സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരേ കൊണ്ടോട്ടി നഗരസഭ പ്രമേയം പാസാക്കി

സംസ്ഥാന സര്‍ക്കാരിന്റെ  വനിതാ മതിലിനെതിരേ  കൊണ്ടോട്ടി നഗരസഭ  പ്രമേയം പാസാക്കി

കൊണ്ടോട്ടി: സംസ്ഥാന സര്‍ക്കാരിന്റെ വനിതാ മതിലിനെതിരേ കൊണ്ടോട്ടി നഗരസഭ പ്രമേയം പാസാക്കി. ഇന്നലെ ചേര്‍ന്ന നഗരസഭാ കൗണ്‍സില്‍ യോഗത്തിലാണ് പ്രതിപക്ഷ വിയോജിപ്പിനും പ്രതിഷേധത്തിനുമിടെ യു.ഡി.എഫ് ഭരണസമിതി പ്രമേയം പാസാക്കിയത്. ആരോഗ്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ മുഹമ്മദ് ഷാ മാസ്റ്ററാണ് പ്രമേയം അവതരിപ്പിച്ചത്. സി. മുഹമ്മദ് റാഫി അനുവാദകനായി. എന്നാല്‍, പ്രമേയത്തിനു നേരത്തെ അനുമതി വാങ്ങിയിട്ടില്ലെന്നു ചൂണ്ടിക്കാട്ടി പ്രതിപക്ഷ അംഗങ്ങളായ അഡ്വ. കെ.കെ സമദ്, പി. അബ്ദുര്‍റഹിമാന്‍ എന്ന ഇണ്ണി തുടങ്ങിയവര്‍ രംഗത്തുവന്നു. ഇതോടെ ഭരണപക്ഷ-പ്രതിപക്ഷ വാക്കേറ്റമായി. ഏറെ നേരത്തെ വാക്കേറ്റത്തിനു ശേഷം പ്രതിപക്ഷത്തിന്റെ വിയോജിപ്പോടെയാണ് പ്രമേയം പാസാക്കിയത്. വനിതാ മതിലിന് അനുകൂലമായി പ്രതിപക്ഷം മുദ്രാവാക്യം മുഴക്കിയതോടെ ഭരണപക്ഷം വര്‍ഗീയ മതിലെന്നു പറഞ്ഞും രംഗത്തെത്തി. കൗണ്‍സില്‍ യോഗം അവസാനിക്കുന്നതിനു തൊട്ടുമുന്‍പായിരുന്നു പ്രമേയം അവതരിപ്പിച്ചത്. ഇതോടെ പ്രകടനവുമായി പുറത്തിങ്ങിയ പ്രതിപക്ഷ അംഗങ്ങള്‍ നഗരസഭയുടെ വരാന്തയില്‍ കുത്തിരുന്നും പ്രതീകാത്മക മതില്‍ തീര്‍ത്തും പ്രതിഷേധിച്ചു. ഇതിനു പിറകെ യു.ഡി.എഫ് അംഗങ്ങള്‍ വനിതാ മതിലിനെതിരേ മുദ്രാവാക്യം മുഴക്കി ഹാളില്‍നിന്നു പുറത്തിറങ്ങി. ഇതോടെ വരാന്തയിലും മുറ്റത്തുമായി നേര്‍ക്കുനേര്‍ പോര്‍വിളികള്‍ നടത്തിയാണ് ഇരു വിഭാഗവും പിരിഞ്ഞുപോയത്.
രാവിലെ 10.30ന് ആരംഭിച്ച കൗണ്‍സില്‍ യോഗത്തില്‍ 47 അജന്‍ഡകളാണുണ്ടായിരുന്നത്. ഇതില്‍ ചീക്കോട് കുടിവെള്ള പദ്ധതിയാണ് പ്രധാന ചര്‍ച്ചയായത്. വിമാനത്താവളത്തിലേക്കു കുടിവെള്ളമെത്തിക്കുമ്പോള്‍ തദ്ദേശീയരെ പരിഗണിക്കാമെന്നു നേരത്തെ വാട്ടര്‍ അതോറിറ്റി നല്‍കിയ ഉറപ്പ് പാലിക്കാത്തതിനെ അംഗങ്ങള്‍ ചോദ്യം ചെയ്തു. പിന്നീട് ടി.വി ഇബ്രാഹീം എം.എല്‍.എയുടെ നേതൃത്വത്തില്‍ എയര്‍പോര്‍ട്ട് അതോറിറ്റി, വാട്ടര്‍ അതോറിറ്റി തുടങ്ങിയവരെ ഉള്‍പ്പെടുത്തി യോഗം ചേര്‍ന്നു പുതിയ പാക്കേജ് രൂപീകരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. സ്ഥലം മാറ്റമായ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ അബ്ദുല്‍ സലാമിന് യാത്രയപ്പും നല്‍കി.
നഗരസഭ ചെയര്‍പേഴ്സണ്‍ കെ.സി ഷീബ അധ്യക്ഷയായി. യു.കെ മമ്മദീഷ, ചുക്കാന്‍ ബിച്ചു,അഡ്വ. കെ.കെ സമദ്, പി. അബ്ദുര്‍റഹിമാന്‍, സി. മുഹമ്മദ് റാഫി, ഇ.എം റഷീദ്, വി. അബ്ദുല്‍ ഹക്കീം സംസാരിച്ചു

