എയര്‍ഇന്ത്യ കരിപ്പൂരില്‍ ഇറക്കുന്നത് 450പേര്‍ക്കു സഞ്ചരിക്കാവുന്ന രാജ്യത്തെ വലിയ വിമാനം,’ഇ’ ശ്രേണിയിലെ ബോയിങ്

എയര്‍ഇന്ത്യ കരിപ്പൂരില്‍ ഇറക്കുന്നത് 450പേര്‍ക്കു സഞ്ചരിക്കാവുന്ന രാജ്യത്തെ  വലിയ വിമാനം,’ഇ’ ശ്രേണിയിലെ ബോയിങ്

കരിപ്പൂര്‍: കരിപ്പൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍നിന്നു വലിയ വിമാന സര്‍വീസിനു മുന്നോടിയായി സുരക്ഷാ വിലയിരുത്തല്‍ നടപടികള്‍ക്കായി എയര്‍ ഇന്ത്യാ സംഘം ഇന്നു രാവിലെ കരിപ്പൂരിലെത്തും.450 പേര്‍ക്കു സഞ്ചരിക്കാവുന്ന രാജ്യത്തെ വലിയ വിമാനമായ ‘ഇ’ ശ്രേണിയിലെ ബോയിങ് 747400 വിമാനമാണു സര്‍വീസിനായി എയര്‍ഇന്ത്യ എത്തിക്കുന്നത്. അതിനു പ്രത്യേകം സാധ്യതാപഠനവും സുരക്ഷാ വിലയിരുത്തലും ആവശ്യമാണെന്നു ഡിജിസിഎ നിര്‍ദേശിച്ചിരുന്നു.

അതേത്തുടര്‍ന്നാണ് എയര്‍ ഇന്ത്യാ നോഡല്‍ ഓഫിസര്‍ പി.ബാലചന്ദ്രമേനോന്റെ നേതൃത്വത്തില്‍ എയര്‍ ഇന്ത്യാ വിദഗ്ധരായ ക്യാപ്റ്റന്‍ എസ്.എസ്.രന്ദാവ, ഡി.ശ്യാം സുന്ദര്‍ റാവു, ദീപക് ശര്‍മ, അരവിന്ദകൃഷ്ണ, ശുവാങ്കര്‍ എന്നിവര്‍ ഉള്‍പ്പെട്ട സംഘം ഇന്നെത്തുന്നത്. വിമാനത്താവള വ്യോമയാന ഗതാഗത നിയന്ത്രണ വിഭാഗം തലവന്‍ കെ.മുഹമ്മദ് ഷാഹിദിന്റെ നേതൃത്വത്തില്‍ ചര്‍ച്ചയും സുരക്ഷാ വിലയിരുത്തലും പരിശോധനകളും നടക്കും.

വലിയ വിമാന സര്‍വീസ് സാധ്യതകള്‍ വിലയിരുത്തി തയാറാക്കിയ റിപ്പോര്‍ട്ട്, ഗതാഗത നിയന്ത്രണ വിഭാഗം ജോയിന്റ് ജനറല്‍ മാനേജര്‍ ഒ.വി.മാക്‌സിസ് അവതരിപ്പിക്കും. എയര്‍ ഇന്ത്യാ പ്രതിനിധികള്‍ക്കു പുറമെ, വിമാനത്താവളത്തിലെ ബന്ധപ്പെട്ട വകുപ്പുമേധാവികള്‍ നിലവില്‍ സര്‍വീസ് നടത്തുന്ന സൗദി എയര്‍ലൈന്‍സ് ഉള്‍പ്പെടെയുള്ള 11 വിമാനക്കമ്പനികളുടെ എയര്‍പോര്‍ട്ട് മാനേജര്‍മാര്‍, ഗ്രൗണ്ട് ഹാന്‍ഡ്ലിങ് സപ്പോര്‍ട്ട് മാനേജര്‍മാര്‍ തുടങ്ങിയവരും പങ്കെടുക്കും

Sharing is caring!