മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച രണ്ടു യുവാക്കള്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍

മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച രണ്ടു യുവാക്കള്‍ ഓട്ടോറിക്ഷയില്‍ മരിച്ച നിലയില്‍

മഞ്ചേരി: മയക്കുമരുന്ന് അമിതമായി ഉപയോഗിച്ച രണ്ടു യുവാക്കള്‍ മഞ്ചേരിയിലെ റോഡരികില്‍ നിര്‍ത്തിയിട്ട ഓട്ടോറിക്ഷയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. മഞ്ചേരി തുറക്കല്‍ വട്ടപ്പാറ പൂളക്കുന്നന്‍ ഷൗക്കത്തലിയുടെ മകന്‍ റിയാസ് ബാബു (41), ഈരാറ്റുപേട്ട തെക്കെകര കല്ലുപുരക്കല്‍ അബ്ദുസ്സലാമിന്റെ മകന്‍ റിയാസ് (34) എന്നിവരാണ് മരിച്ചത്. മഞ്ചേരി ചെരണി എളങ്കൂര്‍ റോഡിലെ വര്‍ക് ഷോപ്പിനു സമീപം നിര്‍ത്തിയിട്ട റിയാസിന്റെ ഉടമസ്ഥതയിലുള്ള ആപെ ഓട്ടോയില്‍  രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. നാട്ടുകാര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് മഞ്ചേരി പൊലീസ് സ്ഥലത്തെത്തുകയായിരുന്നു. റിയാസ് ബാബുവിന്റെ മൃതദേഹം ഓട്ടോയുടെ ഡ്രൈവിംഗ് സീറ്റില്‍ പുറംതിരിഞ്ഞ് ഇരിക്കുന്ന രീതിയിലും റിയാസിന്റെ മൃതദേഹം ബാക്‌സീറ്റില്‍ കമിഴ്ന്ന് കിടക്കുന്ന നിലയുമായിരുന്നു. മഞ്ചേരി സി ഐ എന്‍ബി ഷൈജു റിയാസിന്റെ മൃതദേഹവും എസ് ഐ അബ്ദുല്‍ ജലീല്‍ കറുത്തേടത്ത് റിയാസ് ബാബുവിന്റെ മൃതദേഹവും ഇന്‍ക്വസ്റ്റ് നടത്തി. മയക്കുമരുന്നിന്റെ അമിതോപയോഗമാണ് മരണകാരണമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. റിയാസ് ബാബുവിന്റെ അടിവസ്്രതത്തില്‍ നിന്ന് ടിഷ്യൂ പേപ്പറില്‍ പൊതിഞ്ഞ നിലയില്‍ പൊലീസ് കണ്ടെത്തിയ വസ്തു ഹാഷിഷ് എന്ന മയക്കുമരുന്നാണെന്നാണ് നിഗമനം. മാത്രമല്ല ഹാഷിഷ് ചൂടാക്കി ഉപയോഗിക്കുന്നതിനുള്ള ട്രേകള്‍, സ്പൂണ്, സിഗാര്‍ ലൈറ്റര്‍, ചെറുനാരങ്ങ, സിറിഞ്ച്, നീഡില്‍ എന്നിവയും ഓട്ടോറിക്ഷയില്‍ നിന്ന് കണ്ടെടുത്തിട്ടുണ്ട്. മലപ്പുറത്തു നിന്നും സയന്റിഫിക് ഓഫീസര്‍ ദിനേശ് വലിയാട്ടില്‍, വിരലടയാള വിദഗ്ധന്‍ കെ സതീഷ് ബാബു എന്നിവര്‍ സ്ഥലത്തെത്തി പരിശോധിച്ചു. മരണപ്പെട്ട ഇരുവരുടെയും പേരില്‍ മഞ്ചേരി, കാളികാവ് പൊലീസിലും എക്‌സൈസിലും കഞ്ചാവു കേസുകള്‍ നിലവിലുണ്ട്.
ഇരുവരുടെയും മൃതദേഹങ്ങള്‍ മഞ്ചേരി ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജില്‍ പോസ്റ്റുമോര്‍ട്ടം. ജില്ലാ പൊലീസ് മേധാവിയുടെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം പോസ്റ്റ്‌മോര്‍ട്ടം വീഡീയോയില്‍ പകര്‍ത്തി. റിയാസ് ബാബുവിന്റെ മൃതദേഹം ബന്ധുക്കള്‍ ഏറ്റുവാങ്ങി വട്ടപ്പാറ ജുമാമസ്ജിദില്‍ ഖബറടക്കി. റിയാസിന്റെ മൃതദേഹം സ്വദേശമായ ഈരാറ്റുപേട്ടയിലേക്ക് കൊണ്ടുപോയി. ഇന്ന് ഉച്ചയോടെ മൃതദേഹം തെക്കെകര മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ ഖബറടക്കും. സ്വകാര്യ ബസ് കണ്ടക്ടറായ റിയാസ് ബാബുവിന്റെ മാതാവ്: ഖദീജ, ഭാര്യ: ഷബ്‌ന, മക്കള്‍ : റിദാന്‍, റെന, റിഫാന. സഹോദരങ്ങള്‍: അഫ്‌സല്‍, അസ്‌കര്‍, അസ്‌ലം, ജസീല, ഫസീല, സജീല. ഓട്ടോ ഡ്രൈവറായ റിയാസിന്റെ മാതാവ്: സഫിയ, ഭാര്യ: സജ്‌ന, മക്കള്‍: ഫാത്തിമ, ഫസ്‌ന, ഫായിസ്. സഹോദരങ്ങള്‍: അഫ്‌സല്‍, റീന, ഷറീന.

Sharing is caring!