മുത്തലാഖില്‍ പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് ശക്തമായ നിലപാടെടുത്തു: ഇ.ടി

മുത്തലാഖില്‍ പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് ശക്തമായ നിലപാടെടുത്തു: ഇ.ടി

തിരൂര്‍: മുത്തലാഖ് വിഷയത്തില്‍ മുസ്‌ലിം ലീഗിനെതിരെ നടക്കുന്നത് ബോധപൂര്‍വ്വമായ പ്രചാരണമാണെന്ന് മുസ്ലിംലീഗ് ദേശീയ ഓഗനൈസിംഗ് സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍ എം.പി. ഈ വിഷയത്തില്‍ മുസ്ലിം ലീഗിന്റെ നിലപാട് ശക്തമായി പാര്‍ലിമെന്റില്‍ ചര്‍ച്ചയില്‍ പങ്കെടുത്ത് പറഞ്ഞിട്ടുണ്ട്. എതിരായി വോട്ട് രേഖപ്പെടുത്തുകയും ചെയ്തു. വസ്തുതകള്‍ ഇതായിരിക്കെ പാര്‍ട്ടിക്കെതിരെ മറിച്ചുള്ള പ്രചാരണങ്ങളില്‍ കഴമ്പില്ല. മുത്തലാഖ് അടക്കം ന്യൂനപക്ഷങ്ങള്‍ക്കെതിരായ വിഷയങ്ങളെ ഗൗരവമായിട്ടാണ് മുസ്‌ലിം ലീഗ് സമീപിക്കുന്നതെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ തിരൂരില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ബില്ലിനെ എതിര്‍ക്കുന്നവരുടെ ആദ്യ ആലോചന സഭ ബഹിഷ്‌കരിക്കുക എന്നതായിരുന്നു. എന്നാല്‍ പിന്നീട് പല അഭിപ്രായങ്ങള്‍ ഉയര്‍ന്നു വന്നു. ചിലര്‍ ബഹിഷ്‌കരിക്കാന്‍ തീരുമാനിച്ചു. ചിലര്‍ എതിര്‍ത്ത് വോട്ട് ചെയ്യുകയാണ് വേണ്ടതെന്ന് ് തീരുമാനിച്ചു. ഇത്തരം സാഹചര്യങ്ങളില്‍ സഭയിലെ സാഹചര്യങ്ങള്‍ക്ക് അനുസരിച്ച് നിലപാടെടുക്കേണ്ടി വരും.
മുത്തലാഖ് വിഷയത്തില്‍ ബിജെപി കുപ്രചരണം നടത്തുകയാണ്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ കഷ്ടപ്പെടുന്നത് മുത്തലാഖ് കൊണ്ടാണെന്ന് അസത്യ പ്രചാരണം നടത്തുന്നു. ഇല്ലാത്ത കാര്യങ്ങള്‍ പര്‍വ്വതീകരിക്കുകയാണ്. കഴിഞ്ഞ ദിവസം പുറത്തു വന്ന തോംസണ്‍ റോയിട്ടേഴ്‌സ് റിപ്പോര്‍ട്ടില്‍ ലോകത്ത് സ്തീകള്‍ ഏറ്റവും കൂടുതല്‍ പീഡിപ്പിക്കപ്പെടുന്ന രാജ്യമായി ഇന്ത്യ മാറിയിരിക്കുന്നു. ബലാല്‍സംഗം, തട്ടിക്കൊട്ടുപോകല്‍, സുരക്ഷിതമില്ലായ്മ ഇവയിലെല്ലാം ലോകത്ത് മുന്നില്‍ നില്‍ക്കുന്ന രാജ്യമായി ഇന്ത്യ മാറിയതായി പഠന റിപ്പോര്‍ട്ട് പറയുന്നു. ഇതെപ്പറ്റിയൊന്നും നോക്കാതെ ഇല്ലാത്ത പ്രശ്‌നങ്ങള്‍ തെരഞ്ഞെടുപ്പ് ആയുധമാക്കി മാറ്റുകയാണ് ബിജെപി. അഞ്ചു സംസ്ഥാനങ്ങളിലെ ജനവിധി നല്‍കുന്ന പാഠം ബിജെപി ഉള്‍ക്കൊണ്ടിട്ടില്ല. 2019ലെ തെരഞ്ഞെടുപ്പില്‍ വര്‍ഗീയ രാഷ്ര്ടീയത്തിന് രാജ്യത്തെ ജനങ്ങള്‍ ശക്തമായ തിരിച്ചടി നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.

Sharing is caring!