സര്‍ക്കാര്‍ കെട്ടുന്നത് വിഭജനത്തിന്റെ മതില്‍: പി.സുരേന്ദ്രന്‍

സര്‍ക്കാര്‍ കെട്ടുന്നത്  വിഭജനത്തിന്റെ മതില്‍:  പി.സുരേന്ദ്രന്‍

തിരൂരങ്ങാടി: നവോത്ഥാനത്തിന്റെ പേരില്‍ സര്‍ക്കാര്‍ കെട്ടുന്നത് വിഭജനത്തിന്റെ മതിലെന്ന് എഴുത്തുകാരനും സാഹിത്യകാരനുമായ പി.സുരേന്ദ്രന്‍. നന്നമ്പ്ര പഞ്ചായത്ത് മുസ്ലിംലീഗ് കമ്മറ്റിയും ഗ്രെയ്സ് എജുക്കേഷണല്‍ അസോസിയേഷനും സംയുക്തമായി സംഘടിപ്പിക്കുന്ന അറിവരങ്ങ് വായനാമത്സര ഉദ്ഘാടനചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. മതിലുകള്‍ക്ക് യാതൊരു പ്രസക്തിയുമില്ലാത്ത കാലത്താണ് സര്‍ക്കാര്‍ മനുഷ്യര്‍ക്കിടയില്‍ മതില്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുന്നത്. മതില്‍ എന്നാല്‍ തന്നെ വിഭജനത്തിന്റെ പ്രതീകമാണ്.എന്ത് ഉദ്ദേശ്യത്തോടുകൂടി ചെയ്യുന്നതാണെങ്കിലും ശരി വനിതാ മതില്‍ എന്ന വാക്കുതന്നെ പിഴച്ചുപോയി. നവോത്ഥാനം ഘോഷിക്കാന്‍ മാത്രമാണെങ്കില്‍ എന്തിനാണ് സ്ത്രീ പുരുഷന്‍ വിവേചനം. വെള്ളാപ്പള്ളിക്കെതിരെ പിണറായി വിജയന്റെ മുന്‍കാല പ്രസ്താവനകള്‍ കേരളം മറന്നിട്ടില്ല.
കേരളത്തില്‍ ജാതിക്കുശുമ്പ് ഏറ്റവുംകൂടുതല്‍ ഉല്‍പാദിപ്പിച്ചിട്ടുള്ള വ്യക്തിയാണ് വെള്ളാപ്പള്ളി. അദ്ദേഹം എങ്ങനെയാണ് ഒരു നവോത്ഥാനത്തിന്റെ പ്രതിനിധിയാകുന്നത്. വിഭജനത്തിന്റെ മതില്‍ നയിക്കാന്‍ ഏറ്റവും യോഗ്യന്‍ വെള്ളാപ്പള്ളി തന്നെയാണെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയിലെ ഇതര സമുദായങ്ങളുടെ വിശ്വാസം ആര്‍ജ്ജിക്കാന്‍ കഴിഞ്ഞ ഏക പാര്‍ട്ടിയാണ് മുസ്ലിംലീഗ്. ലീഗിന് തകര്‍ച്ച സംഭവിച്ചാല്‍ അതിന് രാജ്യം കനത്ത വിലതന്നെ നല്‍കേണ്ടിവരും. ഭരണാധികാരികള്‍ പോലും നിയമം അനുസരിക്കാതിരിക്കലാണ് രാജ്യത്തെ ദാരുണമായ ദുരന്തമെന്നും അദ്ദേഹം പറഞ്ഞു. കൊടിഞ്ഞി എം.എ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ നടന്ന ചടങ്ങ് പി.കെ അബ്ദുറബ്ബ് എം.എല്‍.എ ഉദ്ഘാടനം ചെയ്തു. എം.സി കുഞ്ഞുട്ടി അധ്യക്ഷനായി. അഡ്വ. പി.എം.എ സലാം ബ്രോഷര്‍ പ്രകാശനം ചയ്തു. പി.എ റഷീദ്, പഞ്ചായത്ത് പ്രസിഡന്റ് മുസ്തഫ പനയത്തില്‍, പച്ചായി ബാവ, കെ. കുഞ്ഞിമരക്കാര്‍, പത്തൂര്‍ കുഞ്ഞോന്‍ഹാജി, മദാരി അബ്ദുറഹ്മാന്‍കുട്ടി ഹാജി, എം.പി മുഹമ്മദ്ഹസന്‍, ഉര്‍പ്പായി സൈതലവി, ടിയില്‍ പീച്ചു, സി.ബാപ്പുട്ടി, പി.ചന്ദ്രന്‍, സലിം പൂഴിക്കല്‍,റഹിം മാസ്റ്റര്‍, യു.എ റസാഖ്, ശരീഫ മലയംപള്ളി, ആസ്യ തേറാമ്പില്‍, ഫവാസ് പനയത്തില്‍, ഉര്‍പ്പായി മുസ്തഫ സംസാരിച്ചു. കുണ്ടൂര്‍ മര്‍കസിലെ കായിക താരങ്ങളെ ചടങ്ങില്‍ ആദരിച്ചു.

Sharing is caring!