വനിതാ മതിലില്‍ കോണ്‍ഗ്രസ് ലീഗിനൊപ്പം നിന്നു;
വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് രാജിവച്ചു

എടവണ്ണപ്പാറ: സി.പി.എം-കോണ്‍ഗ്രസ് വികസന മുന്നണി ഭരിക്കുന്ന വാഴക്കാട് പഞ്ചായത്ത് പ്രസിഡന്റ് എം. ഹാജറുമ്മ ടീച്ചര്‍ രാജിവച്ചു. വനിതാ മതില്‍ വിഷയവുമായി ബന്ധപ്പെട്ട് പ്രതിപക്ഷ പാര്‍ട്ടിയായ മുസ്ലിം ലീഗിലെ എം.സി നാസര്‍ അവതരിപ്പിച്ച പ്രമേയത്തെ ഭരണകക്ഷിയിലെ കോണ്‍ഗ്രസ് പിന്തുണച്ചതാണ് കാരണം. ചൊവ്വാഴ്ച ഉച്ചയ്ക്കു നടന്ന ബോര്‍ഡ് യോഗത്തിലാണ് അജന്‍ഡയിലില്ലാത്ത പ്രമേയം അവതരിപ്പിക്കാന്‍ പ്രതിപക്ഷം അനുമതിയാവശ്യപ്പെട്ടത്. ഭരണകക്ഷിയിലെ നാലു കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിപക്ഷ പ്രമേയത്തില്‍ ചര്‍ച്ചയെ പിന്താങ്ങുകയും ചെയ്തു. അജന്‍ഡയിലില്ലാത്ത കാര്യം ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നു പ്രസിഡന്റ് പറഞ്ഞു.കോണ്‍ഗ്രസ് അംഗങ്ങള്‍ പ്രതിപക്ഷത്തോടൊപ്പം നിന്നതോടെ ബോര്‍ഡ് യോഗത്തില്‍നിന്ന് പ്രസിഡന്റ് ഇറങ്ങിപ്പോകുകയായിരുന്നു. തുടര്‍ന്നു സി.പി.എം അംഗങ്ങളും ഇറങ്ങിപ്പോയി. വൈസ് പ്രസിഡന്റ് ജൈസല്‍ എളമരത്തിന്റെ അധ്യക്ഷതയില്‍ യോഗം തുടര്‍ന്നു. യോഗശേഷം മീറ്റിങ് ഹാളില്‍നിന്നിറങ്ങി കോണ്‍ഗ്രസും മുസ്ലിം ലീഗും ഒന്നിച്ച് പഞ്ചായത്ത് ഓഫിസിനു മുന്‍പില്‍ കുത്തിയിരുന്നു പ്രതിഷേധിക്കുകയും ചെയ്തു. തുടര്‍ന്നാണ് മുന്നണിയിലെ വിശ്വാസം നഷ്ടപ്പെട്ടെന്നു വ്യക്തമാക്കി പ്രസിഡന്റ് രാജിവച്ചത്. പഞ്ചായത്ത് സെക്രട്ടറി ജിനചന്ദ്രനു പ്രസിഡന്റ് രാജിക്കത്ത് നല്‍കി. വനിതാ മതില്‍ വിഷയവുമായി ബന്ധപ്പെട്ടു സി.പി.എമ്മിന്റെ കൂടെ നില്‍ക്കുന്നുവെന്ന ആരോപണമുണ്ടാകുമെന്നും അതിനാല്‍ ചര്‍ച്ച ചെയ്യണമെന്നാണ് ഞങ്ങള്‍ ആവശ്യപ്പെട്ടതെന്നും വൈസ് പ്രസിഡന്റ് ജൈസല്‍ എളമരം പറഞ്ഞു.

Sharing is caring!