‍ന്നു. വനിതാ മതിലിനൊപ്പം ജില്ലയുടെ 10 കേന്ദ്രങ്ങളില്‍ പ്രത്യേക സമ്മേളനവും നടത്തിയിരുന്നു. വൈകീട്ട് മൂന്ന് മണിയോടെ തന്നെ വനിതാ സംഘടനാ പ്രവര്‍ത്തകര്‍ റോഡരികില്‍ സ്ഥാനം പിടിച്ചിരുന്നു.
ജില്ലയിലെ വിവിധ വനിതാ സംഘടനകളുടെ നേതൃത്വത്തില്‍ കക്ഷി രാഷ്ട്രീയ മത, സമുദായ വ്യത്യാസമില്ലാതെ സ്ത്രീകള്‍ മതിലിന്റെ ഭാഗമായി. ഡോ.കെ.ടി.ജലീല്‍ കുടുംബ സമേതമാണ് പങ്കെടുത്തത്. മന്ത്രിയുടെ ഭാര്യ ഫാത്തിമക്കുട്ടി മലപ്പുറം നഗരത്തില്‍ മതിലില്‍ അണിചേര്‍ന്നു. ഐക്കരപ്പടി, പുളിക്കല്‍, കൊണ്ടോട്ടി, മൊറയൂര്‍, മലപ്പുറം, കൂട്ടിലങ്ങാടി, രാമപുരം, അങ്ങാടിപ്പുറം, പെരിന്തല്‍മണ്ണ, പുലമന്തോള്‍ എന്നിവിടങ്ങളില്‍ സമ്മേളനങ്ങളും നടന്നു. മതിലിന് പിന്തുണയുമായി പുരുഷന്‍മാരും പല സ്ഥലങ്ങളിലും അഭിവാദ്യം നേര്‍ന്നു. ഐക്കരപ്പടി മുതല്‍ പെരിന്തല്‍മണ്ണ വരെയുള്ള 55 കിലോമീറ്റര്‍ ദൂരത്തിലാണ് ജില്ലയിലുള്ളവര്‍ അണി നിരന്നത്. കേരളത്തെ പിന്നോട്ട് നയിക്കാന്‍ സമ്മിതിക്കില്ലെന്ന നിശ്ചയദാര്‍ഡ്യം പ്രകടിപ്പിച്ചാണ് എല്ലാവരും മതിലില്‍ അണിനിരന്നത്.
വനിതാ മതിലില്‍ 20000 പേരാണ് പെരിന്തല്‍മണ്ണയില്‍ അണി നിരന്നത്. തിരുമാന്ധാം കുന്ന് ക്ഷേത്ര പരിസരത്തു നിന്നു തുടങ്ങി സിഗ്‌നല്‍ വരെ പെരിന്തല്‍മണ്ണ നിയോജക മണ്ഡലത്തിലെയും സിഗ്‌നല്‍ മുതല്‍ പുലാമന്തോള്‍ പാലം വരെ പാലക്കാട് ജില്ലയുടെ മണ്ണാര്‍ക്കാട് മണ്ഡലം , ചെര്‍പ്പുളശേരി, തൃത്താല മണ്ഡലം, ശ്രീകൃഷ്ണ പുരം , പുലാമന്തോള്‍ പഞ്ചായത്ത്, ഏലം കുളം പഞ്ചായത്ത് എന്നിവിടങ്ങളില്‍ നിന്നുള്ളവരും അണി നിരന്നു. മങ്കട , മഞ്ചേരി അസംബ്ലി മണ്ഡലങ്ങളിലുള്ളവര്‍ റെയില്‍വേ മേല്‍പ്പാലത്തിനപ്പുറവും അണി നിരന്നു. സ്പീക്കര്‍ ശ്രീരാമ കൃഷ്ണന്റെ ഭാര്യ ദിവ്യ, അമ്മ സീതാ ലക്ഷ്മി, മുന്‍ മന്ത്രി പാലോളി മുഹമ്മദ് കുട്ടിയുടെ ഭാര്യ കെ ഖദീജ, മകള്‍ നഫീസ, മരുമകള്‍ സുഹറ, പി.പി വാസുദേവന്റെ ഭാര്യ ഓമന, ബിന്ദു തങ്കം കല്യാണി എന്നിവരുടെ സാന്നിധ്യം ശ്രദ്ധേയമായി. ഷോളയൂര്‍ ജി ടി എച്ച് എസ് എസിലെ അദ്ധ്യാപിക ഷാനിത നവോത്ഥാന സംരക്ഷണ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു.
വൈകീട്ട് 4.30ന് കോടതിപ്പടിയില്‍ നടന്ന പൊതുയോഗത്തില്‍ മുന്‍ എം എല്‍ എ ഗിരിജാ സുരേന്ദ്രന്‍ മുഖ്യ പ്രഭാഷണം നടത്തി. കെ.ടി പ്രേമലത അധ്യക്ഷത വഹിച്ചു. നഗരസഭാ വൈസ് ചെയര്‍പേഴ്‌സണ്‍ നിഷി അനില്‍ രാജ്, മുന്‍ എം എല്‍ എ ശശികുമാര്‍, പി.പി വാസുദേവന്‍, പ്രൊഫ. എം എം നാരായണന്‍ എന്നിവരും സംബന്ധിച്ചു. അങ്ങാടിപ്പുറത്ത് നടന്ന പൊതുയോഗത്തില്‍ മഹിളാ സംഘം ജില്ലാ കമ്മിറ്റി അംഗം കെ.ടി കൗലത്ത് അധ്യക്ഷത വഹിച്ചു. ജനാധിപത്യ മഹിളാ അസോസിയേഷന്‍ ജില്ലാ പ്രസിഡന്റ് സുചിത്ര, സി പി ഐ എം സംസ്ഥാന കമ്മിറ്റി അംഗം നന്ദകുമാര്‍, ഗ്രാമപഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍ പേഴ്‌സണ്‍ എന്നിവര്‍ പ്രസംഗിച്ചു.
പുലാമന്തോളില്‍ നടന്ന പൊതുയോഗത്തില്‍ ടി പി വനജ അധ്യക്ഷത വഹിച്ചു. ആലങ്കോട് ലീലാ കൃ ഷണന്‍, മുന്‍ എം എല്‍ എ എം. ചന്ദ്രന്‍ , മുന്‍ ഡെപ്യൂട്ടി സ്പീക്കര്‍ ജോസ് ബേബി, രാമ കൃ ഷണന്‍, ഹംസ പാലൂര്‍, സി. ദിവാകരന്‍, എച്ച് സരോജിനി, കെ. നിമ്മി എന്നിവര്‍ പ്രസംഗിച്ചു.
ജില്ലാ അതിര്‍ത്തിയായ ഐക്കരപ്പടിയില്‍ നടന്ന പൊതുയോഗത്തില്‍ പി.കെ.സൈനബ, പള്ളിക്കല്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പി.മിഥുന, വാഴയൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് വിമല പാറക്കണ്ടത്തില്‍, ജയശ്രീ ടീച്ചര്‍, പി.ചന്ദ്രിക, സുനില്‍ മാസ്റ്റര്‍ എന്നിവര്‍ സംസാരിച്ചു.
കൊണ്ടോട്ടിയില്‍ നടന്ന പൊതുയോഗത്തില്‍ പി.ഗീത അധ്യക്ഷത വഹിച്ചു. പി.കെ. മൈമൂന, വി.ടി. സോഫിയ, എന്‍.പ്രമോദ് ദാസ്, സുമ ശേഖര്‍, അഡ്വ.കെ.കെ.മുഹമ്മദ്, അഡ്വ.കെ.കെ.സമദ്, പി.എ.മജീദ്, വീരാന്‍ കുട്ടി, വി.പി.സൗ ബിയ എന്നിവര്‍ സംസാരിച്ചു.

Sharing is caring!